ബശ്ശാറിെൻറ മരണം ട്രംപ് ആഗ്രഹിച്ചുവെന്ന് പുസ്തകം അസംബന്ധം നിറഞ്ഞത് -വൈറ്റ് ഹൗസ്
text_fieldsവാഷിങ്ടൺ: സ്വന്തം ജനതക്കുനേരെ രാസായുധം പ്രയോഗിച്ച സിറിയൻ ഭരണാധികാരി ബശ്ശാർ അൽഅസദ് കൊല്ലപ്പെടണമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ആഗ്രഹിച്ചിരുന്നുവെന്ന് അന്വേഷണാത്മക പത്രപ്രവർത്തകൻ ബോബ് വുഡ്വാഡ് എഴുതിയ പുസ്തകം. യു.എസ് സൈന്യം സിറിയയിലെത്തി ബശ്ശാറിനെ വധിക്കണമെന്നായിരുന്നു ട്രംപ് ആഗ്രഹിച്ചതെന്നും ‘ഫിയർ: ട്രംപ് ഇൻ ദ വൈറ്റ് ഹൗസ്’ എന്ന പുസ്തകത്തിൽ പറയുന്നു. തടസ്സം നിന്നത് പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ് ആയിരുന്നു. അതിനാൽ ബശ്ശാറിനെ ലക്ഷ്യംവെക്കുന്നതിന് പകരം സിറിയൻ സൈനികകേന്ദ്രങ്ങൾ തകർക്കുകയായിരുന്നു യു.എസ്. 2017 ഏപ്രിൽ ഏഴിനായിരുന്നു ആ ആക്രമണം.
പുസ്തകത്തിലെ പരാമർശങ്ങൾ വിവാദമായപ്പോൾ ഭാവനയാണെന്നു പറഞ്ഞ് തലയൂരുകയായിരുന്നു മാറ്റിസ്. മാറ്റിസിനെ കൂടാതെ വൈറ്റ്ഹൗസിലെ മുതിർന്ന ഉദ്യോഗസ്ഥരുമായും ട്രംപ് കലഹത്തിലായിരുന്നുവെന്നും പുസ്തകത്തിലുണ്ട്. അറ്റോണി ജനറൽ ജെഫ് സെഷൻസ്, വൈറ്റ് ഹൗസ് ചീഫ് ഒാഫ് സ്റ്റാഫ് ജോൺ കെല്ലി, മുൻ ചീഫ് ഒാഫ് സ്റ്റാഫ് റീൻസ് പ്രീബസ് എന്നിവർ ഇൗ പട്ടികയിലുണ്ട്. യു.എസ് തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലുകളെക്കുറിച്ചുള്ള അന്വേഷണങ്ങളാണ് ട്രംപ് സെഷൻസിനെതിരെ തിരിയാൻ കാരണം. സെഷൻസിന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നായിരുന്നു ട്വിറ്ററിലൂടെ ട്രംപിെൻറ കളിയാക്കൽ.
ദക്ഷിണ കൊറിയയുമായി വ്യാപാരബന്ധം റദ്ദാക്കണമെന്ന ട്രംപിെൻറ നിർദേശം യുക്തമല്ലെന്നു കണ്ട് കണ്ടില്ലെന്നുനടിച്ച മുൻ സാമ്പത്തിക ഉപദേഷ്ടാവ് ഗാരി കോഹ്നെക്കുറിച്ചും പരാമർശമുണ്ട്. തെൻറ സഹപ്രവർത്തകൻ കാർ ബെൻസ്റ്റീനൊപ്പം 1970കളിൽ നിക്സൺ ഭരണകൂടത്തിെൻറ വാട്ടർഗേറ്റ് വിവാദം പുറത്തുകൊണ്ടുവന്നതോടെയാണ് വുഡ്വാഡ് ശ്രദ്ധനേടിയത്.അതിനിടെ, പുസ്തകം അസംബന്ധമെന്ന് വൈറ്റ് ഹൗസ് മറുപടി നൽകി.
കെട്ടിച്ചമച്ച കഥകളല്ലാതെ മറ്റൊന്നുമില്ല ‘ഫിയർ: ട്രംപ് ഇൻ ദ വൈറ്റ് ഹൗസ്’ എന്ന പുസ്തകത്തിലെന്നും വൈറ്റ് സെക്രട്ടറി സാറ സാൻഡേഴ്സ് വിമർശിച്ചു. 448 പേജുള്ള പുസ്തകത്തെക്കുറിച്ച് വാഷിങ്ടൺ പോസ്റ്റ് റിവ്യൂ പ്രസിദ്ധീകരിച്ചിരുന്നു. ഇൗ മാസം 11നാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. റിച്ചാർഡ് നിക്സൺ മുതൽ എട്ടു യു.എസ് പ്രസിഡൻറുമാരെക്കുറിച്ച് പുസ്തകം എഴുതിയിട്ടുണ്ട് വാഷിങ്ടൺ പോസ്റ്റ് അസോസിയേറ്റ് എഡിറ്ററായ വുഡ്വാഡ്. വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരുമായി ട്രംപിെൻറ സ്വരച്ചേർച്ചയില്ലായ്മയാണ് പുസ്തകത്തിെൻറ പ്രതിപാദ്യമെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.