കാപിറ്റോൾ ഹിൽ ആര് കീഴടക്കും?
text_fieldsജനാധിപത്യം പുലരാനെന്ന പേരിൽ ലോകത്തുടനീളം ഇത്രയേറെ യുദ്ധങ്ങൾ നടത്തിയ രാജ്യമുണ്ടാകില്ല. എന്നിട്ടും, രണ്ടു നൂറ്റാണ്ടിലേറെ കഴിഞ്ഞും ഓവൽ ഓഫിസിലിരിക്കാൻ ഒരു വനിത പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ മനസ്സുവെക്കാത്ത മണ്ണാണ് അമേരിക്ക. വെള്ളക്കാരിയല്ലെന്ന സവിശേഷത കൂടിയുള്ള ഒരു വനിത ഇത്തവണ അമേരിക്കയുടെ ചരിത്രം മാറ്റിയെഴുതുമോ? ജമൈക്കൻ-ഇന്ത്യൻ വേരുകളുള്ള നിലവിലെ വൈസ് പ്രസിഡന്റ് കമല ഹാരിസ് ഡെമോക്രാറ്റ് പ്രതിനിധിയായും മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് റിപ്പബ്ലിക്കൻ പ്രതിനിധിയായും ജനവിധി തേടുന്ന ഈ തെരഞ്ഞെടുപ്പിന് സവിശേഷതകളേറെ.
രണ്ടു വർഷം പിന്നിട്ട് തുടരുന്ന യുക്രെയ്ൻ യുദ്ധവും ഒരു വർഷം പൂർത്തിയാകുന്ന ഗസ്സ അധിനിവേശവും തുടങ്ങി അമേരിക്ക കൂടി കക്ഷിയായ നിരവധി സംഘർഷങ്ങൾ ലോകത്തെ മുൾമുനയിൽ നിർത്തുന്നതിനിടെയാണ് ഇക്കുറി യു.എസിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. പശ്ചിമേഷ്യയിലും യൂറോപ്പിലും പസഫിക്കിലും തുടങ്ങി ലോകത്തെ ഓരോ കോണിലും സൈനികമായും രാഷ്ട്രീയമായും സാമ്പത്തികമായും ഇടപെടലുകൾ നടത്തുന്ന ഒരു രാജ്യത്തിന്റെ ഭരണതലപ്പത്ത് ആരെന്നത് തീർച്ചയായും അമേരിക്കക്കാരന്റെ മാത്രം വിഷയമല്ല. റഷ്യൻ അധിനിവേശം തീവ്രതരമായി തുടരുന്ന യുക്രെയ്നിലേക്ക് ഇതിനകം എണ്ണമറ്റ കോടി ഡോളറും ആയുധങ്ങളുമൊഴുക്കിയ യു.എസിന് ഇനിയും അത് തുടരാതെ വയ്യ. താൻ അധികാരമേറി 24 മണിക്കൂറിനകം യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുമെന്ന ട്രംപിന്റെ വാക്കുകളും എത്ര നാളെടുത്താലും പിന്തുണ മുറിയാതെ തുടരുമെന്ന കമലയുടെ വാഗ്ദാനവും തമ്മിൽ പ്രായോഗികമായി വലിയ അന്തരമുണ്ടാകാനിടയില്ല. എന്നാൽ, ഫലസ്തീൻ വിഷയത്തിൽ ഇസ്രായേൽ ക്രൂരതകൾക്ക് നിരുപാധിക പിന്തുണയാണ് ട്രംപിന്റെ ലൈൻ.
