പാർട്ടിയിൽ ഒറ്റപ്പെട്ടു, പ്രായാധിക്യം; ഒടുവിൽ പിൻമാറ്റം
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ 50 വർഷത്തെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും കടുത്ത തീരുമാനമായിരുന്നു അത്. കോവിഡ് ബാധിതനായി ഡെലവെയറിന്റെ തീരത്തെ സ്വന്തം വസതിയിൽ നിരീക്ഷണത്തിലിരിക്കുമ്പോഴും പ്രചാരണത്തിരക്കിലേക്ക് തിരിച്ചുവരുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ ആസൂത്രണം ചെയ്യുകയായിരുന്നു ബൈഡന്റെ സഹപ്രവർത്തകർ. ശനിയാഴ്ച മുഖ്യതെരഞ്ഞെടുപ്പ് വിദഗ്ധൻ മൈക് ഡാനിലൻ ഉൾപ്പെടെയുള്ള സഹപ്രവർത്തകരുമായി ചർച്ച ചെയ്തിരുന്നു.
ബൈഡന്റെ സുപ്രധാന രാഷ്ട്രീയ നീക്കങ്ങളുടെയെല്ലാം പിന്നിൽ പ്രവർത്തിച്ച വ്യക്തിയാണ് ഡാനിലൻ. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ട്രംപിനെ പരാജയപ്പെടുത്താൻ കഴിയുമോയെന്നായിരുന്നു അവരുടെ മുന്നിലുള്ള ഒരോയൊരു ചോദ്യം. ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് ഡേറ്റ ചികഞ്ഞ് പരിശോധിച്ചാണ് അവർ പിരിഞ്ഞത്. ഒടുവിൽ ഞായറാഴ്ച രാവിലെ ബൈഡന്റെ മനസ്സ് മാറുകയായിരുന്നു. സ്വന്തം പാളയത്തിൽത്തന്നെ ഒറ്റപ്പെട്ടെന്ന് വ്യക്തമായതോടെയാണ് രണ്ടാമൂഴം തേടാനുള്ള പരീക്ഷണത്തിൽനിന്ന് പിന്മാറുന്നത്. ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിൽനിന്നുപോലും ഉയർന്ന എതിർപ്പ് അവഗണിക്കാൻ കഴിയാത്തതായിരുന്നു.
എതിരാളി ഡൊണൾഡ് ട്രംപുമായുള്ള ആദ്യ സംവാദത്തിലെ മോശം പ്രകടനം, പ്രായാധിക്യ പ്രശ്നം, സ്വന്തം പാർട്ടിയിലെ ഭിന്നത, ട്രംപിനുനേരെയുണ്ടായ വധശ്രമം, പ്രതികൂലമായ അഭിപ്രായ സർവേകൾ, കോവിഡ് ബാധിച്ചത്...അങ്ങനെ നിരവധി വെല്ലുവിളികളാണ് ബൈഡൻ നേരിട്ടത്. ഇനി യു.എസ് പ്രസിഡന്റ് പദവി വഹിക്കാനുള്ള ആരോഗ്യമില്ലെന്ന് മാധ്യമങ്ങൾ ബൈഡനെ കുറിച്ചെഴുതി. മത്സരത്തിൽനിന്ന് പിന്മാറുന്നതിനെക്കുറിച്ച് പാർട്ടിയിലെ പ്രമുഖ നേതാക്കളായ മുൻ പ്രസിഡന്റ് ബറാക് ഒബാമയും മുൻ സ്പീക്കർ നാൻസി പെലോസിയും ബൈഡനെ നേരിൽക്കണ്ട് സംസാരിച്ചിരുന്നു. രാജ്യത്തിന്റെ നേതൃസ്ഥാനത്തേക്ക് പുതിയ തലമുറക്ക് ബാറ്റൺ കൈമാറിയാണ് ബൈഡൻ പിൻവാങ്ങുന്നത്. 1961ൽ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയാണ് തലമുറ മാറ്റത്തിന് തുടക്കമിട്ടത്. മാത്രമല്ല, ഒരു വനിത യു.എസ് പ്രസിഡന്റാവാനുള്ള സാധ്യതക്കുകൂടി വഴി തുറന്നിട്ടിരിക്കുകയാണ് ബൈഡൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.