വെടിവച്ചിട്ട ചാരബലൂണിന്‍റെ അവശിഷ്ടങ്ങൾ ചൈനക്ക് കൈമാറില്ലെന്ന് അമേരിക്ക
text_fieldsവാഷിങ്ങ്ടൺ: യു.എസ് വ്യോമസേന വെടിവച്ചിട്ട ചൈനീസ് നിരീക്ഷണ ബലൂണിന്റെ അവശിഷ്ടങ്ങൾ ചൈനക്കു കൈമാറില്ലെന്നു യു.എസ് അധികൃതർ വ്യക്തമാക്കി. അറ്റ്ലാന്റിക് സമുദ്രത്തിൽ വീണ അവശിഷ്ടങ്ങൾ വീണ്ടെടുത്ത് വിശദമായ ഇന്റലിജൻസ് പരിശോധനക്ക് വിധേയമാക്കാനാണ് നീക്കം. ചില അവശിഷ്ടങ്ങൾ ലഭിച്ചെങ്കിലും കടലിനടിയിലും പരിശോധന നടത്താനാണ് തീരുമാനം.
ജനുവരി 28ന് അമേരിക്കൻ ആകാശത്തെത്തിയ ബലൂൺ ശനിയാഴ്ച ഉച്ചക്ക് 2.39നാണ് (ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ചെ 1.09ന്) ആണ് യു.എസ് നോർത്തേൺ കമാൻഡ് യുദ്ധവിമാനങ്ങളിലെ മിസൈൽ ഉപയോഗിച്ച് തകർത്തത്. കാനഡയുടെ പിന്തുണയോടെയാണ് യു.എസ് വ്യോമസേനയുടെ എഫ്–22 യുദ്ധവിമാനം ബലൂൺ വീഴ്ത്തിയത്. സൗത്ത് കരോലൈനയിലെ അമേരിക്കൻ തീരത്ത് നിന്ന് 9.65 കിലോമീറ്റർ അകലെ അറ്റ്ലാന്റിക് സമുദ്രത്തിലാണു ബലൂൺ പതിച്ചത്.
ബലൂൺ വെടിവെച്ചിടുമ്പോൾ മൂന്നോളം എയർപോർട്ടുകൾ അടച്ചിടുകയും ഭാഗികമായി വ്യോമഗതാഗതത്തിന് നിരോധനമേർപ്പെടുത്തുകയും ചെയ്തിരുന്നു. ബലൂൺ വെടിവെച്ചിടാൻ യു.എസ് പ്രസിഡന്റ് ജോ ബൈഡനുമേൽ കടുത്ത സമ്മർദ്ദമുണ്ടായിരുന്നു. അവർ വിജയകരമായി ബലൂൺ വീഴ്ത്തിയെന്നായിരുന്നു ഇതുസംബന്ധിച്ച് ജോ ബൈഡൻ പ്രതികരിച്ചത്.
ജനുവരി 28ന് അലൂഷ്യൻ ദ്വീപുകൾക്കു സമീപം തങ്ങളുടെ വ്യോമാതിർത്തിയിൽ പ്രവേശിച്ചപ്പോഴാണ് മൂന്ന് ബസുകളുടെ വലുപ്പമുള്ളതാണ് ബലൂൺ ആദ്യമായി യു.എസിന്റെ ശ്രദ്ധയിൽപെട്ടത്. 30ന് കനേഡിയൻ ആകാശത്തേക്ക് നീങ്ങിയ ബലൂൺ ജനുവരി 31ന് വീണ്ടും യു.എസ് വ്യോമാതിർത്തിയിലേക്ക് എത്തുകയായിരുന്നു.
ചാരബലൂൺ കണ്ടെത്തിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രശ്നങ്ങൾ വഷളാക്കിയിരുന്നു. ഇതേതുടർന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ ചൈനീസ് സന്ദർശനം റദ്ദാക്കുകയും ചെയ്തു. അതേസമയം, ചാരബലൂണല്ലെന്നും കാലാവസ്ഥ സംബന്ധിച്ച് പഠനം നടത്തുന്നതിനാണ് ബലൂൺ അയച്ചതെന്നായിരുന്നു ചൈനയുടെ വിശദീകരണം.
വഴിതെറ്റി പറന്ന കാലാവസ്ഥാ ബലൂൺ ആണെന്ന ചൈനയുടെ അവകാശവാദം കളവാണെന്നും യു.എസിലെയും കാനഡയിലെയും സൈനികമേഖലകൾ നിരീക്ഷിക്കുകയായിരുന്നു ബലൂണിന്റെ ലക്ഷ്യമെന്നും അമേരിക്കൻ പ്രതിരോധ സെക്രട്ടറി ആരോപിച്ചു. അതേസമയം ബലൂൺ വെടിവെച്ച് വീഴ്ത്തിയതിൽ ശക്തമായി തിരിച്ചടിക്കുമെന്ന് ചൈന മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.