സിറിയ: ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാൻ വിയനയിൽ ചർച്ച തുടങ്ങി
text_fieldsവിയന: സിറിയയിൽ നാലര വർഷം നീണ്ട ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാനുള്ള യു.എസ്, റഷ്യ, സൗദി അറേബ്യ, തുർക്കി, ഇറാൻ തുടങ്ങിയ രാജ്യങ്ങളുടെ രാഷ്ട്രീയചർച്ച വിയനയിൽ തുടങ്ങി. ചർച്ചയിൽ ആദ്യമായാണ് ഇറാൻ പ്രതിനിധികൾ പങ്കെടുക്കുന്നത്. ബ്രിട്ടൻ, ഈജിപ്ത്, ഫ്രാൻസ്, ജർമനി, ഇറ്റലി, ലബനാൻ, യൂറോപ്യൻ, അറബ് രാജ്യങ്ങളുടെയും പ്രാതിനിധ്യം ചർച്ചയിൽ പ്രതീക്ഷിക്കുന്നുണ്ട്.
യുദ്ധം അവസാനിപ്പിക്കുന്നതിന് പരിഹാരം കണ്ടെത്താനാകുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി പ്രത്യാശ പ്രകടിപ്പിച്ചു. 17 രാജ്യങ്ങളിലെ പ്രതിനിധികളുമായാണ് കെറി കൂടിയാലോചന നടത്തുന്നത്. അതേസമയം, സിറിയയിൽ പ്രസിഡൻറ് ബശ്ശാർ അൽഅസദിനെ പിന്തുണക്കുന്ന റഷ്യയും ഇറാനും ചർച്ചയെ എങ്ങനെ സമീപിക്കുന്നുവെന്നത് യു.എസിന് വെല്ലുവിളിയുയർത്തുന്നുണ്ട്. അതിനെക്കാർ വിഷമംപിടിച്ചതാണ് ദീർഘകാല ശത്രുക്കളായ ഇറാനെയും സൗദിയെയും സിറിയൻ വിഷയത്തിൽ ഏകോപിപ്പിക്കുക എന്നത്.
രണ്ടാഴ്ച മുമ്പ് സൗദിയും ഇറാനും ഒരു മേശക്കു ചുറ്റും ഒന്നിച്ചിരിക്കുമെന്ന കാര്യം ആലോചിക്കാൻപോലും കഴിയില്ലായിരുന്നു. സിറിയയിൽ മാത്രമല്ല ഇറാഖ്, യമൻ, ബഹ്റൈൻ രാജ്യങ്ങളിലും ഇരുരാജ്യങ്ങളും പോരാട്ടം തുടരുന്നതാണ് നിലവിൽ കാണുന്നത്. ഒരു ഭാഗത്ത് റഷ്യയും ഇറാനും ബശ്ശാർ സർക്കാറിന് പിന്തുണ നൽകുമ്പോൾ, മറുഭാഗത്ത് സൗദി അറേബ്യ സുന്നി വിമതർക്ക് ആയുധങ്ങൾ നൽകുന്നതടക്കമുള്ള സഹായങ്ങൾ ചെയ്യുന്നു. സിറിയൻ ആഭ്യന്തരയുദ്ധം കൂടുതൽ രൂക്ഷമാക്കുന്നതിനാണ് ഇത് നയിച്ചത്.
വിമതർക്കെതിരെ സിറിയയിൽ കഴിഞ്ഞ മാസം മുതൽ തുടങ്ങിയ വ്യോമാക്രമണത്തിലൂടെ റഷ്യ സൗദി–യു.എസ് പിന്തുണയുള്ള സൈനികരെയും ലക്ഷ്യംവെക്കുന്നു. ബശ്ശാറിനെ പുറത്താക്കുക വഴി മാത്രമേ സിറിയയിൽ ശാശ്വതപരിഹാരം കാണാൻ കഴിയൂവെന്നാണ് യു.എസ് നിലപാട്. എന്നാൽ, ബശ്ശാറിെൻറ സ്ഥാനമാറ്റം റഷ്യയും ഇറാനും ആഗ്രഹിക്കുന്നില്ല. ജനങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ വീണ്ടും ജനവിധി തേടാൻ ബശ്ശാർ ഒരുക്കമാണെന്നും അവർ വ്യക്തമാക്കിയിരുന്നു. അതായത്, അമേരിക്കൻ–റഷ്യൻ ചേരികൾ തമ്മിലുള്ള പോരാട്ടമാണ് യഥാർഥത്തിൽ സിറിയയിൽ നടക്കുന്നതെന്ന് പറയേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.