യു.എസ് എംബസി ജറൂസലമിലേക്ക് മാറ്റിയതടക്കം നടപടികൾ നേരത്തെ നടത്തിക്കഴിഞ്ഞ ട്രംപിൽനിന്ന് ചെറിയ വ്യത്യാസത്തോടെ ദ്വിരാഷ്ട്ര ഫോർമുലയാണ് പ്രശ്ന പരിഹാരമെന്ന് കമല പറയുന്നു. അപ്പോഴും, ഞാൻ പിറക്കാതെ പോയ സയണിസ്റ്റാണെന്ന ബൈഡന്റെ പഴയ വാക്കുകൾ അമേരിക്കൻ രാഷ്ട്രീയത്തിൽ ഇപ്പോഴും പ്രതിധ്വനിക്കുന്നുണ്ട്. കുടിയേറ്റവും ഗർഭച്ഛിദ്രവും നാണയപ്പെരുപ്പവും പോലെ കാലമേറെ കഴിഞ്ഞും അമേരിക്കയെ വലക്കുന്ന വിഷയങ്ങൾ വേറെ. 3000ലേറെ കിലോമീറ്റർ നീളത്തിൽ അതിർത്തി പങ്കിടുന്ന മെക്സിക്കോയും അതിന്റെ രണ്ടിരട്ടിയോളം കൂടുതൽ അതിർത്തിയുള്ള കാനഡയും കടന്നെത്തുന്ന അനധികൃത കുടിയേറ്റക്കാരെ എങ്ങനെ കൈകാര്യം ചെയ്യുമെന്നത് എക്കാലത്തും അമേരിക്കൻ തെരഞ്ഞെടുപ്പുകളിലെ മുഖ്യവിഷയമാണ്. വ്യക്തിപരമായി രണ്ടുപേരും പ്രതിനിധാനം ചെയ്യുന്ന തീർത്തും ഭിന്നമായ രാഷ്ട്രീയ നിലപാടുകൾ നൽകുന്ന പ്രതീക്ഷയും ആശങ്കയും മറുവശത്ത്. ഒരാൾ സൗമ്യതയും വ്യക്തതയും കൃത്യതയും കൊണ്ട് അതിവേഗം രാഷ്ട്രീയത്തിൽ പുതിയ ചക്രവാളങ്ങൾ തീർത്തവരെങ്കിൽ പോപുലിസം ആയുധമാക്കി ഒരുവട്ടം അധികാരം പിടിച്ചതാണ് രണ്ടാമത്തെയാളുടെ പാരമ്പര്യം.
വിഭജന രാഷ്ട്രീയം തന്നെയാണ് ട്രംപിന്റെ എക്കാലത്തെയും അജണ്ട. ന്യൂനപക്ഷങ്ങൾ, കറുത്തവർ എന്നിങ്ങനെ എല്ലാവരെയും അകലെ നിർത്തി ‘അമേരിക്ക ഫസ്റ്റ്’ മുദ്രാവാക്യമാണ് ട്രംപ് എന്നും എപ്പോഴും ഉയർത്തിയത്. റിപ്പബ്ലിക്കൻ പാർട്ടിയിൽ കാര്യമായ എതിർപ്പില്ലാതെ സ്ഥാനാർഥിത്വമുറപ്പിച്ച തനിക്ക് വോട്ടുകൾ കൂടി അനുകൂലമായാൽ ജയിച്ചുകയറാമെന്ന് ട്രംപ് കണക്കുകൂട്ടുന്നു. അതിനിടെ, രണ്ടുവട്ടം വധശ്രമം അതിജയിച്ചയാളെന്ന രക്തസാക്ഷിത്വ പദവി തൂവലായുണ്ടെന്നത് ഓർക്കണം. ഇത്തവണയും വെള്ളക്കാരായ വോട്ടർമാരിൽ വലിയ പങ്ക് ട്രംപിനൊപ്പമാണ്. ജനസംഖ്യയുടെ 71 ശതമാനം വരുന്ന വെള്ളക്കാരിൽ 56 ശതമാനത്തിന്റെയെങ്കിലും പിന്തുണ ട്രംപിന് കിട്ടുമെന്നാണ് കണക്കുകൂട്ടൽ. സമ്പന്നർക്ക് ലക്ഷം കോടികളുടെ നികുതി എടുത്തുകളയലും മറ്റു രാജ്യങ്ങളിലെ സൈനിക ഇടപെടലുകൾ അവസാനിപ്പിച്ച് അമേരിക്കൻ സമ്പദ്വ്യവസ്ഥയിലെ ചോർച്ച തടയലും ട്രംപ് മുന്നോട്ടുവെക്കുന്ന അത്യാകർഷകമായ പാക്കേജുകളാണ്.
സാമ്പത്തികമായി ഇറക്കുമതി പരമാവധി കുറക്കാൻ വിദേശ ചരക്കുകൾക്ക് വൻതീരുവയാണ് മുമ്പും തുടർന്നും ട്രംപിന്റെ പ്രഖ്യാപനം. അതിനിടയിലും എതിരാളി അധികാരമേറിയാൽ ഇസ്രായേൽ തന്നെ ഇല്ലാതാകുമെന്ന ഭീഷണി പലവട്ടം മുഴക്കാനും ട്രംപിന് മടിയില്ല.
