ഭീകരതയുടെ വിളനിലങ്ങളിൽ മധുരമാതളം പൂക്കുന്നു; അഫ്ഗാൻ മണ്ണിലെ അതിശയങ്ങളുമായി ബിൻസ്കി
text_fieldsചോര മണക്കുന്ന മണ്ണിൽ മാതളത്തിന്‍റെ വിളവെടുപ്പുത്സവം. ഭീകരത പേടിപ്പെടുത്തിയിരുന്ന കാണ്ഡഹാറിൽ പോംഗ്രാനേറ്റിന്‍റെ മധുരം പൂത്തുതളിർത്തുനിൽക്കുകയാണ്. ലോകത്തിനുമുന്നിൽ ഭീതി കോറിയിട്ട വെടിയൊച്ചകളല്ല ഡ്ര്യൂ ബിൻസ്കിയുടെ കാതുകളിലിപ്പോൾ നിറയുന്നത്. അഫ്ഗാനിസ്ഥാന്റെ ഗ്രാമങ്ങളിലൂടെ, നഗരത്തെരുവുകളിലൂടെ, ആളുകളുടെ സ്നേഹവായ്പുകൾക്കു നടുവിൽ നടന്നുനീങ്ങുേമ്പാൾ അയാൾ ആവേശഭരിതനായിരുന്നു. ചരിത്രവും സംസ്കാരവും ഭക്ഷണവും ജീവിതരീതിയും ജനങ്ങളുമെല്ലാം അയാളുടെ കാഴ്ചകളിൽ അനൽപമായ വൈവിധ്യങ്ങൾ വിതറിയിട്ടു. ആരും കടന്നുചെല്ലാൻ മടിക്കുന്ന വഴികളിലൂടെ ആ അമേരിക്കൻ േബ്ലാഗർ സന്തോഷഭരിതനായി നടന്നുനീങ്ങിയപ്പോൾ അഫ്ഗാൻ അവരുടെ വാതിലുകൾ അയാൾക്കായി തുറന്നിട്ടു. കാമറക്കുമുന്നിൽ പ്രത്യക്ഷപ്പെടാൻ മടിച്ചിരുന്ന സ്ത്രീകൾ ഒഴുക്കുള്ള ഇംഗ്ലീഷിൽ അയാളുടെ ചോദ്യങ്ങൾക്ക് പ്രസന്നവദരരായി മറുപടി പറഞ്ഞു.
ചരിത്രമുറങ്ങുന്ന ഈ നാടിപ്പോൾ ടൂറിസത്തിന് പേരുകേട്ട ഇടമേയല്ല. ആളുകൾ ഈ രാജ്യത്തേക്ക് പറന്നിറങ്ങാൻ മടിക്കുന്നതിനിടയിലാണ് തുടർച്ചയായ രണ്ടാം വർഷവും ഡ്രൂ ബിൻസ്കിയുടെ വരവ്. ബിൻസ്കിയെപ്പോലെ ചുരുക്കം ചില സന്ദർശകർ റിസ്കിനും മുകളിൽ ഈ നാടിന്‍റെ മനോഹാരിതയെ പ്രതിഷ്ഠിച്ചാണ് ധൈര്യപൂർവം ഈ മണ്ണിൽ കാലുകുത്തുന്നത്. മധ്യ അഫ്ഗാനിലെ ബാമിയാൻ പ്രവിശ്യയിലെ വശ്യമനോഹരമായ പ്രകൃതിസൗന്ദര്യമടക്കം പകർത്തി ഡ്രൂ ബിൻസ്കി തന്‍റെ യൂട്യൂബ് ചാനലിലൂടെ ലോകത്തിനുമുമ്പാകെ തുറന്നുവെച്ചപ്പോൾ കരുതിയതിനുമപ്പുറത്തെ കാഴ്ചകളാണ് അതിൽ നിറയുന്നത്.
