പാരിസ് ആക്രമണം: സിഖുകാരനെ തീവ്രവാദിയാക്കി മാധ്യമങ്ങള്‍
text_fieldsടൊറന്‍േറാ: വീരേന്ദര്‍ ജുബ്ബല്‍ എന്ന സിഖുകാരന്‍ ഇതുവരെ പാരിസ് സന്ദര്‍ശിച്ചിട്ടില്ല. മതം മാറുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല. എന്നാല്‍, പാരിസില്‍ ഐ.എസ് ആക്രമണത്തില്‍ പങ്കെടുത്ത തീവ്രവാദികളിലൊരാളായി മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത് ജുബ്ബലിന്‍െറ ചിത്രമാണ്. കൈയില്‍ ഐ പാഡുമായി നില്‍ക്കുന്ന ജുബ്ബലിന്‍െറ ചിത്രം ഫോട്ടോഷോപ് ഉപയോഗിച്ച് ചില മാറ്റങ്ങള്‍ വരുത്തിയാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. മാറ്റം വരുത്തിയ ചിത്രത്തില്‍ ഐപാഡിന്‍െറ സ്ഥാനത്ത് ഖുര്‍ആനാണുള്ളത്. ‘പാരിസ് ആക്രമണത്തിലെ തീവ്രവാദി ഇസ്ലാമിലേക്ക് മതംമാറിയ സിഖുകാരന്‍’ എന്ന കാപ്ഷനും ചിത്രത്തിനടിയില്‍ നല്‍കിയിട്ടുണ്ട്. ചിത്രം ട്വിറ്ററില്‍ വൈറലായി എന്നുമാത്രമല്ല, ചില പടിഞ്ഞാറന്‍ പത്രങ്ങള്‍ ഇത് ഉപയോഗിച്ച് വാര്‍ത്ത ചമക്കുകയും ചെയ്തു. സ്പാനിഷ് വാര്‍ത്താപത്രമായ ‘ലാ റാസന്‍’ ഈ ചിത്രം ഒന്നാം പേജില്‍ തന്നെയാണ് പ്രസിദ്ധീകരിച്ചത്.
ട്വിറ്ററില്‍നിന്ന് ഇതിനകം ചിത്രം നീക്കം ചെയ്തിട്ടുണ്ടെങ്കിലും ജുബ്ബലിന്‍െറ ചിത്രം അദ്ദേഹമറിയാതെ വിവിധ മാധ്യമങ്ങളില്‍ ഇപ്പോഴും നിറഞ്ഞുനില്‍കുകയാണ്. ട്വിറ്ററില്‍ ജുബ്ബല്‍ നിരവധി പോസ്റ്റുകളിലൂടെ താന്‍ തീവ്രവാദിയല്ളെന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണ്. വിശ്വാസിയായ സിക്കുകാരനാണെന്നും മതം മാറിയിട്ടില്ളെന്നും കാനഡയിലാണ് താമസിക്കുന്നതെന്നും പാരിസ് ഇതുവരെ സന്ദര്‍ശിച്ചിട്ടില്ളെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ഇതാദ്യമായല്ല സാമൂഹിക മാധ്യമങ്ങളില്‍ തീവ്രവാദിയെന്ന പേരില്‍ നിരപരാധികളുടെ ചിത്രം പ്രത്യക്ഷപ്പെടുന്നത്. 2013ല്‍ ബോസ്റ്റണില്‍ ഭീകരാക്രമണമുണ്ടായപ്പോള്‍ സുനില്‍ ത്രിപാഠി എന്ന ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ ചിത്രം തീവ്രവാദിയുടേതെന്ന പേരില്‍ പ്രചരിച്ചിരുന്നു.
ത്രിപാഠിയെ കുറച്ചു ദിവസങ്ങളായി കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചു വരുന്നതിനിടെ പ്രത്യക്ഷപ്പെട്ട വാര്‍ത്ത രക്ഷിതാക്കളെയടക്കം ആശങ്കയിലാക്കിരുന്നു. എന്നാല്‍, എല്ലാം ഫോട്ടോഷോപ് വേലകളാണെന്ന് പിന്നീട് തെളിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.