എന്നാൽ, ആദ്യ വനിത, അതും വെള്ളക്കാരിയല്ലാത്ത ആദ്യ ദക്ഷിണേഷ്യക്കാരി, എല്ലാറ്റിലുമുപരി ആദ്യ ഇന്ത്യൻ വംശജ എന്നിങ്ങനെ ചരിത്രം പലത് കുറിച്ച് പ്രസിഡന്റ് പദം തേടുന്നവരാണ് കമല ഹാരിസ്. സർവേകളിലും പ്രവചനങ്ങളിലും ഏറെയായി മേൽക്കൈ കാട്ടുന്ന അവർക്കൊപ്പമാണ് ന്യൂനപക്ഷങ്ങളടങ്ങുന്ന വലിയ വിഭാഗങ്ങൾ. സാമൂഹിക നീതി, ആരോഗ്യപരിരക്ഷ പരിഷ്കരണം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിലൂന്നി ഭരണവും പ്രചാരണവും നയിക്കുന്ന കമല അധികാരത്തിലെത്തിയാൽ അമേരിക്കയുടെ അധികാര സിരാകേന്ദ്രമായ വൈറ്റ്ഹൗസിൽ ലിംഗ, വംശ സമത്വത്തിന്റെ അനുപമമായ ചരിത്രമാകും പിറവിയെടുക്കുക. വോട്ടർമാരിൽ കറുത്തവരും ലാറ്റിനോകളും (ലാറ്റിനമേരിക്കൻ വംശജർ), ഏഷ്യൻ വംശജരും കമലയുടെ ജയം വല്ലാതെ കൊതിക്കുന്നവരാണ്. പ്രചാരണത്തിന് ഫണ്ട് പിരിക്കാനിറങ്ങിയപ്പോൾ അതിവേഗമായിരുന്നു കമല കോടികൾ വാരിക്കൂട്ടിയത്.
സർവേകളിൽ കമല
വളരെ വൈകി അങ്കത്തിനെത്തിയിട്ടും അതിവേഗം ബഹുദൂരം അമേരിക്കൻ വോട്ടർമാരുടെ മനസ്സിലേക്ക് ഓടിക്കയറിയ കമല ഹാരിസ് അഭിപ്രായ സർവേകളിൽ പലതിലും മുൻതൂക്കം പാലിക്കുന്നു. അടുത്തിടെ, റോയിട്ടേഴ്സ്/ഇപ്സോസ് സർവേയിൽ കമല 47 ശതമാനം പിന്തുണ നേടുമ്പോൾ ഡോണൾഡ് ട്രംപിന് 42 ശതമാനമായിരുന്നു അത്. എന്നാൽ, നവംബർ അഞ്ചിലേക്ക് കൂടുതൽ അടുക്കുമ്പോൾ സർവേകൾ കൂടുതൽ കടുത്ത പോരാട്ട സാധ്യതയും പങ്കുവെക്കുന്നു. 2020ലെ തെരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിച്ച തോമസ് മുള്ളറെ പോലുള്ളവർ കമല 400ലേറെ ഇലക്ടറൽ കോളജ് വോട്ടുനേടി പ്രസിഡന്റാകുമെന്ന് പറയുമ്പോൾ, വോട്ടർമാർ ഇരുവശത്തും തുല്യമായി നിൽക്കുന്നുവെന്ന് പി.ഇ.ഡബ്ല്യു സർവേ റിപ്പോർട്ട് സൂചിപ്പിക്കുന്നു.
