ആപ്പിളുമായുള്ള പേറ്റന്‍റ് യുദ്ധത്തില്‍ സാംസങ്ങിന് ജയം
text_fieldsന്യൂയോര്‍ക്: മൊബൈല്‍ഫോണ്‍ നിര്‍മാതാക്കളായ ആപ്പിളും സാംസങ്ങും തമ്മിലെ പേറ്റന്‍റ് യുദ്ധത്തില്‍ സാംസങ്ങിന് അന്തിമവിജയം. ആപ്പിളിന്‍െറ രണ്ടു പേറ്റന്‍റ് ഫീച്ചറുകള്‍ ഉപയോഗിച്ചതിന് 11.96 കോടി യു.എസ് ഡോളര്‍ പിഴയടക്കണമെന്ന സാംസങ്ങിനെതിരായ കാലിഫോര്‍ണിയ കോടതിവിധി യു.എസ് അപ്പീല്‍ കോടതി റദ്ദാക്കി.
കൂടാതെ, സാംസങ്ങിന് 1,58,500 യു.എസ് ഡോളര്‍ ആപ്പ്ള്‍ നല്‍കണമെന്ന വിധി കോടതി ശരിവെക്കുകയും ചെയ്തു. ഫീച്ചറുകളിന്മേല്‍ ആപ്പ്ള്‍ ഉന്നയിക്കുന്ന അവകാശവാദം നിലനില്‍ക്കുന്നതല്ളെന്ന് കോടതി നിരീക്ഷിച്ചു. വിധി ഉപഭോക്താക്കളുടെയും വിപണിയുടെയും വിജയമാണെന്ന് സാംസങ് വക്താവ് പ്രതികരിച്ചു. 2012ലാണ് ടെക് ഭീമന്‍ ആപ്പ്ള്‍ സാംസങ്ങിനെതിരെ നിയമയുദ്ധം തുടങ്ങിയത്.
സ്മാര്‍ട്ട്ഫോണുകളിലെ നിരവധി ഫീച്ചറുകള്‍ സാംസങ് നിയമവിരുദ്ധമായി പകര്‍ത്തിയെന്ന് ആപ്പ്ള്‍ ആരോപിക്കുകയായിരുന്നു. നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ളെന്നും നിരവധി ഫീച്ചറുകള്‍ ആപ്പ്ള്‍ തങ്ങളില്‍നിന്ന് പകര്‍ത്തിയിട്ടുണ്ടെന്നും ചൂണ്ടിക്കാണിച്ച് സാംസങ്ങും കേസ് നല്‍കി. മിക്ക പേറ്റന്‍റുകളിന്മേലുള്ള തര്‍ക്കം നാലുവര്‍ഷം നീണ്ട നിയമയുദ്ധത്തിന്‍െറ പലഘട്ടത്തിലായി പരിഹരിച്ചു. ഒടുവില്‍ അഞ്ചെണ്ണത്തിന്മേലാണ് കഴിഞ്ഞദിവസത്തെ കോടതിവിധി ഉണ്ടായത്.
നിരവധി കേസുകളിലായി സാംസങ് കഴിഞ്ഞ ഡിസംബറില്‍ 548 മില്യണ്‍ യു.എസ് ഡോളര്‍ (3770 കോടി രൂപ) ആപ്പിളിന് നല്‍കിയിരുന്നു. ഇതുസംബന്ധിച്ച കേസില്‍ സമര്‍പ്പിച്ച അപ്പീല്‍ യു.എസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. യു.എസിന് പുറത്ത് 12ഓളം രാജ്യങ്ങളില്‍ കമ്പനികള്‍ തമ്മില്‍ നിലനിന്നിരുന്ന കേസുകള്‍ 2014ല്‍ ഇരുകമ്പനികളും ചേര്‍ന്നുണ്ടാക്കിയ പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ റദ്ദാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.