വയലൻസിന്‍റെ ഭൂമികയിൽ വലിയ താൽപര്യത്തോടെ പറന്നിറങ്ങുന്ന ബിൻസ്കിയുടെ സാന്നിധ്യം അഫ്ഗാനികളെയും അതിശയിപ്പിക്കുന്നു. അയാൾ കുതിരപ്പുറത്തുകയറി കാബൂളിന്‍റെ തെരുവോരങ്ങളിലൂടെ സുസ്മേരവദനനായി സഞ്ചരിക്കുന്നു. തലസ്ഥാന നഗരിയിൽ, ചുവരിൽ മനോഹരമായ ഛായാചിത്രങ്ങൾ തൂങ്ങുന്ന ഹോട്ടൽമുറിയിൽ ഭീതിയൊന്നുമില്ലാതെ സ്വസ്ഥമായി കിടന്നുറങ്ങുന്നു. പള്ളിമുറ്റത്ത് ആളുകൾക്കൊപ്പം കഥകൾ പറഞ്ഞിരിക്കുന്നു, റോഡരികിൽനിന്ന് ഷേവു ചെയ്യുന്നു, തട്ടുകടകളിൽനിന്ന് രുചിയൂറുന്ന ഭക്ഷണം കഴിക്കുന്നു. രക്തരൂഷിതമെന്ന് മുദ്ര ചാർത്തപ്പെട്ട മണ്ണിൽ ബിൻസ്കിയുടെ സന്തോഷം നിറഞ്ഞ സഞ്ചാരപഥങ്ങൾ ഒരുനാടിനെക്കുറിച്ചുള്ള മുൻവിധികൾ മാറ്റിയെഴുതാൻ പര്യാപ്തമാണ്. ആ യാത്രയെ ആസ്പദമാക്കി ബി.ബി.സി പ്രസിദ്ധീകരിച്ച വിഡിയോയിൽ അഫ്ഗാന്റെ പ്രകൃതിയും സംസ്കാരവും ജീവിതവുമെല്ലാം അത്ര മനോഹരമായാണ് ഇതൾവിരിയുന്നത്.
യാത്രാ ബാഗുകൾ മുറുക്കുന്നതിനുമുമ്പ് അങ്ങോട്ട് പോകരുെതന്ന് പറഞ്ഞവർ ഒരുപാടുണ്ടായിരുന്നു. നിങ്ങൾ തിരിച്ചുവരിെല്ലന്ന് മുന്നറിയിപ്പ് നൽകിയവരാണ് ഏറെയും. അവർ നിങ്ങളെ വെടിവെച്ചുകൊല്ലുമെന്ന് പറഞ്ഞവരേറെ. എന്നാൽ, അതൊന്നും 29കാരനായ ബിൻസ്കിയുടെ മനസ്സുമാറ്റിയില്ല. കോവിഡ് പരിശോധനകളെല്ലാം കഴിഞ്ഞ്, അത്രമേൽ ആവേശത്തോടെ ഇസ്തംബൂളിൽനിന്ന് അയാൾ കാബൂളിലേക്ക് പറന്നു.
അഫ്ഗാനിലിറങ്ങിയശേഷം പരമ്പരാഗത പഷ്തൂൺ വസ്ത്രമണിഞ്ഞാണ് ബിൻസ്കിയുടെ യാത്രകളേറെയും. താലിബാന്‍റെ ജന്മഗേഹമെന്നറിയപ്പെടുന്ന കാണ്ഡഹാറിന്‍റെ ഉള്ളറകളിലേക്കുവരെ ബിൻസ്കി നടന്നെത്തി. ഉസാമ ബിൻ ലാദനും മുല്ല ഉമറും താമസിച്ചിരുന്ന പ്രദേശങ്ങളിലേക്കടക്കം ആ സഞ്ചാരം നീണ്ടു. ഗൈഡായി കൂടെക്കൂട്ടിയ നൂർ മുഹമ്മദിന്‍റെ സഹായത്താലായിരുന്നു ഈ യാത്രകളത്രയും. കാബൂളിലെ ബ്ലൂ മോസ്ക്കിലും കാണ്ഡഹാറിലെ മാതളത്തോട്ടങ്ങളിലും ബാമിയാനിലെ പുരാതന കോട്ടക്കുള്ളിലും ഹെരാത്തിൽ അലക്സാണ്ടർ ചക്രവർത്തി താമസിച്ചിരുന്ന വീട്ടിലുമൊക്കെ നൂർ മുഹമ്മദിനൊപ്പം ബിൻസ്കിയെത്തി.
തകർന്നുപോയ സ്വസ്ഥജീവിതം വീണ്ടെടുക്കാൻ കൊതിക്കുന്ന ആ രാജ്യത്തിന്‍റെ വിഭിന്നദേശങ്ങളിലൂടെ സഞ്ചരിച്ച ബിൻസ്കിക്കുമുന്നിൽ തെളിഞ്ഞത് അതിജീവനത്തിനുകൊതിക്കുന്ന, സ്നേഹപ്രിയരായ ഒരു ജനതയുടെ ചിത്രമാണ്. അത്രയേറെ ഇഷ്ടത്തോടെ അവരയാളെ ചേർത്തുനിർത്തി. 'അഫ്ഗാനി ബൊലാനി'യുടെ രുചി ആ അമേരിക്കക്കാരന്‍റെ മനസ്സിൽ നിറച്ചുവെച്ചു. ആറു ദിവസമാണ് ആദ്യ സന്ദർശനത്തിൽ അയാൾ അഫ്ഗാനിലുണ്ടായിരുന്നതെങ്കിൽ ഇക്കുറി രണ്ടാഴ്ചക്കാലം ഈ മണ്ണിൽ അതിരറ്റ ഇഷ്ടത്തോെട അയാൾ രാപാർത്തു. അത്രയേറെ ആവേശത്തോടെയാണ് ഇവിടേക്ക് വീണ്ടുമെത്തിയതെന്ന് പറയുന്ന ബിൻസ്കി ഏറെ പ്രിയപ്പെട്ട ഇടമാണിതെന്ന് ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. ലോകത്തുടനീളം സഞ്ചരിക്കുന്ന തന്‍റെയുള്ളിൽ കാലങ്ങളോളം നിറയുന്ന മതിപ്പുളവാക്കിയ ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് അഫ്ഗാനെന്ന് ബിൻസ്കി സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.
