യു.എസ് തെരഞ്ഞെടുപ്പിലെ കൃത്രിമ ആരോപണം; വിഡിയോകൾ നീക്കം ചെയ്യുന്നത് യൂട്യൂബ് നിർത്തി
text_fieldsവാഷിങ്ടൺ: 2020ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്ന ആരോപണങ്ങൾ അടങ്ങിയ വിഡിയോകൾ നീക്കം ചെയ്യുന്നത് യൂട്യൂബ് അവസാനിപ്പിച്ചു. വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
2024ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഈ നീക്കം കഴിഞ്ഞ വോട്ടെടുപ്പിന് ശേഷം നടപ്പാക്കിയ നയത്തിൽനിന്നുള്ള വ്യതിയാനമാണ്. ജൂൺ രണ്ട് മുതൽ നയം പ്രാബല്യത്തിൽ വന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളുടെ സത്യസന്ധതയെ ചോദ്യം ചെയ്യുന്ന പതിനായിരക്കണക്കിന് വിഡിയോകൾ ഡിലീറ്റ് ചെയ്തിട്ടുണ്ടെന്ന് കമ്പനി പറഞ്ഞു,
എന്നാൽ, ഇപ്പോൾ നയം പുനഃപരിശോധിക്കേണ്ട സമയമാണ്. ഇന്നത്തെ മാറിയ സാഹചര്യങ്ങളിലാണ് പുതിയ നയം നടപ്പാക്കുന്നതെന്ന് ഗൂഗ്ളിന്റെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് സംബന്ധിച്ച് തെറ്റായ വിവരങ്ങൾ തടയുന്നതിനായുള്ള മറ്റ് നയങ്ങൾ തുടരുമെന്നും കമ്പനി അറിയിച്ചു. ഉദാഹരണത്തിന്, എവിടെ, എങ്ങനെ വോട്ട് ചെയ്യണമെന്നതു സംബന്ധിച്ച് തെറ്റായ നിർദേശങ്ങൾ അടങ്ങിയ വിഡിയോകൾ നീക്കം ചെയ്യും.
2020 ഡിസംബറിലാണ് യൂട്യൂബിെന്റ തെരഞ്ഞെടുപ്പ് കൃത്രിമം സംബന്ധിച്ച നയം നിലവിൽവന്നത്. ഇതേത്തുടർന്ന്, പ്രതിഷേധക്കാരോട് യു.എസ് കാപിറ്റോളിലേക്ക് നീങ്ങാൻ ആഹ്വാനം ചെയ്ത് 2021 ജനുവരി ആറിന് ഡോണൾഡ് ട്രംപ് പോസ്റ്റ് ചെയ്ത വിഡിയോ നീക്കം ചെയ്തിരുന്നു. 2016ലെ തെരഞ്ഞെടുപ്പ് മുതൽ തെറ്റായ വിവരങ്ങൾ തടയാൻ നടപടി വേണമെന്ന് യൂട്യൂബ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങൾക്കുമേൽ കടുത്ത സമ്മർദം ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.