അമേരിക്കയിൽ തെരഞ്ഞെടുപ്പിന് ചൂടുപിടിക്കുന്നു
text_fieldsവൈസ്പ്രസിഡൻറ് സ്ഥാനത്തേക്ക് ഇന്ത്യൻ- ജമൈക്കൻ വംശജ കമല ഹാരിസിനെ ഡെമോക്രാറ്റിക് പാർട്ടി പ്രസിഡൻറ് സ്ഥാനാർഥി ജോ ബൈഡൻ തെരഞ്ഞെടുത്തതോടെ അമേരിക്കയിൽ രാഷ്ട്രീയ ഭൂകമ്പം. ജോ ബൈഡനും കമലക്കുമെതിരെ മോശം പദപ്രയോഗങ്ങളുമായി രംഗത്തെത്തിയ പ്രസിഡൻറ് ട്രംപാണ് വാക്പോരിന് തുടക്കമിട്ടത്. ലൈംഗിക പരാമർശങ്ങൾ അടക്കം നടത്തിയ ട്രംപിന് ബൈഡനും കമലയും ചുട്ട മറുപടി നൽകിയതോടെ നവംബർ മൂന്നിന് നടക്കുന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ അങ്കം മുറുകി. ട്രംപിെൻറയും വൈസ് പ്രസിഡൻറ് മൈക് പെൻസിെൻറയും പോരായ്മകൾ എണ്ണിപ്പറഞ്ഞാണ് കമല രംഗത്തെത്തിയത്. വൈസ് പ്രസിഡൻറ് സ്ഥാനാർഥിയെ തെരഞ്ഞെടുത്ത ശേഷം ആദ്യമായി ബൈഡനും കമലയും ഒരുമിച്ച് പ്രചാരണവും നടത്തി.
ബൈഡേൻറത് അപകട സാധ്യതയേറിയ തീരുമാനം–ട്രംപ്
കമല ഹാരിസിനെ തെരഞ്ഞെടുത്ത ജോ ബൈഡെൻറ തീരുമാനം അപകട സാധ്യതയേറിയതും വളരെ അസാധാരണവുമെന്ന് ട്രംപ്. ലൈംഗിക ചുവയുള്ളതും അശ്ലീലവുമായ പരാമർശങ്ങളും നടത്തിയാണ് ഡെമോക്രാറ്റിക് പാർട്ടി വൈസ് പ്രസിഡൻറ് സ്ഥാനാർഥിയെ കുറിച്ച് ട്രംപ് പ്രതികരിച്ചത്. പ്രസിഡൻറ് സ്ഥാനാർഥിത്വത്തിന് മത്സരിച്ചപ്പോൾ കമലയെ നമ്മൾ കണ്ടതാണ്. വോട്ട് ലഭിക്കാതെ നിലംപതിച്ചപ്പോൾ ദേഷ്യക്കാരിയും മനോനില തെറ്റിയവളുമായി. ബൈഡനെ ഏറ്റവും കൂടുതൽ അപമാനിച്ചതും കമലയാണ്. എന്നാൽ, ഒരു സുപ്രഭാതത്തിൽ കമല പറയുകയാണ് ഏറ്റവും മികച്ചവനും നല്ലവനും ബൈഡനാണെന്ന്. ഇത്രയും മോശം രീതിയിൽ അപമാനിച്ചിട്ടും ബൈഡൻ കമലയെ തെരഞ്ഞെടുത്തത് വളരെ അസാധാരണമായി തോന്നി. ബൈഡനെ കുറിച്ച് മോശം കാര്യങ്ങൾ കമല പറഞ്ഞത് നിങ്ങൾക്ക് (മാധ്യമപ്രവർത്തകർ) അറിയാമെങ്കിലും എഴുതില്ല. പരസ്യമായി ബൈഡനെ കളിയാക്കിയ വ്യക്തിയാണ്. അതുകൊണ്ടാണ് കമലയുടെ തെരഞ്ഞെടുപ്പ് അപകടകരമാണെന്ന് പറയുന്നത്. മൂന്ന് ട്രില്ല്യൺ ഡോളറിെൻറ നികുതി വർധനയാണ് കമല ആവശ്യപ്പെടുന്നത്. നികുതി മൂന്നിരട്ടിയാക്കിയാൽ എന്തു സംഭവിക്കുമെന്ന് അറിയാമല്ലോ. നിങ്ങൾക്ക് വിശ്വസിക്കാൻ പോലും കഴിയാത്തത്ര തൊഴിൽ നഷ്ടവും തൊഴിലില്ലായ്മയും ഉണ്ടാകും.' ട്രംപ് പറഞ്ഞു.
