ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു; ദുരന്തമൊഴിവായത് തലനാരിഴക്ക്, ഞെട്ടിക്കും ദൃശ്യങ്ങൾ പുറത്ത്
text_fieldsവാഷിങ്ടൺ: ടേക്ക് ഓഫിന് തയാറെടുക്കുന്നതിനിടെ വിമാനത്തിന്റെ ടയറിന് തീപിടിച്ചു. ഫ്ലോറിഡയിലെ വിമാനത്താവളത്തിലാണ് സംഭവമുണ്ടായത്. പൈലറ്റിന്റെ സമയോചിത ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്. അമേരിക്കൻ എയർലൈൻസിന്റെ വിമാനമാണ് അപകടത്തിൽപ്പെട്ടത്.
താമ്പ വിമാനത്താവളത്തിൽ നിന്നും അരിസോണയിലെ ഫിനിക്സ് നഗരത്തിലേക്ക് പറക്കാനിരുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. ബോയിങ്ങിന്റെ 737-800 വിമാനത്തിന്റെ ടയറാണ് കത്തിയതെന്ന് വിമാനകമ്പനി വക്താവ് അറിയിച്ചു. സാങ്കേതിക തകരാർ മൂലം വിമാനം ഇനിയും വൈകുമെന്നും കമ്പനി അറിയിച്ചു.
പ്രാദേശിക സമയം രാവിലെ എട്ട് മണിയോടെയാണ് സംഭവമുണ്ടായത്. ടേക്ക് ഓഫിന് തയാറെടുക്കുന്നതിനിടെ ടയർ പൊട്ടിത്തെറിച്ച് തീപിടിക്കുകയായിരുന്നുവെന്ന് താമ്പ ഇന്റർനാഷണൽ എയർപോർട്ട് വക്താവ് ജോഷ്വേ ഗില്ലിൻ പറഞ്ഞു.
വിമാനത്തിൽ 174 യാത്രക്കാരും ആറ് ജീവനക്കാരുമാണുണ്ടായത്. യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി ടെർമിനലിലേക്ക് മാറ്റി. സംഭവം മറ്റ് വിമാനങ്ങളുടെ സർവീസിനെ ബാധിച്ചില്ലെന്നും ഗില്ലിൻ പറഞ്ഞു. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ഫിനീക്സിലേക്ക് എത്തിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ യുണൈറ്റഡ് എയർലൈൻസ് വിമാനത്തിന്റെ ടയറും സമാനമായ രീതിയിൽ പൊട്ടിത്തെറിച്ചിരുന്നു. ലോസ് ഏഞ്ചൽസിൽ നിന്നും ഡെന്നവറിലേക്കുള്ള വിമാനത്തിന്റെ ടയറാണ് പൊട്ടിത്തെറിച്ചത്. ഇതിന് പിന്നാലെയാണ് അമേരിക്കൻ എയർലൈൻസ് വിമാനവും അപകടത്തിൽപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.