പ്രവചനപ്പനിയിലമർന്ന് അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്
text_fieldsഅമേരിക്കയിൽ അതിനിർണായകമായ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുമ്പോൾ, വോട്ടിങ് പ്രക്രിയകളെക്കാൾ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും നിറഞ്ഞുനിൽക്കുന്നത് പ്രവചനങ്ങളും സർവേ ഫലങ്ങളുമാണ്.
ഓരോ സംസ്ഥാനങ്ങൾക്കും തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഓരോ നിയമങ്ങളും രീതികളുമായതിനാൽ, കേന്ദ്രീകൃതമായ ഫലത്തിനായി പലപ്പോഴും മാധ്യമങ്ങളെയാണ് ജനങ്ങൾ ആശ്രയിക്കുക. അതുകൊണ്ടുതന്നെ അവരുടെ പ്രവചനങ്ങളും സർവേകളും പ്രധാനവുമാണ്.
‘ദി എക്കണോമിസ്റ്റി’ന്റെ റിപ്പോർട്ടനുസരിച്ച്, 13 പോളുകളുടെ അടിസ്ഥാനത്തിൽ കമലക്ക് നേരിയ ലീഡുണ്ട്. ജയസാധ്യത 50 ശതമാനത്തിൽനിന്ന് 56 ആയിട്ടുണ്ട് എന്നാണ് അവരുടെ നിഗമനം. സർവേക്കായി എക്കണോമിസ്റ്റ് ഉപയോഗിക്കുന്ന മോഡലുകളും അവർ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കൊളംബിയ യൂനിവേഴ്സിറ്റിയിലെ വിദഗ്ധർ വികസിപ്പെച്ചെടുത്ത മോഡലാണ് അവരുടെ പ്രവചനത്തിനാധാരം. അനേകം സ്രോതസ്സുകളിൽനിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജയപരാജയങ്ങളുടെ സാധ്യതകൾ സൃഷ്ടിച്ചെടുക്കുകയും അവയുടെ വിശകലനത്തിലൂടെ പ്രവചനം നടത്തുകയുമാണ് തങ്ങൾ ചെയ്യുന്നതെന്ന് അവർ അവകാശപ്പെടുന്നു.
എന്നാൽ ‘യു.എസ്.എ ടുഡേ’ക്കുവേണ്ടി ഫിലിപ്പ് ബെയ്ലി എഴുതുന്നതിങ്ങനെ: വോട്ടെടുപ്പിനെക്കുറിച്ച് മറന്നേക്കൂ... പ്രവചനപ്പനി ട്രംപ്-കമല തെരഞ്ഞെടുപ്പിന്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നു’. വോട്ടെടുപ്പ് നടത്തുന്നവരും പ്രവചനക്കാരും അക്കാദമിക വിദഗ്ധരും വാതുവെപ്പുകാരും എല്ലാം ചേർന്ന് നവംബർ അഞ്ചിന് എന്ത് സംഭവിക്കും എന്നതിനെക്കുറിച്ചുള്ള തങ്ങളുടെ അഭിപ്രായങ്ങളും ശേഖരിച്ചിട്ടുള്ള വിവരങ്ങളും നിരത്തുകയാണ്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി 47 സംസ്ഥാനങ്ങളിലായി 7.8 കോടി വോട്ടുകൾ രേഖപ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പു ദിവസത്തിനു മുമ്പുതന്നെ രേഖപ്പെടുത്തുന്ന ഈ വോട്ടുകൾ ചില സൂചനകൾ നൽകുമെങ്കിലും ഫലം പ്രവചനാതീതമെന്നാണ് സി.എൻ.എൻ കരുതുന്നത്. അടുത്തകാലത്തായി നടന്ന 10 തെരഞ്ഞെടുപ്പുകളിൽ ഒമ്പതിന്റെയും ഫലം ശരിയായി പ്രവചിച്ച രാഷ്ട്രീയ നിരീക്ഷകനും ചരിത്രകാരനുമായ അല്ലൻ ലിച്ച്മാൻ ജയം പ്രവചിക്കുന്നത് കമലക്കാണ്.
ഓരോ ദിവസവും മാറിക്കൊണ്ടിരിക്കുന്ന ചിത്രങ്ങൾ ആശങ്കയുണർത്തുന്നുവെങ്കിലും മാർക്കറ്റുകൾ ഉറ്റുനോക്കുന്നത് ട്രംപിന്റെ വിജയത്തിലേക്കാണ്.
ലാസ് വെഗാസ് അടങ്ങുന്ന വാതുവെപ്പ് കേന്ദ്രങ്ങളും മാർക്കറ്റുകളും ട്രംപിന്റെ വിജയം പ്രവചിക്കുന്നു. ട്രംപിനെ പിന്തുണക്കുന്ന ഫോക്സ് ടി.വി ഈ പ്രവചനങ്ങൾ ശരിവെക്കുന്നു.
എന്നാൽ, മാർക്കറ്റ് ശക്തികൾ അവരാഗ്രഹിക്കുന്ന ഫലം പ്രവചിക്കുന്നുവെന്ന ആരോപണവും ശക്തമാണ്. അതുകൊണ്ടുതന്നെ കമല ജയിക്കണമെന്നാഗ്രഹിക്കുന്നവർ അവരുടെ പ്രവചനങ്ങൾ തള്ളിക്കളയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.