സുമിയിൽ കുടുങ്ങിയ 694 ഇന്ത്യൻ വിദ്യാർഥികൾ പോൾട്ടാവ വഴി അതിർത്തിയിലേക്ക്
text_fieldsകിയവ്: യുക്രെയ്നിൽ റഷ്യ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ തുടർന്ന് മാനുഷിക ഇടനാഴി തുറന്ന സാഹചര്യത്തിൽ സുമിയിൽ കുടുങ്ങിയ 694 ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിച്ചുതുടങ്ങി. മലയാളികളടക്കമുള്ള വിദ്യാർഥികളെ പോൾട്ടാവ വഴിയാണ് പടിഞ്ഞാറൻ അതിർത്തിയിലെത്തിക്കുന്നത്.
'ഇന്നലെ ഞാൻ കൺട്രോൾ റൂമുമായി ബന്ധപ്പെട്ടിരുന്നു. 694 ഇന്ത്യൻ വിദ്യാർഥികൾ സുമിയിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് ലഭിച്ച വിവരം. അവരെ എല്ലാം ഇപ്പോൾ ബസുകളിൽ പോൾട്ടാവയിലേക്ക് നീക്കിയിട്ടുണ്ട്' -കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. യുക്രെയ്നിന്റെ കൂടി സഹകരണത്തോടെയാണ് ഒഴിപ്പിക്കൽ നടക്കുന്നത്. വിദേശ വിദ്യാര്‍ഥികള്‍ അടക്കമുള്ള സാധാരണ ജനങ്ങളെ ഒഴിപ്പിക്കുന്നതിനാണ് സുമി മുതല്‍ പോൾട്ടാവ വരെ മാനുഷിക ഇടനാഴി അനുവദിക്കുന്നതിന് റഷ്യയും യുക്രെയ്നും തമ്മിൽ ധാരണയായത്. വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തില്‍ റഷ്യ ഉറച്ചുനില്‍ക്കണമെന്നും മനുഷ്യ ജീവന്‍ അപകടത്തിലാക്കുന്ന നടപടികളില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയം അഭ്യർഥിച്ചിട്ടുണ്ട്.
സുമിയിൽ ഇന്നുമാത്രം റഷ്യൻ വ്യോമാക്രമണത്തിൽ രണ്ട് കുട്ടികളടക്കം ഒമ്പതുപേർ കൊല്ലപ്പെട്ടിരുന്നു. ശക്തമായ ആക്രമണം തുടരുന്ന സുമിയിൽ നാളുകളായി ഒഴിപ്പിക്കൽ കാത്തുകഴിയുകയായിരുന്നു ഇന്ത്യൻ വിദ്യാർഥികൾ. കഠിന തണുപ്പും ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ദൗർലഭ്യവും മൂലം സ്വന്തം റിസ്കിൽ അതിർത്തിയിലേക്ക് നീങ്ങുകയാണെന്ന് വിദ്യാർഥികൾ വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞിരുന്നു. ഇത്തരം അപകടകരമായ തീരുമാനങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ഇന്ത്യൻ സർക്കാർ വിദ്യാർഥികളോട് നിർദേശിച്ചിരുന്നു.
പിന്നീട് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സംഭാഷണങ്ങൾക്കൊടുവിലാണ് സുമിയിലെ ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിക്കാൻ ധാരണയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.