യു.എസിൽ പ്രതിഷേധക്കാർക്ക് നേരെ അക്രമിയുടെ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു
text_fieldsവാഷിങ്ടൺ: യു.എസിൽ പൊലീസ് അതിക്രമത്തിനെതിരെ പ്രതിഷേധം തുടരുന്നവർക്ക് നേരെ അക്രമി നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. മറ്റൊരാൾക്ക് പരിക്കേറ്റു. കെന്‍റക്കി ലൂയിസ്വില്ലയിലെ പാർക്കിൽ അമേരിക്കൻ സമയം ശനിയാഴ്ച വൈകീട്ടോടെയാണ് അക്രമമുണ്ടായത്.
കറുത്ത വർഗക്കാരിയായ ബ്രയോണ ടെയ്ലറിനെ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തിയതിനെതിരെ ലൂയിസ്വില്ലയിലെ ജഫേഴ്സൺ സ്ക്വയർ പാർക്കിൽ ആഴ്ചകളായി പ്രതിഷേധ പരിപാടികൾ തുടരുകയാണ്. ഇവർക്ക് നേരെയാണ് അക്രമി വെടിയുതിർത്തത്.
അക്രമി വെടിയുതിർക്കുന്നതും പ്രതിഷേധക്കാർ ചിതറിയോടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വെടിയേറ്റ രണ്ടാമത്തെയാളുടെ പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് പറഞ്ഞു.
അക്രമത്തിന് പിന്നിലുള്ളവരെ കണ്ടെത്താൻ അന്വേഷണം ഊർജിതമാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
കഴിഞ്ഞ മാർച്ച് 13നാണ് ലൂയിസ് വില്ലയിൽ വെള്ളക്കാരായ പൊലീസുകാർ കറുത്ത വർഗക്കാരിയായ ബ്രയോണ ടെയ്ലറിനെ (26) വെടിവെച്ചു കൊന്നത്. മയക്കുമരുന്ന് കേസ് അന്വേഷണത്തിനിടെ ബ്രയോണ ടെയ്ലറിന്റെ വീട്ടിലെത്തിയ പൊലീസുകാർ വെടിവെക്കുകയായിരുന്നു. മയക്കുമരുന്നുമായി ബന്ധപ്പെട്ട തെളിവുകളൊന്നും വീട്ടിൽനിന്ന് കണ്ടെത്തിയിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.