പ്രസിഡന്റ് സംവാദം
അമേരിക്കയിലെ വോട്ടർമാർ മാത്രമല്ല, ലോകം മുഴുക്കെയും ഉറ്റുനോക്കുന്നതാണ് തെരഞ്ഞെടുപ്പിന് ആഴ്ചകൾ മുമ്പ് ഒഴിഞ്ഞ സദസ്സിനു മുന്നിൽ അരങ്ങേറുന്ന പ്രസിഡന്റ് സ്ഥാനാർഥികളുടെ ടെലിവിഷൻ സംവാദം. ലോകത്തിന്റെ പ്രഥമ പൗരനാകാൻ അങ്കം കുറിക്കുന്നവരെന്ന നിലക്ക് വ്യക്തി പരിചയത്തിനൊപ്പം രാഷ്ട്രീയ നയങ്ങളും മൂല്യങ്ങളും വ്യക്തമാക്കുന്ന 90 മിനിറ്റ് മുഖാമുഖം പൂർത്തിയാകുമ്പോൾ കൃത്യമായ മേൽക്കൈ ഒരാൾക്ക് ലഭിക്കുക സ്വാഭാവികം. ഡെമോക്രാറ്റ് സ്ഥാനാർഥിയായിരുന്ന പ്രസിഡന്റ് ബൈഡനും ട്രംപും തമ്മിൽ ജൂണിൽ നടന്ന സംവാദം ശരിക്കും ബൈഡന്റെ സ്ഥാനാർഥിത്വം തെറിപ്പിച്ചത് നാം കണ്ടതാണ്. എന്നാൽ, സംവാദം പിൻഗാമിയായ കമല ഹാരിസും ട്രംപും തമ്മിലായതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. വിടുവായത്തങ്ങളും വാചാടോപങ്ങളും കൊണ്ട് എതിരാളികളെ വീഴ്ത്താമെന്ന പ്രതീക്ഷയിൽ ഇറങ്ങിയ ഡോണൾഡ് ട്രംപിനു മുന്നിൽ കൃത്യമായ ഗൃഹപാഠങ്ങളോടെയെത്തിയ കമല ശരിക്കും പറഞ്ഞുകയറി. ആദ്യ സംവാദത്തിൽ ചുവടുതെറ്റി ബൈഡന് സ്ഥാനാർഥിത്വം തന്നെ നഷ്ടമായിടത്തായിരുന്നു ഡെമോക്രാറ്റ് സ്വപ്നങ്ങളെ ഉയരെ നിർത്തി കമലയുടെ പ്രകടനം.
ഈ സംസ്ഥാനങ്ങൾ വിജയിയെ തീരുമാനിക്കും
ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും സ്വന്തം തട്ടകങ്ങളായി കാത്തുപോരുന്ന സംസ്ഥാനങ്ങൾ നിരവധിയുണ്ട് യു.എസിൽ. സ്ഥാനാർഥി ആരായാലും പാർട്ടി മാറാത്തവ. എന്നാൽ, കൃത്യമായ രാഷ്ട്രീയ ബോധം പ്രകടമാക്കുന്ന, സ്ഥാനാർഥിയുടെ മികവും അതത് കാലത്തെ രാഷ്ട്രീയവും വിധി നിർണയിക്കുന്ന ചില സംസ്ഥാനങ്ങളുണ്ട്. അരിസോണ, ജോർജിയ, മിഷിഗൺ, പെൻസൽവേനിയ, വിസ്കോൺസിൻ, നോർത്ത് കരോലൈന, നെവാദ തുടങ്ങിയവ ഇത്തവണ എവിടെ നിൽക്കുമെന്നതാണ് ഇരുപക്ഷത്തെയും ആധി.
ആദ്യ അഞ്ചിടത്ത് 2016ൽ ട്രംപിനെ ജയിപ്പിച്ചപ്പോൾ 2020ൽ എതിർസ്ഥാനാർഥി ബൈഡനൊപ്പം നിന്നു. അവസാന രണ്ടിൽ വളരെ കുറഞ്ഞ മാർജിനിലായിരുന്നു ജയം. അതിനാൽ അവ കേന്ദ്രീകരിച്ചുതന്നെയാണ് പ്രചാരണം ഇരുപക്ഷവും കൊഴുപ്പിക്കുന്നതും.
