ഉത്തര കൊറിയക്കെതിരെ പുതിയ ഉപരോധവുമായി യു.എസ്
text_fields
വാഷിങ്ടണ്‍: ലോകശക്തികളുടെ വിലക്കുകള്‍ അവഗണിച്ച് ആണവ പരീക്ഷണം നടത്തിയ ഉത്തര കൊറിയക്കെതിരെ പുതിയ ഉപരോധവുമായി അമേരിക്ക. ഉപരോധം വ്യാപിപ്പിക്കുന്നതിനുള്ള ബില്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെ അനുമതിയോടെ പാസാക്കി.
ജനുവരിയില്‍ ആണവ പരീക്ഷണം നടത്തിയതിനു പിന്നാലെയാണ് ഉത്തരകൊറിയ ദീര്‍ഘദൂര മിസൈലും വിക്ഷേപിച്ചിരുന്നു. പുതിയ ഉപരോധം പ്രാബല്യത്തില്‍ വരുന്നതോടെ ആണവായുധങ്ങളുടെ ചെറുപതിപ്പുകള്‍ നിര്‍മിക്കാനായി ഉത്തര കൊറിയക്കു ലഭിച്ചിരുന്ന സാമ്പത്തിക സഹായം കുറയും. പുതിയ ഉപരോധത്തിനായി യു.എന്‍ രക്ഷാസമിതിയില്‍ പ്രമേയം പാസാക്കുന്നതിനായി യു.എസും ചൈനയും കൂടിയാലോചന നടത്തി. ഉപരോധ നടപടികള്‍ ഉത്തര കൊറിയയെ സാമ്പത്തികമായി പിന്നോട്ടടിപ്പിക്കുമെന്നു ചൈന ചൂണ്ടിക്കാട്ടി. ഉത്തര കൊറിയയുമായി ആണവ കാര്യങ്ങളില്‍ സഹകരിക്കുന്ന രാജ്യങ്ങളുടെ ആസ്തികള്‍ മരവിപ്പിക്കാനും ഉപരോധത്തില്‍ വകുപ്പുണ്ട്.
അതേസമയം, അഞ്ചു കോടി ഡോളര്‍ മാനുഷിക സഹായമായും റേഡിയോ സംപ്രേഷണത്തിനും നല്‍കുന്നതിന് അനുമതിയുണ്ട്. ദീര്‍ഘദൂര മിസൈല്‍ വിക്ഷേപിച്ചതിനെ തുടര്‍ന്ന് പ്രകോപനപരമായ തീരുമാനമാണ് ഏകാധിപത്യ ഭരണകൂടത്തിന്‍േറതെന്ന് ഒബാമ ആരോപിച്ചിരുന്നു. ആണവ പരീക്ഷണങ്ങളിലേര്‍പ്പെടരുതെന്നും ആണവായുധങ്ങള്‍ വികസിപ്പിക്കരുതെന്നുമുള്ള യു.എന്‍ പ്രമേയം ഉത്തര കൊറിയ ആവര്‍ത്തിച്ച് ലംഘിക്കുകയാണെന്നും ഒബാമ ആരോപിച്ചിരുന്നു. അതിനിടെ, ദക്ഷിണ കൊറിയക്കെതിരെ ആക്രമണത്തിന് തയാറായിരിക്കാന്‍ സൈന്യത്തിന് ഉത്തര കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മിസൈല്‍ വിക്ഷേപണത്തെ തുടര്‍ന്ന് കൊറിയന്‍ തീരത്ത് മിസൈല്‍ പ്രതിരോധ സംവിധാനം നിര്‍മിക്കുന്നതിനെ കുറിച്ച് അമേരിക്കയുമായി ദക്ഷിണ കൊറിയ ചര്‍ച്ച നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.