ക്യൂബ–യു.എസ് ശത്രുതയുടെ നാള്‍വഴി
text_fields1959 ല്‍ ബാറ്റിസ്റ്റ ഭരണകൂടത്തെ അട്ടിമറിച്ച് ഫിഡല്‍ കാസ്ട്രോ ഭരണമേറ്റെടുത്തത് മുതലാണ് അമേരിക്കയും ക്യൂബയും തമ്മിലെ ബന്ധം വഷളായിത്തുടങ്ങിയത്. ബാറ്റിസ്റ്റ ഭരണകാലത്തെ ആയുധ ഉപരോധങ്ങള്‍ എടുത്തുകളയുമെന്ന് യു.എസ് പ്രഖ്യാപിച്ചിരുന്നു. അധികാരമേല്‍ക്കുന്നതിന് മൂന്നുമാസം മുമ്പ് കാസ്ട്രോ അമേരിക്ക സന്ദര്‍ശിക്കുകയും വൈസ് പ്രസിഡന്‍റ് റിച്ചാര്‍ഡ് നിക്സനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
എന്നാല്‍ ആ ചരിത്രം ആവര്‍ത്തിച്ചില്ല. 1960ല്‍ കാസ്ട്രോ സര്‍ക്കാര്‍ സ്വകാര്യഭൂമികള്‍ പിടിച്ചെടുത്തു. യു.എസ് കമ്പനികളുടെ കീഴിലുള്ളവയുള്‍പ്പെടെ നൂറുകണക്കിന് സ്വകാര്യ കമ്പനികള്‍ ദേശസാത്കരിച്ചു. അമേരിക്കന്‍ കയറ്റുമതി വെട്ടിച്ചുരുക്കി. അമേരിക്കയുമായുള്ള വ്യാപാരം ഒഴിവാക്കി സോവിയറ്റ് യൂനിയനുമായി സഖ്യത്തിനായിരുന്നു കാസ്ട്രോയുടെ പദ്ധതി. പ്രതിഷേധിച്ചപ്പോള്‍ ക്യൂബയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നെന്നാരോപിച്ച് അമേരിക്കന്‍ നയതന്ത്രജ്ഞരെ പുറത്താക്കുമെന്ന് കാസ്ട്രോ ഭീഷണിമുഴക്കി. ക്യൂബയിലെ അമേരിക്കന്‍ വസ്തുവകകള്‍ പിടിച്ചെടുത്ത കാസ്ട്രോ ബാറ്റിസ്റ്റ ഭരണകാലത്തെ ചില ഉദ്യോഗസ്ഥരെ വധശിക്ഷക്കും വിധേയരാക്കി. ഈ രണ്ടുചെയ്തികളും അമേരിക്കയെ ചൊടിപ്പിച്ചു. നയതന്ത്രബന്ധം റദ്ദാക്കിയാണ് അമേരിക്ക പകരംവീട്ടിയത്.
ഹവാനയിലെ യു.എസ് എംബസിയുടെ ചുമതല സ്വിറ്റ്സര്‍ലാന്‍ഡ് ഏറ്റെടുത്തു. യു.എസ് ചാരസംഘടനയായ സി.ഐ.എ കാസ്ട്രോയെ അട്ടിമറിക്കാന്‍ നടത്തിയശ്രമം ക്യൂബ-അമേരിക്ക ബന്ധത്തെ താറുമാറാക്കി. ഇരുരാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളാണ് അതിന്‍െറ തിക്തഫലം കൂടുതല്‍ അനുഭവിച്ചത്. ചര്‍ച്ച ആവശ്യമായ സന്ദര്‍ഭങ്ങളില്‍ സ്വിറ്റ്സര്‍ലാന്‍ഡ് ആയിരുന്നു ഇരുരാജ്യങ്ങള്‍ക്കുമിടയിലെ മധ്യസ്ഥന്‍.1962 ഫെബ്രുവരിയോടെ പ്രസിഡന്‍റ് കെന്നഡി സമ്പൂര്‍ണ ഉപരോധം പ്രഖ്യാപിച്ചു. അതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്‍െറ തകര്‍ച്ച പൂര്‍ണമായി. ഫിഡല്‍ കാസ്ട്രോ രോഗശയ്യയിലായതിനെ തുടര്‍ന്ന് അനുജന്‍ റൗള്‍ കാസ്ട്രോ ക്യൂബന്‍ ഭരണമേറ്റെടുത്തതോടെയാണ് ശത്രുതയുടെ മഞ്ഞുരുകിത്തുടങ്ങിയത്.
2009 ഏപ്രില്‍ 13ന് ക്യൂബക്കുമേലുള്ള ഉപരോധങ്ങള്‍ എടുത്തുകളയുമെന്ന് ബറാക് ഒബാമ പ്രഖ്യാപിച്ചു. 2015 ജൂലൈയില്‍ ക്യൂബന്‍, അമേരിക്കന്‍ എംബസികള്‍ തുറക്കാന്‍ ധാരണയായതോടെ ഇരുരാജ്യങ്ങളുടെയും ശത്രുത ഇല്ലാതായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.