സിറിയയിലേക്ക് കൂടുതൽ യു.എസ് സൈന്യം
text_fieldsവാഷിങ്ടൺ: സിറിയയിൽ സൈനികസാന്നിധ്യം കൂടുതൽ ശക്തമാക്കുന്നതിന് അമേരിക്ക തയാറെടുക്കുന്നു. ഇതിെൻറ ഭാഗമായി ഐ.എസിനെതിരായ പോരാട്ടത്തിൽ വിമതസൈന്യത്തിന് പിന്തുണ നൽകുന്നതിന് സിറിയയിലേക്ക് പ്രത്യേക സേനയെ അയക്കാൻ അമേരിക്കൻ പ്രസിഡൻറ് ബറാക് ഒബാമ ഉത്തരവിട്ടു. ഈ മാസത്തോടെ 50 പ്രത്യേക സേനകളെ വിമതസൈന്യത്തിന് പരിശീലനവും ഉപദേശവും നൽകുന്നതിന് വടക്കൻ സിറിയയിലേക്ക് അയക്കാനാണ് തീരുമാനം. വടക്കൻസിറിയയിലെ കുർദിഷ് വിമതരുടെ ആധിപത്യ മേഖലയിലേക്കാണ് സൈന്യത്തെ അയക്കുന്നത്. തീരുമാനം അറബ് സേനക്കും കുർദുകൾക്കും ഐ.എസിനെതിരായ പോരാട്ടം കൂടുതൽ കരുത്തുപകരുമെന്നാണ് അമേരിക്ക വിലയിരുത്തുന്നത്. സൈനികവിന്യാസം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ വൈറ്റ്ഹൗസ് വക്താവ് ജോഷ് ഏണസ്റ്റ് തയാറായില്ല. പ്രസിഡൻറ് ബശ്ശാർ അൽഅസദിനെതിരെ കരയുദ്ധത്തിനാണ് സൈന്യത്തെ അയക്കുന്നതെന്ന വാദം വൈറ്റ്ഹൗസ് വക്താവ് തള്ളി. കൂടാതെ ഐ.എസിനെതിരായ പോരാട്ടത്തിൽ ജോർഡനെയും ലെബാനാനെയും അമേരിക്ക പിന്തുണക്കും. A–10, F–15 എന്നീ രണ്ടു യുദ്ധവിമാനങ്ങൾ തുർക്കിയിൽ വിന്യസിക്കാനും തീരുമാനമുണ്ട്.
സിറിയയിൽ ആഭ്യന്തരയുദ്ധം രൂക്ഷമായി തുടരുന്നത് അമേരിക്കൻ ദൗത്യത്തിെൻറ പരാജയമാണെന്ന് ആരോപണമുയർന്നിരുന്നു. സിറിയയിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കുകയില്ലെന്നായിരുന്നു നേരത്തെ ഒബാമയുടെ പ്രഖ്യാപനം. അതേ സമയം, സിറിയയിൽ റഷ്യ വ്യോമാക്രമണം ശക്തിമാക്കിയതിനെ തുടർന്നാണ് വിമതർക്ക് കൂടുതൽ പിന്തുണ നൽകാൻ അമേരിക്ക തീരുമാനിച്ചതെന്നും വൈറ്റ്ഹൗസ് അറിയിച്ചു.
ഐ.എസിനെ തുരത്താൻ ഇറാഖിൽ സേനയെ അയക്കുന്നത് സംബന്ധിച്ച് ഒബാമ ഇറാഖ് പ്രധാനമന്ത്രി ഹൈദർ അൽ അബദിയുമായി ചർച്ച നടത്തി. സിറിയ–ഇറാഖ് അതിർത്തിയിൽ പ്രത്യേക സൈനിക ഓപറേഷൻ സംബന്ധിച്ചും സംഭാഷണം പുരോഗമിച്ചു. നിലവിൽ 3500 അമേരിക്കൻ സൈനികരാണ് ഇറാഖിലുള്ളത്. മെയിൽ റമദി ഐ.എസ് പിടിച്ചെടുത്തതിനെ തുടർന്ന് ഇറാഖിലും അമേരിക്കയുടെ സൈനികദൗത്യം പരാജയപ്പെട്ടെന്ന് ആക്ഷേപമുയർന്നിരുന്നു. ഒബാമയുടെ സിറിയൻ നയത്തിനെതിരെ അമേരിക്കയിൽനിന്നുതന്നെ എതിർപ്പുകളുണ്ടായിരുന്നു. വിദ്വേഷം ആളിക്കത്തിക്കാനാണ് ഒബാമയുടെ ശ്രമമെന്ന് യു.എസ് സെനറ്റർ ജോൺ മെക്കെയ്ൻ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.