ആളില്ലാ ദ്വീപിൽ അമാൻഡയുടെ അതിശയജീവിതം...
text_fieldsവാൻകൂവർ: താൽക്കാലികമായി കെട്ടിയുണ്ടാക്കിയ ആ കാബിനിൽനിന്ന് രാവിലെ എഴുന്നേറ്റ് പുറത്തേക്കു നോക്കുമ്പോൾ അമാൻഡക്കുമുന്നിൽ തെളിയുന്ന അതിഥികൾ ഒരുപാടുണ്ട്. കരടികൾ, കഴുതപ്പുലികൾ, ചെന്നായകൾ, പിന്നെ കൂട്ടത്തോടെ മേയുന്ന മാനുകൾ... നോട്ടം കരകടന്ന് കടലിലെത്തിയാൽ വെള്ളത്തിൽനിന്ന് കുതിച്ചുമറിയുന്ന തിമിംഗലങ്ങളും. രണ്ടു വർഷമായി കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ ഈ ദ്വീപിൽ അമാൻഡയുടെ ജീവിതം ഈ കാഴ്ചകളാൽ നിറഞ്ഞതാണ്. ആ നോട്ടപ്പുറത്ത് പക്ഷേ, മറ്റൊരു മനുഷ്യജീവിയുമില്ലെന്നതാണ് കൗതുകം. കാരണം, ഈ ദ്വീപിൽ ജീവിക്കുന്ന ഏക വ്യക്തിയാണ് അമാൻഡ.
ദ്വീപിന്‍റെ നോട്ടക്കാരിയെന്ന ജോലിയുമായാണ് അമാൻഡ കടലലകൾ കടന്ന് ഈ കരയിലെത്തിയത്. ഏകദേശം 25 വർഷം മുമ്പ് പണിത കാബിനിലാണ് ജീവിതം. ഒരു കൊച്ച് അടുക്കള, ഡൈനിങ് ഏരിയ, രണ്ടു ചെറിയ ബെഡ്റൂം... മിണ്ടിപ്പറയാൻ ആരുമില്ലെങ്കിലും ഇവിടെ ജീവിതം മനോഹരമാണെന്ന് അമാൻഡ പറയുന്നു. ശാന്തമായ ജീവിതത്തിൽ പ്രിയപ്പെട്ട കൂട്ടുകാരനായി വളർത്തുനായ ‘പീച്ചസ്’ അവരോടൊപ്പം ദ്വീപിലുണ്ട്.
ഒരു നാടോടിയാണ് താനെന്ന് ഈ യുവതി അഭിമാനത്തോടെ പറയും. വാൻകൂവറിലെ ജീവിതം മതിയാക്കിയത് നഗരവാസത്തോടുള്ള മടുപ്പ് തോന്നിത്തുടങ്ങിയപ്പോഴാണ്. പിന്നെ സ്വന്തമായി 28 അടിയുള്ള ഒരു ബോട്ട് വാങ്ങി. ആ സെയിൽബോട്ടിൽ പത്തുവർഷം ഒഴുക്കിലങ്ങനെ ജീവിച്ചു. അന്ന് ഒപ്പമുണ്ടായിരുന്ന വളർത്തുനായ ‘ബട്ടർകപ്പ്’ പ്രായാധിക്യത്താൽ ബുദ്ധിമുട്ടുകൾ നേരിട്ടപ്പോൾ കരയിലേക്കൊരു തിരിച്ചുപോക്ക്.
ജീവിതത്തിന്റെ തിരയിളക്കങ്ങൾ വീണ്ടെടുക്കാനായി വീണ്ടും മോഹം. അങ്ങനെ ഫേസ്ബുക്കിൽ ഇഷ്ടപ്പെട്ട ജോലിക്കുവേണ്ടിയൊരു പരസ്യം. ഒരു ദ്വീപ് മുഴുവൻ നോക്കിനടത്താനുള്ള ഓഫർ ലഭിക്കുന്നത് അതുവഴിയാണ്.
വർഷത്തിൽ ഇടയ്ക്ക് പക്ഷേ, ഇവിടെ അതിഥികളെത്തും. അത് ദ്വീപിന്റെ മുതലാളിമാരാണ്. ഒരു മാസത്തോളം ഇവിടെ താമസിച്ച് അവർ മടങ്ങും. അവർക്ക് താമസിക്കാൻ കൂടുതൽ വിശാലമായ സൗകര്യങ്ങൾ ദ്വീപിൽ ഒരുക്കിയിട്ടുണ്ട്. ഇവരെ കാണുന്നതിനുപുറമെ അമാൻഡക്ക് മനുഷ്യരുമായുള്ള സഹവാസം ദ്വീപിൽനിന്ന് പുറത്തുകടക്കുമ്പോഴാണ്. ദൂരെയുള്ള നഗരത്തിലേക്ക് ഇടയ്ക്ക് സാധനങ്ങൾ വാങ്ങാനും ഡോക്ടറെ കാണാനുമൊക്കെ പോകാൻ ദ്വീപിലുള്ള സ്പീഡ്ബോട്ട് ഉപയോഗിക്കും.