അമേരിക്ക നേതൃത്വത്തെ
തേടുന്നു–കമല
ഒരു ജോലിക്ക് അർഹനല്ലാത്തയാളെ തെരഞ്ഞെടുത്താലുള്ള ദുരന്തമാണ് അനുഭവിക്കുന്നതെന്ന് ട്രംപിെന ലക്ഷ്യംവെച്ച് കമല ഹാരിസ് പറഞ്ഞു. 'ലോകമെങ്ങും നമുക്കുള്ള ഖ്യാതി ഇല്ലാതാകുകയും രാജ്യം പഴന്തുണി പോലെ ആകുകയുമാണ്. കോവിഡിനെ വളരെ മോശം രീതിയിലാണ് ട്രംപ് കൈകാര്യം ചെയ്തത്. 16 ദശലക്ഷം പേർ തൊഴിലില്ലാത്തവരായി. ദശലക്ഷക്കണക്കിന് കുട്ടികൾക്ക് സ്കൂളിൽ പോകാൻ ആകുന്നില്ല. ദരിദ്രരും ഭവന രഹിതരുമാകുകയാണ്. കറുത്തവർ, തവിട്ടുനിറക്കാർ, തദ്ദേശീയ ജനവിഭാഗങ്ങൾ എന്നിവരെയാണ് ദുരിതം കൂടുതൽ ബാധിച്ചത്. അഞ്ച് അമ്മമാരിൽ ഒരാൾ മക്കൾക്ക് ഭക്ഷണം നൽകാനാകാതെ പ്രയാസപ്പെടുന്നു. ഉറ്റവർക്ക് ശരിയായ രീതിയിൽ യാത്ര പറയാൻ പോലും സാധിക്കാതെ 1.65 ലക്ഷം പേർക്കാണ് ജീവൻ നഷ്ടമായത്. ആറ് വർഷം മുമ്പ് എബോളയുടെ രീതിയിൽ നമ്മൾ ആരോഗ്യ പ്രതിസന്ധി അനുഭവിച്ചിരുന്നു. ബറാക്ക് ഒബാമയും ജോ ബൈഡനും അവരുടെ ജോലി നിർവഹിച്ചു. അമേരിക്കയിൽ രണ്ട് പേർ മാത്രമാണ് മരിച്ചത്. അതാണ് നേതൃത്വം. അമേരിക്ക ഇപ്പോൾ നേതൃത്വത്തെ തേടുകയാണ്' കമല ഹാരിസ് പറഞ്ഞു. ഈ തെരഞ്ഞെടുപ്പ് ട്രംപിനെയോ മൈക്ക് പെൻസിനെയോ പരാജയപ്പെടുത്തൽ മാത്രമല്ല. നമ്മുടെ രാജ്യത്തെ മികവിലേക്ക് തിരികെ കൊണ്ടുേപാകൽ കൂടിയാണ്. ബൈഡൻ-ഹാരിസ് ഭരണം ദശലക്ഷക്കണക്കിന് തൊഴിലുകൾ സൃഷ്ടിക്കുമെന്നും തുല്യതക്കായി നിലകൊള്ളുമെന്നും പരിസ്ഥിതി സംരക്ഷിക്കുമെന്നും ഉറപ്പുനൽകുന്നു- കമല ഹാരിസ് പറഞ്ഞു.
കരുത്തുറ്റ സ്ത്രീ– ബൈഡൻ
കമല ഹാരിസ് മിടുക്കിയും കരുത്തുറ്റതും രാജ്യത്തെ മധ്യവർഗത്തിന് വേണ്ടി പോരാടിയ സ്ത്രീയുമാണെന്ന് ജോ ബൈഡൻ. ട്രംപ് സങ്കടം പറഞ്ഞിരിക്കുകയാണെന്നും ഡെമോക്രാറ്റിക് പാർട്ടി പ്രസിഡൻറ് സ്ഥാനാർഥി പറഞ്ഞു. കമലക്കെതിരെ ട്രംപ് അശ്ലീല പരാമർശങ്ങൾ നടത്തിയതിനെയും അദ്ദേഹം വിമർശിച്ചു. 'കരുത്തുറ്റ സ്ത്രീയോട് ട്രംപിന് പ്രശ്നം ഉണ്ടാകുമെന്നതിൽ ആരെങ്കിലും ആശ്ചര്യപ്പെടുന്നുണ്ടോ. കമലയെ പ്രതിരോധിക്കാൻ സാധാരണക്കാർ രംഗത്തുവരും. നിങ്ങൾക്ക് പിന്തുണയുമായാണ് കമല ഹാരിസ് നിലകൊള്ളുന്നത്. അവർക്കായി നമ്മളും നിലകൊള്ളും. പ്രതിസന്ധികളും വെല്ലുവിളികളും എങ്ങനെ നേരിടണമെന്ന് കമലക്ക് അറിയാം. ആദ്യ ദിവസം മുതലേ ഈ ജോലിക്ക് അവർ തയാറാണ്. ഈ രാജ്യത്തിെൻറ പുനർനിർമാണത്തിനും മികച്ച ഭാവിയിലേക്ക് നയിക്കാനും ഞങ്ങൾ രണ്ടുപേരും ഒരുക്കമാണ്. കമലയുടെ ജീവിതം ഇന്നത്തെ അമേരിക്കയുടെ ചരിത്രം കൂടിയാണ്. കുടിയേറ്റക്കാരുടെ മകൾ എന്ന നിലക്ക് പ്രശ്നങ്ങൾ അവർക്ക് അറിയാം' ബൈഡൻ പറഞ്ഞു.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.