കമല ഹാരിസ്: അഭിഭാഷക വൃത്തിയിൽനിന്ന് തുടക്കം
തമിഴ്നാട്ടിലെ തിരുവാരൂർ ജില്ലയിൽ തുളസീന്ദ്രപുരത്ത് ജനിച്ച് യു.എസിലേക്ക് കുടിയേറിയ അർബുദരോഗ ഗവേഷക ശ്യാമള ഗോപാലന്റെയും ജമൈക്കൻ വംശജനായ സാമ്പത്തിക വിദഗ്ധൻ ഡോണൾഡ് ജെ. ഹാരിസിന്റെയും മകളായി യു.എസിലെ ഓക്ലൻഡിൽ ജനിച്ച കമല ഹാരിസ് രണ്ടുപതിറ്റാണ്ടായി അമേരിക്കൻ രാഷ്ട്രീയത്തിലെ സ്ഥിര സാന്നിധ്യമാണ്. കറുത്തവർക്ക് സ്വാധീനമുള്ള ഹോവാർഡ് വാഴ്സിറ്റിയിലെ പഠന കാലമാണ് അവരെ ശരിക്കും രാഷ്ട്രീയമായി വളർത്തിയത്. അലമേഡ കൗണ്ടിയിൽ പ്രോസിക്യൂട്ടറായി കരിയർ തുടങ്ങിയ അവർ 2004-2011ൽ സാൻ ഫ്രാൻസിസ്കോ പട്ടണത്തിലും ഇതേ പദവി വഹിച്ചു. അമേരിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള സ്റ്റേറ്റായ കാലിഫോർണിയയുടെ അറ്റോണി ജനറലായിട്ടായിരുന്നു അടുത്ത ഊഴം. 2016ൽ ഇവിടെനിന്നുതന്നെ സെനറ്ററായി ജയിച്ചു. 2020ൽ ബൈഡൻ പ്രസിഡന്റായപ്പോൾ കമല വൈസ് പ്രസിഡന്റായി. അതാണ്, പ്രായക്കൂടുതലും സംസാരത്തിലെ പ്രശ്നങ്ങളും വില്ലനായി ബൈഡൻ പുറത്താകുമ്പോൾ പ്രസിഡന്റ് പദത്തിലേക്ക് 59കാരിക്ക് അവസരമൊരുക്കിയത്.
ട്രംപ്: റിയൽ എസ്റ്റേറ്റിൽനിന്ന് രാഷ്ട്രീയത്തിലേക്ക്
ന്യൂയോർക്കിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് വ്യവസായി ഫ്രഡ് ട്രംപിന്റെ നാലാമത്തെ മകന് അതിൽ തന്നെയായിരുന്നു തുടക്കം മുതൽ കമ്പം. മദ്യാസക്തി 43ാം വയസ്സിൽ പിതാവിന്റെ ജീവനെടുത്തത് തന്നെ മദ്യവും സിഗരറ്റും ജീവിതത്തിൽ തൊടാതെ അകലം സൂക്ഷിക്കാൻ സഹായിച്ചതായി 78കാരൻ ട്രംപ് പറയുന്നു. പിതാവിൽനിന്ന് 10 ലക്ഷം ഡോളർ വായ്പ വാങ്ങിയാണ് റിയൽ എസ്റ്റേറ്റ് മേഖലയിൽ കാലെടുത്തുവെച്ചത്. പതിയെ പൂർണമായി പിതാവിന്റെ ലോകം തന്റേതാക്കി ട്രംപ് ഓർഗനൈസേഷൻ എന്ന് 1971ൽ പുനർനാമകരണം ചെയ്തു. കൂറ്റൻ നിർമിതികൾ, കാസിനോകൾ, ഗോൾഫ് കോഴ്സുകൾ, ഹോട്ടലുകൾ എന്നിവയൊക്കെ സ്വന്തമാക്കിയ ട്രംപ് മിസ് യൂനിവേഴ്സ് മത്സരം പോലുള്ളവയുടെയും ഉടമസ്ഥനായി. എൻ.ബി.സി ടെലിവിഷനിലെ റിയാലിറ്റി ഷോ ജനപ്രീതി നൽകി. വ്യവസായത്തിനൊപ്പം രാഷ്ട്രീയവും കൂടിയായാലോ എന്ന ചിന്ത തലക്കുപിടിച്ച് 2000ൽ ആദ്യമായി പ്രസിഡന്റ് സ്ഥാനാർഥിത്വത്തിന് ശ്രമിച്ചു. 2015ൽ ജൂണിൽ ശരിക്കും രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ച ട്രംപ് തൊട്ടടുത്ത വർഷം റിപ്പബ്ലിക്കൻ ബാനറിൽ പ്രസിഡന്റുമായി. കാലാവസ്ഥ കരാറുകളിൽനിന്ന് പിൻവാങ്ങിയും മുസ്ലിം രാജ്യങ്ങളിൽനിന്ന് യാത്ര വിലക്കിയും ചൈനയുമായി വ്യാപാര യുദ്ധം തുടങ്ങിയും കുടിയേറ്റ വിലക്ക് കർശനമാക്കിയുമായിരുന്നു അധികാരാരോഹണം ആഘോഷമാക്കിയത്. അതിനിടെ, ഇംപീച്ച്മെന്റിനും വിധേയനായി.
