എങ്ങും ‘അയാം അലി’; ലൂയിവില്ലക്കിത് ‘കയ്പേറിയ മധുരം’
text_fieldsഇതിഹാസതാരം മുഹമ്മദ് അലിയുടെ ജനാസ നമസ്കാരം നടന്ന ലൂയിവില്ലയിലെ ഫ്രീഡം ഹാളിലെയും പരിസരത്തെയും നേര്‍ക്കാഴ്ചകള്‍ മലപ്പുറം കാവനൂര്‍ സ്വദേശി ഹാമിദ് അലി വിവരിക്കുന്നു
മുഹമ്മദ് അലിയുടെ ജന്മനാടായ ലൂയിവില്ലയിലെ ഒരാഴ്ചയിലെ അനുഭവങ്ങളെ സിറ്റി മേയര്‍ ഗ്രെഗ് ഫിഷര്‍ വിശേഷിപ്പിച്ചത് ‘കയ്പേറിയ മധുര’മെന്നാണ്. ഈ നഗരത്തെ വിശ്വപ്രസിദ്ധമാക്കിയ ഒരു മഹാന്‍െറ മരണത്തിന്‍െറ ദു$ഖം ഒരു വശത്ത്; അലിയിലൂടെ ലോകം തങ്ങളത്തെന്നെ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നതിന്‍െറ സംതൃപ്തി മറുവശത്ത്. രണ്ടും ചേര്‍ന്ന പ്രത്യേകമായ ഒരു സാഹചര്യമായിരുന്നു കഴിഞ്ഞ ഒരാഴ്ചയായി ലൂയിവില്ലയില്‍. ലൂയിവില്ലയില്‍നിന്നുള്ള ഓരോ കാഴ്ചയും ഇപ്പോള്‍ ലൈവ്സ്ട്രീം വഴി ലോകം കണ്ടുകൊണ്ടിരിക്കുകയാണ്. ജൂണ്‍ മൂന്നിന് അരിസോണയില്‍അന്തരിച്ച മുഹമ്മദ് അലിയെ ലൂയിവില്ലയിലേക്ക് കൊണ്ടുവന്നത് രണ്ടു ദിനം കഴിഞ്ഞാണ്. അന്നുമുതല്‍തന്നെ, കെന്‍റക്കി സ്റ്റേറ്റും ലൂയിവില്ല സിറ്റി ഭരണകൂടവും പലതരത്തിലുള്ള ‘ആഘോഷങ്ങളും’ തുടങ്ങിയിരുന്നു.
നഗരത്തിലെ മുഴുവന്‍ സ്ഥലങ്ങളിലും ‘അയാം അലി’ എന്ന ബോര്‍ഡുകള്‍ കാണാമായിരുന്നു. ഈ സംഗമങ്ങളെ മാധ്യമങ്ങള്‍ ‘അയാം അലി സെലിബ്രേഷന്‍’ എന്നാണ് വിശേഷിപ്പിച്ചത്. അലിയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മിച്ച ‘അലി’ എന്ന ചിത്രത്തിന്‍െറ പ്രദര്‍ശനവും പലഭാഗങ്ങളിലും നടന്നു. ആയിരക്കണക്കിന് ആളുകള്‍ ഈ ചിത്രം കാണാനത്തെിയിരുന്നു. രാജ്യത്തിന്‍െറ മറ്റു സ്റ്റേറ്റുകളില്‍നിന്നും ‘അയാം അലി സെലിബ്രേഷനില്‍’ പങ്കെടുക്കാനായി ലൂയി വില്ലയിലത്തെിയതോടെ നഗരത്തിലെ ഹോട്ടലുകളെല്ലാം നിറഞ്ഞുകവിഞ്ഞു. പിന്നെ, ആളുകള്‍ ആശ്രയിച്ചത് പള്ളികളെയായിരുന്നു. ഇവിടെ നാല് വലിയ പള്ളികളും 10 ചെറിയ പള്ളികളുമുണ്ട്. അലിയെ ‘കാണാന്‍’ എത്തിയ ആളുകള്‍ക്ക് വേണ്ട മുഴുവന്‍ സൗകര്യങ്ങളും ഈ പള്ളികളില്‍ ഒരുക്കിയിരുന്നു.
