കുട്ടികളുടെ അശ്ളീലചിത്രങ്ങള്‍ കൈമാറിയ യു.എന്‍ ഉദ്യോഗസ്ഥരെ പുറത്താക്കി
text_fieldsയുനൈറ്റഡ് നേഷന്‍സ്: ഒൗദ്യോഗിക ഇ-മെയില്‍ അക്കൗണ്ടുകള്‍ വഴി കുട്ടികളുടെ അശ്ളീലചിത്രങ്ങള്‍ കൈമാറിയതിന് നാല് യു.എന്‍ ഉദ്യോഗസ്ഥരെ പുറത്താക്കി. ഒൗദ്യോഗിക വാഹനത്തില്‍ മരിജുവാന കടത്തിയതിന് മറ്റൊരു ഉദ്യോഗസ്ഥനെതിരെയും നടപടിയെടുത്തിട്ടുണ്ട്. 2014 ജൂലൈ ഒന്നിനും 2015 ജൂണ്‍ 30നുമിടയിലുണ്ടായ സംഭവങ്ങള്‍ സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് പുറത്തറിഞ്ഞത്. ജീവനക്കാര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിച്ചതായി റിപ്പോര്‍ട്ടില്‍ വിവരമില്ല. സെപ്റ്റംബര്‍ 22ന് യു.എന്‍ ജീവനക്കാര്‍ക്ക് അണ്ടര്‍ സെക്രട്ടറി ജനറല്‍ അയച്ച സര്‍ക്കുലര്‍ ഒൗദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുകയായിരുന്നു. അച്ചടക്കനടപടികള്‍ സ്വീകരിച്ച 60ലേറെ സംഭവങ്ങളെക്കുറിച്ച് റിപ്പോര്‍ട്ടിലുണ്ട്. കുട്ടികളുടേതുള്‍പ്പെടെ അശ്ളീല വിഡിയോകള്‍ ഒൗദ്യോഗിക മെയില്‍ വഴി കൈമാറ്റംചെയ്തതിന് ഒരാളെ പദവിയില്‍നിന്ന് തരംതാഴ്ത്തിയിട്ടുണ്ട്. ദൗത്യമേധാവിയെ കൊല്ലുമെന്ന് ഭീഷണിമുഴക്കിയ മറ്റൊരു ഉദ്യോഗസ്ഥനെയും ജോലിയില്‍നിന്ന് നീക്കി. അനുമതിയില്ലാതെ കടലാസുകെട്ടും പ്ളാസ്റ്റിക് സീലുകളും കൈക്കലാക്കാന്‍ ശ്രമിച്ചതുള്‍പ്പെടെ സംഭവങ്ങളിലും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായി. ടയറുകള്‍ ഊരിവിറ്റതിനും പെട്രോളിയം ഉല്‍പന്നങ്ങള്‍ കൈക്കലാക്കാന്‍ ശ്രമിച്ചതിനും നടപടിയെടുത്തിട്ടുണ്ട്. 41000 ഉദ്യോഗസ്ഥരാണ് യു.എന്‍ സെക്രട്ടേറിയറ്റിലുള്ളത്. യു.എന്‍ ഉദ്യോഗസ്ഥരുടെ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വാര്‍ഷിക റിപ്പോര്‍ട്ട് എല്ലാവര്‍ഷവും പുറത്തിറക്കാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.