മഞ്ഞുപെയ്യുന്ന തണുപ്പുകാലത്ത് വുഡ് സ്റ്റൗവിൽനിന്ന് ചൂടുതേടും. യന്ത്രങ്ങളുടെ സഹായത്താൽ വിറകുകീറുകയും പുല്ലുവെട്ടുകയുമൊക്കെ അമാൻഡയുടെ ജോലിയാണ്. സാറ്റലൈറ്റ് ഇന്റർനെറ്റ് കണക്ഷൻ ലഭ്യമായതിനാൽ അധികവരുമാനത്തിന് ഫ്രീലാൻസ് വെബ് ഡിസൈനറെന്ന ജോലിയും നോക്കുന്നു. യൂട്യൂബ്, ടിക്ടോക് അക്കൗണ്ടുകൾ വഴി വാൻകൂവറിലെ സുഹൃത്തുക്കളുമായി ബന്ധം പുലർത്താനായിരുന്നു തീരുമാനം. മൊബൈൽ ഫോണിന് ദ്വീപിലെ ചിലയിടങ്ങളിൽ റേഞ്ച് കിട്ടുമെങ്കിലും അത് ഉപയോഗിക്കാറില്ല. രാവിലെ മൂന്നു മണിക്കൂർ ദ്വീപിലെ തന്റെ ജോലികൾ ചെയ്തശേഷം പിന്നീടാണ് വെബ് ഡിസൈനിങ്.
ദ്വീപിൽനിന്ന് മരങ്ങളൊന്നും വെട്ടാറില്ല. വീണുകിടക്കുന്നതും തിരയിലടിയുന്നതുമായ മരങ്ങൾ തന്നെ ഒരുപാടുണ്ടാകുമെന്ന് അമാൻഡ സാക്ഷ്യപ്പെടുത്തുന്നു. ശക്തമായ കാറ്റടിക്കുന്ന സമയങ്ങളിൽ ചെറിയ പേടി തോന്നും. കരടികളുടെ ആധിക്യമാണ് ദ്വീപിൽ ഭയപ്പെടുത്തുന്ന മറ്റൊരു കാര്യമെന്ന് അമാൻഡ പറയുന്നു. സൗരോർജമാണ് വലിയ ആശ്രയം. നാലു ജനറേറ്ററുകൾ വരെ ചിലപ്പോൾ പ്രവർത്തിപ്പിക്കും. കിണർ ഉള്ളതിനാൽ കുടിവെള്ളം പ്രശ്നമല്ല. ഗ്രീൻഹൗസിൽ പച്ചക്കറികൾ കൃഷി ചെയ്യുന്നു.
ഇവിടെ ഇനിയും വർഷങ്ങൾ താനുണ്ടാകുമെന്നാണ് അമാൻഡയുടെ പക്ഷം. ‘ഇവിടുത്തെ ജീവിതം ഞാൻ അത്രയേറെ ആസ്വദിക്കുന്നുണ്ട്. സന്തോഷത്തിന് കൂടുതലായി ഒന്നും വേണ്ടതില്ലെന്ന് ദ്വീപിലെ ജീവിതം എന്നെ പഠിപ്പിച്ചു. ഈ ഏകാന്തത ഞാൻ ഇഷ്ടപ്പെടുന്നു. അത്രയേറെ സമാധാനവും ശാന്തതയും നിറഞ്ഞതാണിത്. എന്റെ ബോട്ടിൽ ഇവിടെയൊക്കെ ചുറ്റിക്കറങ്ങി എല്ലാം കാണണം. കാരണം, ഏറെ മനോഹരമായ പ്രദേശമാണിത്‘ -അമാൻഡ പറയുന്നു.
ദ്വീപിലെ അമാൻഡയുടെ ജീവിതം ഒരു യൂട്യൂബ് ചാനൽ പകർത്തിയിട്ടുണ്ട്. 13 മിനിറ്റിലേറെ നീളുന്ന ഡോക്യുമെന്ററി അൽപദിവസത്തിനകം രണ്ടര ലക്ഷത്തോളം പേർ കണ്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.