കുടിയേറ്റവിരുദ്ധ നീക്കങ്ങള്‍ക്കെതിരെ മനുഷ്യാവകാശ സംഘടനകള്‍
text_fieldsവാഷിങ്ടണ്‍: മെക്സികോയില്‍നിന്നുള്ള കുടിയേറ്റം തടയുന്നതിന് യു.എസ് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്കെതിരെ ഒരു കൂട്ടം മനുഷ്യാവകാശ സംഘടനകള്‍ രംഗത്ത്. ലോസ് ആഞ്ചലസ് ആസ്ഥാനമായുള്ള സെന്‍റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍െറ നേതൃത്വത്തില്‍ യു.എസിലെയും മെക്സികോയിലെയും സംഘടനകളാണ് രംഗത്തുവന്നിരിക്കുന്നത്.
മെക്സികോയില്‍നിന്നുള്ള കുടിയേറ്റം തടയുന്നതിന് യു.എസ് ധനസഹായം നല്‍കിവരുന്നുണ്ട്. അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതിന്‍െറ പേരില്‍ അറസ്റ്റ് ചെയ്യപ്പെടുന്നവരുടെയും നാടുകടത്തപ്പെടുന്നവരുടെയും സംഖ്യ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് മനുഷ്യാവകാശ സംഘടനകള്‍ കുടിയേറ്റവിരുദ്ധ നടപടികളുടെ വിശദാംശങ്ങള്‍ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടത്. എന്നാല്‍, സെപ്റ്റംബറില്‍ സമര്‍പ്പിച്ച ആവശ്യത്തോട് സര്‍ക്കാര്‍ പ്രതികരിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് മനുഷ്യാവകാശ സംഘടനകള്‍ നിയമനടപടിക്കൊരുങ്ങുന്നത്.
യു.എസില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന സംവാദങ്ങളില്‍ കുടിയേറ്റ നയം സജീവ ചര്‍ച്ചാവിഷയമാണ്. വംശീയവിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സംവാദത്തില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥികളായ ഹിലരി ക്ളിന്‍റണും ബര്‍ണി സാന്‍ഡേഴ്സും കുടിയേറ്റ നയങ്ങളില്‍ സമഗ്ര പരിഷ്കാരങ്ങള്‍ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നു.2007ല്‍ കൊണ്ടുവന്ന കുടിയേറ്റ ബില്ലിനെതിരെ വോട്ടുചെയ്തയാളാണ് സാന്‍ഡേഴ്സ് എന്ന് ഹിലരി ചൂണ്ടിക്കാട്ടി. എന്നാല്‍, കുടിയേറ്റ തൊഴിലാളികളുടെ ചൂഷണത്തിനിടയാക്കുന്ന വകുപ്പുകളുണ്ടായിരുന്നതാണ് ബില്ലിനെതിരെ വോട്ടു ചെയ്യാന്‍ കാരണമെന്ന് സാന്‍ഡേഴ്സ് പ്രതികരിച്ചു.
ആഭ്യന്തര സംഘര്‍ഷങ്ങള്‍ രൂക്ഷമായ മെക്സികോയുടെ വടക്കന്‍ സംസ്ഥാനങ്ങളില്‍നിന്നാണ് കുടിയേറുന്നവരില്‍ ഏറെയും. ഇവരുടെ കുടിയേറ്റം തടയുന്നതിനടക്കം 139 മില്യണ്‍ യു.എസ് ഡോളര്‍ മെക്സികോക്ക് നല്‍കാന്‍ 2016 സാമ്പത്തിക വര്‍ഷത്തില്‍ വകയിരുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.