തോക്ക് ഉപയോഗ നിയന്ത്രണ നിയമം ഉടൻ പാസാക്കുമെന്ന് ഒബാമ
text_fieldsവാഷിങ്ടൺ: തോക്ക് ഉപയോഗം നിയന്ത്രിക്കാനുള്ള പുതിയ നിയമം ഉടൻ പാസാക്കുമെന്ന് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ. തോക്ക് ഉപയോഗിച്ചുള്ള കൂട്ടക്കൊലകളും അക്രമസംഭവങ്ങളും വർധിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ നിയമം കൊണ്ടുവരുന്നതെന്നുംഒബാമ പറഞ്ഞു. കൂട്ടക്കൊലകളിൽ ഇരയായവരുടെ ബന്ധുക്കളുടെ സാന്നിധ്യത്തിലാണ് ഒബാമ പ്രഖ്യാപനം നടത്തിയത്.
കഴിഞ്ഞ കൂട്ടക്കൊലയെ കുറിച്ച് സംസാരിക്കാനല്ല, അടുത്തത് എങ്ങനെ ഒഴിവാക്കാമെന്നാണ് ആലോചിക്കുന്നതെന്ന് ഒബാമ പറഞ്ഞു. പുതിയ നിയമത്തെ തടയാനായി യു.എസ് കോൺഗ്രസിനെ സ്വാധീനിക്കാൻ തോക്ക് ലോബി ശ്രമിക്കുമെന്ന് അറിയാം. എന്നാൽ, യു.എസിനെ മുഴുവൻ ബന്ധിക്കളാക്കാൻ ലോബിക്ക് സാധിക്കില്ല. രാജ്യത്ത് മാറ്റം കൊണ്ടുവരാൻ പുതിയ നിയമത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും വികാരാധീനനായി ഒബാമ പറഞ്ഞു.
മറ്റ് കാരണങ്ങളാൽ 2014ൽ മാറ്റിവെച്ച പുതിയ നിയമത്തിന്‍റെ രൂപരേഖ തയാറായിട്ടുണ്ട്. തോക്ക് ഉപയോഗിച്ചുള്ള ആക്രമണങ്ങൾ കുറക്കുക, അനധികൃത തോക്ക് വിൽപന തടയുക എന്നിവയാണ് പുതിയ നിയമം ലക്ഷ്യമിടുന്നത്. യു.എസ് കോൺഗ്രസിന്‍റെ അംഗീകാരമില്ലാതെ നടപ്പാക്കാൻ കഴിയുന്ന നിർദേശങ്ങളാണ് ബില്ലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
അധികാരത്തിലേറിയാൽ തോക്ക് ദുരുപയോഗം തടയാനുള്ള നിയമ നിർമാണ നടപടികൾ സ്വീകരിക്കുമെന്ന് ഡെമോക്രറ്റിക് പ്രസിഡന്‍റ് സ്ഥാനാർഥി ഹിലരി ക്ലിന്‍റൺ വ്യക്തമാക്കിയിട്ടുണ്ട്. തോക്ക് ഉപയോഗിച്ചുള്ള ആക്രമണങ്ങളിൽ യു.എസിൽ പ്രതിവർഷം 30,000 പേർ മരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.