ടി.വിയിലും ഓൺലൈനിലുമൊക്കെ നിറയുന്ന വാർത്തകളിൽ അഫ്ഗാൻ പരാമർശിക്കപ്പെടുന്നത് ഒരിക്കലും പോസിറ്റീവ് ആയിട്ടല്ല എന്നതുകൊണ്ടാണ് ഈ മണ്ണിലേക്ക് വരണമെന്ന് ആദ്യം തോന്നിയതെന്ന് അദ്ദേഹം പറയുന്നു. മാധ്യമങ്ങൾ പറയുന്നതിന്‍റെ മറുപുറം അറിയാൻ ആഗ്രഹമുണ്ടായിരുന്നു. മൂന്നു കോടി ജനങ്ങൾ അധിവസിക്കുന്ന ഈ മണ്ണിൽ നടക്കുന്നതെന്താണെന്ന് ലോകത്തോട് പറയാനുള്ള താൽപര്യം കൊണ്ടായിരുന്നു അത്. ഇവിടെ ആളുകൾ സ്കൂളിൽ പോകുന്നുണ്ട്. ജീവിക്കാനായി ജോലി ചെയ്യുന്നുണ്ട്. വിശക്കുേമ്പാൾ ഭക്ഷണം കഴിക്കുന്നു, സാധനങ്ങൾ വാങ്ങാൻ മാർക്കറ്റുകളിലെത്തുന്നു. ലോകം കരുതുന്നതിനുമപ്പുറത്തെ അവിശ്വസനീയ ജീവിതമാണ് അഫ്ഗാനിൽ താൻ കണ്ടതെന്നും ബിൻസ്കി പറയുന്നു.
ബാക്പാക്കറുകൾ നിറഞ്ഞ നടത്താരകളുമായി, സഞ്ചാരത്തിന് കേളികേട്ട മണ്ണായിരുന്നു ഒരിക്കൽ ഇത്. എന്നാൽ, പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിനും അക്രമങ്ങൾക്കും പിന്നാലെ ആ പകിട്ട് ടൂറിസ്റ്റ് ഭൂപടത്തിൽനിന്ന് മാഞ്ഞുപോയി. ബിൻ ലാദനും മുല്ല ഉമറും താലിബാനുമൊക്കെച്ചേർന്ന് മണ്ണിലും മനസ്സിലും തീ കോരിയിട്ടതോടെ കാബൂളിന്‍റെയും ഹെരാത്തിന്‍റെയും ബമിയാന്‍റെയുമൊക്കെ സുന്ദര കാഴ്ചകളിൽനിന്ന് സഞ്ചാരികൾ മാറിനടക്കുകയായിരുന്നു. മിക്ക രാജ്യങ്ങളും തങ്ങളുടെ പൗരന്മാരെ അഫ്ഗാൻ സന്ദർശിക്കുന്നതിൽനിന്ന് നിരുത്സാഹപ്പെടുത്തി. എന്നാൽ, ഭീതിയുടെ ആ മൂടുപടം മാറ്റാൻ വെമ്പൽ കൊള്ളുകയാണ് അഫ്ഗാനിസ്ഥാൻ. ഭീകരതയുടെ വിളനിലമെന്ന മുദ്രകൾ മായ്ച്ചുകളഞ്ഞ് സഞ്ചാരികളുടെ പ്രിയഭൂമിയെന്ന നിലയിലേക്ക് അഫ്ഗാൻ മാറുമോയെന്ന ചോദ്യത്തിന് കാലമാണ് ഉത്തരം പറയേണ്ടത്. എന്തായാലും ഭൂമിയുടെ വിവിധ കോണുകളിൽനിന്ന് 2020ൽ തങ്ങളുടെ നാട് സന്ദർശിക്കാനെത്തിയ 7000 ടൂറിസ്റ്റുകൾ മാറ്റത്തിലേക്കുള്ള തുടക്കമാകുമെന്ന് പ്രത്യാശിക്കുകയാണ് അഫ്ഗാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.