ഐ.എസ് അമേരിക്കക്ക് വെല്ലുവിളിയല്ലെന്ന് ഒബാമ
text_fieldsവാഷിങ്ടൺ: തീവ്രവാദ സംഘടനയായ ഐ.എസ് അമേരിക്കക്ക് വെല്ലുവിളിയല്ലെന്ന് പ്രസിഡന്‍റ് ബറാക് ഒബാമ. ഏറ്റവും ശക്തവും സാമ്പത്തിക ദൃഢതയുമുള്ള രാജ്യമാണ് അമേരിക്കയെന്നും സ്റ്റേറ്റ് ഓഫ് ദ യൂണിയൻ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. അമേരിക്കൻ പ്രസിഡന്‍റ് യു.എസ് കോൺഗ്രസിൽ ജനുവരിയിൽ നടത്താറുള്ള നയപ്രഖ്യാപന പ്രസംഗമാണ് സ്റ്റേറ്റ് ഓഫ് ദ യൂണിയൻ സ്പീച്ച്.
അടുത്ത വർഷത്തെ കുറിച്ചല്ല, രാജ്യത്തിന്‍റെ ഭാവിയെ കുറിച്ചാണ് താൻ സംസാരിക്കുന്നതെന്ന് പറഞ്ഞാണ് ഒബാമ പ്രസംഗം തുടങ്ങിയത്. ഐ.എസിനെ വേരോടെ പിഴുതുകളയും. ഒരിക്കലും ഐ.എസ് ഇസ്ലാമിനെ പ്രതിനിധീകരിക്കുന്നില്ല. മതത്തിന്‍റെയോ വംശത്തിന്‍റെയോ പേരിൽ ജനങ്ങളെ ലക്ഷ്യം വെക്കുന്ന ഏതുരാഷ്ട്രീയത്തെയും തിരസ്കരിക്കണമെന്നും ഒബാമ ആവശ്യപ്പെട്ടു.
അമേരിക്കയുടെ സഖ്യകക്ഷികളെ നിരന്തരം അക്രമിക്കുന്ന ഐ.എസ് ഇന്‍റര്‍നെറ്റ് വഴി രാജ്യത്ത് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നുണ്ട്. ഐ.എസിനെതിരായ പോരാട്ടം മൂന്നാം ലോകമഹായുദ്ധമല്ല, അവരെ ഇല്ലാതാക്കുക എന്നത് നമ്മുടെ ഉത്തരവാദിത്ത്വമാണെന്നും അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും രാഷ്ട്രീയ നേതാവ് മുസ് ലിംകളെ അപമാനിക്കുന്നതും മുസ് ലിം പള്ളി നശിപ്പിക്കുന്നതും കുട്ടികളെ ഉപദ്രവിക്കുന്നതുമെല്ലാം തെറ്റാണെന്നും ട്രമ്പിന്‍റെ മുസ്ലിം വിരുദ്ധ പരാമർശത്തിന് മറുപടിയായി അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കയുടെ സാമ്പത്തിക അടിത്തറ ഭദ്രമല്ലെന്ന് ആരെങ്കിലും പറഞ്ഞാൽ അത് കെട്ടുകഥമാത്രമാണ്. അമേരിക്കയുടെ ഏറ്റവും മികച്ച മുഖമാണ് ലോകത്തിനുമുമ്പിൽ അവതരിപ്പിക്കേണ്ടത്. ഗ്വാണ്ടനാമോ തടവറ അടച്ചുപൂട്ടാനുള്ള തന്‍റെ ശ്രമങ്ങൾ തുടരും. ലോകനേതൃത്വം ഏറ്റെടുക്കാൻ ശ്രമിക്കുന്ന അമേരിക്ക ലോക പൊലീസാകേണ്ട കാര്യമില്ലെന്നും ഒബാമ വ്യക്തമാക്കി. അമേരിക്കൻ കോൺഗ്രസിലെ തന്‍റെ അവസാന പ്രസംഗമാണ് ഒബാമ നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.