പ്രതിനിധി സഭയും സെനറ്റും
പ്രതിനിധി സഭയും സെനറ്റുമടങ്ങിയതാണ് അമേരിക്കൻ കോൺഗ്രസ്. 435 അംഗങ്ങളടങ്ങിയ പ്രതിനിധി സഭയാണ് അധോസഭ. കൂടുതൽ അധികാരമുള്ള സെനറ്റിൽ 100 അംഗങ്ങളുമുണ്ട്. രണ്ടു വർഷത്തിലൊരിക്കൽ പ്രതിനിധി സഭയിലെ എല്ലാ സീറ്റുകളിലും മത്സരം നടക്കും. ആറു വർഷ കാലാവധിയുള്ള സെനറ്റിലെ മൂന്നിലൊന്ന് സീറ്റുകളിലേക്കും.
ഇവ വരുതിയിൽ നിർത്തൽ കൂടി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇരു പാർട്ടികൾക്കും മുഖ്യമാണ്. നിലവിൽ പ്രതിനിധി സഭയിൽ നേരിയ മേൽക്കൈ റിപ്പബ്ലിക്കന്മാർക്കുണ്ട്. സെനറ്റിൽ തുല്യ പങ്കാളിത്തവും.
ജനവിധി പോരാ, ഇലക്ടറൽ കോളജ് കനിയണം
നവംബർ അഞ്ചിലെ പൊതുജനവിധി അനുകൂലമായാൽ മാത്രം പ്രസിഡന്റാകില്ലെന്നതാണ് യു.എസിന്റെ പ്രത്യേകത. വോട്ടർമാർ തെരഞ്ഞെടുത്താൽ ജനവിധി ഒപ്പമാണെന്നു മാത്രം പറയാം. എന്നാൽ, യു.എസ് കോൺഗ്രസിലെ പ്രാതിനിധ്യത്തിനനുസരിച്ച് ഓരോ സംസ്ഥാനത്തുനിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഇലക്ടർമാർ ചേർന്നുള്ള ഇലക്ടറൽ കോളജ് വോട്ടെടുപ്പിൽ ജയിക്കുന്നവരാണ് പ്രസിഡന്റാകുക. അഥവ, 538 അംഗ ഇലക്ടറൽ കോളജിൽ 270 പേരുടെ പിന്തുണ നേടുന്നവർ പ്രസിഡന്റാകും. ജനവിധിയിൽ പിറകിലായവർ പോലും ഇങ്ങനെ പലവട്ടം യു.എസ് പ്രസിഡന്റായിട്ടുണ്ട്. ഏറ്റവുമൊടുവിൽ 2016ൽ ഹിലരി ക്ലിന്റൺ 29 ലക്ഷം വോട്ടിന് ബഹുദൂരം മുന്നിലായിട്ടും ഇലക്ടറൽ കോളജ് വോട്ടിൽ പുറന്തള്ളപ്പെട്ടു. ട്രംപ് പ്രസിഡന്റാകുകയും ചെയ്തു. ഹിലരി 227 ഇലക്ടറൽ കോളജ് വോട്ടിലൊതുങ്ങിയപ്പോൾ 304 ആയിരുന്നു ട്രംപിന് ലഭിച്ചത്. അടുത്ത വർഷം ജനുവരി ആറിന് ചേരുന്ന യു.എസ് കോൺഗ്രസ് സംയുക്ത സമ്മേളനത്തിലാണ് ഇലക്ടറൽ വോട്ടുകൾ എണ്ണുക. സെനറ്റ്, പ്രതിനിധി സഭ പ്രസിഡന്റുമാരുടെ സാന്നിധ്യത്തിലും അനുവാദത്തോടെയുമാകും ആ എണ്ണൽ പ്രക്രിയ. ജനുവരി 20നാകും പുതിയ പ്രസിഡന്റിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.