പ്രതിരോധ സഹകരണം ഊട്ടിയുറപ്പിച്ച് മോദി
text_fieldsവാഷിങ്ടണ്‍: പ്രതിരോധ രംഗത്ത് സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള സുപ്രധാനമായ രണ്ടു കരാറുകള്‍ക്ക് അന്തിമ രൂപം നല്‍കിയാണ് മൂന്നു ദിവസത്തെ യു.എസ് സന്ദര്‍ശനം അവസാനിപ്പിച്ച് മോദി മടങ്ങിയതെന്ന് റിപ്പോര്‍ട്ട്. യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയുമായും പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടനുമായും നടത്തിയ കൂടിക്കാഴ്ചയില്‍ സൈനിക സഹായ കരാറിന്‍െറയും സൈനിക സാങ്കേതികവിദ്യാ കൈമാറ്റ കരാറിന്‍െറയും കരട് രൂപമായതായി വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജോഷ് ഏണസ്റ്റ് വ്യക്തമാക്കി.
പ്രതിരോധ സഹകരണ മേഖലയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതാകും പുതിയ കരാറുകളെന്നാണ് വിലയിരുത്തപ്പെടുന്നത്. സൈനിക തുറമുഖങ്ങള്‍ പരസ്പരം സന്ദര്‍ശിക്കല്‍, സംയുക്ത സൈനികാഭ്യാസവും പരിശീലനവും, യുദ്ധ-കലാപ ബാധിത മേഖലകളിലെ സൈനിക സഹകരണം തുടങ്ങിയ രംഗങ്ങളിലെ സഹകരണം സംബന്ധിച്ചുള്ളതാണ് ആദ്യ കരാര്‍. മിസൈല്‍ സാങ്കേതിക വിദ്യ ഉള്‍പ്പെടെയുള്ള സൈനിക സാങ്കേതികവിദ്യ മേഖലയില്‍ വിവരങ്ങള്‍ പരസ്പരം കൈമാറുന്നതിനുള്ള കരാറാണ് രണ്ടാമത്തേത്. ഇന്ത്യ-യു.എസ് സൈബര്‍ ബന്ധം സംബന്ധിച്ച പുതിയ കരാറിനും ഏകദേശ ധാരണയായിട്ടുണ്ട്.
പ്രതിരോധ രംഗത്തെ സുപ്രധാന പങ്കാളി എന്നാണ് കരാര്‍ സംബന്ധിച്ച് പുറത്തുവിട്ട സംയുക്ത പ്രസ്താവനയില്‍ ഒബാമ ഇന്ത്യയെ വിശേഷിപ്പിച്ചത്. ‘ഇരു രാജ്യങ്ങളിലും സ്ഥിരതയും സുരക്ഷയും ഉറപ്പുവരുത്തുക മാത്രമല്ല, ഇന്ത്യയെ പ്രതിരോധ രംഗത്തെ സുപ്രധാന പങ്കാളിയായി അമേരിക്ക പ്രഖ്യാപിക്കുകയാണ്’ -സംയുക്ത പ്രസ്താവനയില്‍ ഒബാമ വ്യക്തമാക്കി. ഇന്ത്യയുമായുള്ള സൈനിക സഹകരണം ശക്തമാക്കുക വഴി ഏഷ്യയില്‍ ചൈനയെ സമ്മര്‍ദത്തിലാക്കുകയാണ് അമേരിക്ക ലക്ഷ്യമിടുന്നത്. ഏഷ്യയില്‍ തങ്ങളുടെ സൈനിക സാന്നിധ്യം കൂടുതല്‍ ശക്തമാക്കാനും കരാറിലൂടെ യു.എസിന് സാധിക്കും.
അതേസമയം, പുതിയ കരാര്‍ ഇന്ത്യയുടെ നയതന്ത്ര വിജയമെന്നാണ് വിലയിരുത്തപ്പെടുന്നത്. ‘മേക് ഇന്‍ ഇന്ത്യ’ പദ്ധതി വഴി തുടങ്ങാനിരിക്കുന്ന ആയുധ വ്യവസായങ്ങള്‍ക്ക് നിര്‍ദിഷ്ട കരാര്‍ വഴി ആഗോളവിപണയിലത്തൊനാകും. ഇന്ത്യയുടെ ആയുധ, മിസൈല്‍ സാങ്കേതിക വിദ്യ കയറ്റുമതി ചെയ്യുന്നതിനുള്ള സൗകര്യം യു.എസ് ഒരുക്കുകയും ചെയ്യും. ആണവ ദാതാക്കളുടെ സംഘത്തില്‍ (എന്‍.എസ്.ജി) ഉള്‍പ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ അപേക്ഷയില്‍ അമേരിക്കയുടെ പിന്തുണ ഉറപ്പാക്കിയതിനു പുറമെയാണ് രണ്ടു പ്രധാന കരാറുകളില്‍ കാര്യമായ പുരോഗതി ഉണ്ടായിരിക്കുന്നത്.
ഇതിനുപുറമെ, മിസൈല്‍ സാങ്കേതിക വിദ്യ നിയന്ത്രണ സംഘത്തില്‍(എം.ടി.സി.ആര്‍) ഇന്ത്യയുടെ സഹകരണം ഉറപ്പാക്കാനും മോദിയുടെ സന്ദര്‍ശനത്തിലൂടെ സാധിച്ചു. എം.ടി.സി.ആര്‍ അംഗത്വത്തിലൂടെ ഇന്ത്യക്ക് ആയുധ കയറ്റുമതി സാധ്യമാകും. മാത്രമല്ല, മിസൈല്‍-ഡ്രോണ്‍ സാങ്കേതിക വിദ്യയില്‍ വന്‍ കുതിച്ചുചാട്ടത്തിനും ഇത് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇതിനുപുറമെ, വാഷിങ്ടണിലെ എര്‍ലിങ് ടണ്‍ നാഷനല്‍ സെമിത്തേരി മോദി സന്ദര്‍ശിച്ചതും ചരിത്രമായി. കല്‍പന ചൗളയുള്‍പ്പെടെയുള്ള പ്രശസ്തരുടെ സ്മാരകങ്ങള്‍ നിലകൊള്ളുന്ന ഇവിടം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. യു.എസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യാന്‍ മോദിക്ക് അവസരം ലഭിച്ചതും ഇരുരാജ്യങ്ങളും തമ്മിലെ നയതന്ത്ര സൗഹൃദത്തിന്‍െറ മറ്റൊരു ഉദാഹരണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.