കോവിഡ് പ്രതിരോധം പരാജയപ്പെട്ടാൽ ആഫ്രിക്കയിൽ രണ്ടു ലക്ഷത്തോളം മരണമെന്ന് ഡബ്ല്യൂ.എച്ച്.ഒ
text_fieldsബ്രസാവില്ല: കോവിഡ് വൈറസ് പ്രതിരോധ നടപടികൾ പരാജയപ്പെട്ടാൽ ആഫ്രിക്കയിൽ രണ്ടു ലക്ഷത്തോളം പേർ വരെ മരിക്കാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന. ആഫ്രിക്കൻ വൻകരയിലെ 47 രാജ്യങ്ങളിൽ നടത്തിയ പഠനത്തിന്‍റെ പശ്ചാത്തലത്തിൽ തയാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയില്ലെങ്കിൽ ആദ്യ വർഷത്തിൽ 29 മുതൽ 44 ദശലക്ഷം ജനങ്ങൾക്ക് വൈറസ് ബാധ ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ 83,000 മുതൽ 1,90,000 വരെ ആളുകൾ മരണപ്പെടാമെന്നും ഡബ്ല്യൂ.എച്ച്.ഒ ആഫ്രിക്ക ഡയറക്ടർ മത്സിഡിസോ മൊയ്തി പറയുന്നു.
ദുർബലമായ ആരോഗ്യ സംവിധാനം, ഉയർന്ന ദാരിദ്ര്യ നിരക്ക്, മുൻകാലങ്ങളിലെ പകർച്ചവ്യാധി നിർമാർജനം അടക്കമുള്ള കാര്യങ്ങൾ താരതമ്യം ചെയ്താൽ കോവിഡ് വ്യാപനം വേഗത്തിലായേക്കും. അമേരിക്കയെയും യൂറോപ്യൻ രാജ്യങ്ങളെയും കണക്കിലെടുത്താൽ വളരെ സാവധാനത്തിലാണ് ആഫ്രിക്കൻ രാജ്യങ്ങളിൽ വൈറസ് പടരുന്നത്. കുറഞ്ഞ നിരക്കിലുള്ള വ്യാപനം വഴി കോവിഡ് രോഗം ഒരു വർഷം വരെ നീണ്ടു നിന്നേക്കാമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ആഫ്രിക്കൻ വൻകരയിൽ ഇതുവരെ 53,334 പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 2,065 പേർ മരണപ്പെട്ടു. 17,634 പേർ സുഖം പ്രാപിച്ചു. 53 ആഫ്രിക്കൻ രാജ്യങ്ങളിൽ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.