റഷ്യ കൈയടക്കിയ ഓരോ ഇഞ്ചും തിരിച്ചുപിടിക്കാൻ യു.എസും നാറ്റോയും യുക്രെയ്ന് ഒപ്പമുണ്ടാകുമെന്ന് ബൈഡൻ
text_fieldsവാഷിങ്ടൺ ഡി.സി: റഷ്യയോട് കൂട്ടിച്ചേർത്ത യുക്രെയ്ൻ പ്രദേശങ്ങൾ ഓരോ ഇഞ്ചും തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിൽ യു.എസും നാറ്റോയും ഒപ്പമുണ്ടാകുമെന്ന് പ്രസിഡന്‍റ് ജോ ബൈഡൻ. യുക്രെയ്ന്‍റെ 15 ശതമാനത്തോളം വരുന്ന മേഖലകൾ റഷ്യ രാജ്യത്തോട് കൂട്ടിച്ചേർത്തത് മേഖലയെ കൂടുതൽ സംഘർഷഭരിതമാക്കിയ പശ്ചാത്തലത്തിലാണ് യു.എസ് പ്രസിഡന്‍റിന്‍റെ പ്രസ്താവന. റഷ്യയുടെ നടപടിക്ക് പിന്നാലെ നാറ്റോ സൈനിക സഖ്യത്തിൽ ചേരാനുള്ള നടപടികൾ യുക്രെയ്ൻ പ്രസിഡന്‍റ് വ്ലോദിമിർ സെലൻസ്കി വേഗത്തിലാക്കി.
'അമേരിക്കയെയും സഖ്യകക്ഷികളെയും പുടിൻ തന്‍റെ ചിന്തയില്ലാത്ത വാക്കുകളും ഭീഷണിയും കൊണ്ട് ഭയപ്പെടുത്താൻ നോക്കേണ്ട. അയൽരാജ്യത്തിന്‍റെ ഭൂപ്രദേശം കൈക്കലാക്കി ഒഴിഞ്ഞുമാറിക്കഴിയാമെന്നും കരുതേണ്ട' -ബൈഡൻ പറഞ്ഞു.
'അമേരിക്കയും നാറ്റോ സഖ്യകക്ഷികളും പൂർണമായും തയാറെടുത്തു കഴിഞ്ഞു. ഓരോ ഇഞ്ച് ഭൂപ്രദേശവും സംരക്ഷിക്കും. ഞാൻ പറയുന്നതിനെ പുടിൻ തെറ്റിദ്ധരിക്കരുത്, ഓരോ ഇഞ്ചും എന്ന് തന്നെയാണ് പറയുന്നത്' -ബൈഡൻ മാധ്യമപ്രവർത്തകരുടെ മുന്നിൽ പറഞ്ഞു.
യുക്രെയ്നിലെ ഡോണെറ്റ്സ്ക്, ലുഹാൻസ്ക്, ഖേഴ്സൻ, സപൊറീഷ്യ എന്നീ പ്രദേശങ്ങളാണ് ഹിതപരിശോധന നടത്തി റഷ്യയുടെ ഭാഗമാക്കിയത്. ലുഹാന്‍സ്കിലും ഡോണെറ്റ്സ്കിലും നേരത്തേ റഷ്യന്‍ അനുകൂല ഭരണകൂടങ്ങളാണ്. ഫെബ്രുവരിയിലെ സൈനിക നടപടിയിലൂടെയാണ് ഖേഴ്സണും സപൊറീഷ്യയും റഷ്യ പിടിച്ചെടുത്തത്.
വെള്ളിയാഴ്ച ക്രെംലിനിലെ ജോർജിയൻ ഹാളിൽ നടത്തിയ ചടങ്ങിൽ റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തി. സോവിയറ്റ് യൂനിയൻ പുനരുജ്ജീവിപ്പിക്കാൻ ഉദ്ദേശ്യമില്ലെന്ന് പുടിൻ പറഞ്ഞു. പിടിച്ചെടുത്ത പ്രദേശങ്ങൾ എല്ലാ അർഥത്തിലും സംരക്ഷിക്കുമെന്നും ഇവിടുത്തെ താമസക്കാർ എക്കാലവും റഷ്യൻ പൗരന്മാരായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹിതപരിശോധനയിൽ 95 ശതമാനത്തിലധികം പേർ റഷ്യയോട് ചേരാൻ താൽപര്യം പ്രകടിപ്പിച്ചതായാണ് മോസ്കോ വ്യക്തമാക്കുന്നത്. അതേസമയം, കൂട്ടിച്ചേർത്തതായി പ്രഖ്യാപിച്ച നാല് മേഖലയിലും റഷ്യക്ക് സമ്പൂർണ ആധിപത്യമില്ല. 90,000 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് റഷ്യ കൈയടക്കിയത്. ഇത് യുക്രെയ്നിന്റെ 15 ശതമാനം വരും. 2014ൽ യുക്രെയ്ന്‍റെ ഭാഗമായിരുന്ന ക്രീമിയ പ്രവിശ്യ റഷ്യയുടെ ഭാഗമാക്കിയിരുന്നു. തന്ത്രപ്രധാനമായ ക്രീമിയയിലേക്ക് കരമാർഗം ഇടനാഴി സ്ഥാപിക്കാന്‍ പുതിയ നാല് പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിലൂടെ റഷ്യക്ക് സാധിക്കും.
കൂട്ടിച്ചേർക്കൽ അംഗീകരിക്കില്ലെന്ന് യുക്രെയ്നും യൂറോപ്യന്‍ യൂനിയനും നാറ്റോയും വ്യക്തമാക്കിയിട്ടുണ്ട്. റഷ്യയുടെ ഏകപക്ഷീയ നടപടിക്ക് മറുപടിയെന്നോണം യുക്രെയ്ൻ നാറ്റോ അംഗത്വത്തിന് അപേക്ഷിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.