വെള്ളിയാഴ്ച അലിയുടെ വിലാപയാത്രയുണ്ടാകുമെന്നു മാത്രമായിരുന്നു നേരത്തേ, അദ്ദേഹത്തിന്‍െറ കുടുംബവക്താവ് മാധ്യമങ്ങളെ അറിയിച്ചിരുന്നത്. അലിയുടെ മയ്യിത്ത് നമസ്കാരം നടക്കില്ളേയെന്ന സന്ദേഹത്തിന് ഇത് വഴിയൊരുക്കി. എന്നാല്‍, വ്യാഴാഴ്ച മയ്യിത്ത് നമസ്കാരമുണ്ടാകുമെന്നും അലിയുടെ പ്രിയ തട്ടകമായ ‘ഫ്രീഡം ഹാള്‍’ തന്നെ അതിന് വേദിയാകുമെന്നും പിന്നീട് കുടുംബവൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഇവിടത്തെ മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ച ‘ജനാസ പ്രയര്‍ സര്‍വീസി’നെക്കുറിച്ചായിരുന്നു. എന്താണ് മയ്യിത്ത് നമസ്കാരമെന്നും അത് എങ്ങനെ നിര്‍വഹിക്കാമെന്നുമൊക്കെ ആദ്യമായി അമേരിക്കന്‍ ചാനലുകള്‍ പ്രക്ഷേകര്‍ക്ക് മുന്നിലത്തെിച്ചു.
വ്യാഴാഴ്ച രാവിലെ ഒമ്പതു മണിയോടെതന്നെ ആളുകള്‍ ഫ്രീഡം ഹാളിലത്തെി. വലിയ സുരക്ഷാക്രമീകരണങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ടായിരുന്നു. ആയിരത്തിലധികം വളന്‍റിയര്‍മാര്‍ക്കു പുറമെ, പൊലീസുകാരും ഹാളിനകത്തും പുറത്തുമായി നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. സൗജന്യ ടിക്കറ്റ് മുഖേന മാത്രമേ ഹാളിനകത്തേക്ക് പ്രവേശിക്കാന്‍ കഴിയൂ. ഞാന്‍ ആദ്യം ടിക്കറ്റില്ലാതെ അകത്തുകടക്കാന്‍ ഒരു ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഹാളിനടുത്തുള്ള കൗണ്ടറില്‍നിന്ന് ടിക്കറ്റെടുക്കാന്‍ വളന്‍റിയര്‍മാര്‍ എന്നെ സഹായിച്ചു. ടിക്കറ്റ് സ്കാന്‍ ചെയ്താണ് ഹാളിനകത്തേക്ക് കടത്തിവിട്ടത്.
അതിനകത്ത് വീണ്ടും പരിശോധനയുണ്ട്. മയ്യിത്ത് നമസ്കാരച്ചടങ്ങുകള്‍ കാണാനാണോ അതോ അതില്‍ പങ്കെടുക്കാനാണോ എന്നറിയാനാണ് ഇത്. കാണാന്‍ വന്നവരെ ഗാലറിയിലേക്ക്. നമസ്കരിക്കാന്‍ വന്നവരെ വീണ്ടും സ്കാന്‍ ചെയ്ത് മറ്റൊരു സ്ഥലത്തേക്ക്. ഈ ടിക്കറ്റിങ്ങിന്‍െറ ഉദ്ദേശ്യം എത്ര ആളുകള്‍ നമസ്കാരത്തില്‍ പങ്കെടുത്തു എന്നറിയുക മാത്രമാണ്. 14,000 ആളുകള്‍ പങ്കെടുത്തുവെന്നാണ് അറിയാന്‍ കഴിഞ്ഞത്.
കാലിഫോര്‍ണിയയിലെ സൈത്തുന കോളജ് സ്ഥാപകന്‍ സായിദ് ശാകിറാണ് നമസ്കാരത്തിന് നേതൃത്വം നല്‍കിയത്. നമസ്കാരത്തിനുമുമ്പായി അദ്ദേഹത്തിന്‍െറ അഞ്ച് മിനിറ്റ് പ്രസംഗം. നമസ്കാരത്തിന്‍െറ ഓരോ ക്രമവും അദ്ദേഹം വിശദമായി പറഞ്ഞുകൊടുത്തു. എനിക്ക് തോന്നുന്നു, നാം പാരമ്പര്യമായി പഠിച്ച മയ്യിത്ത് നമസ്കാരത്തിന്‍െറ ക്രമങ്ങള്‍ ആദ്യമായിട്ടാകും വിശദമായി ലൈവ്സ്ട്രീമില്‍ വരുന്നത്. ഫോക്സ് ഉള്‍പ്പെടെയുള്ള ചാനലുകള്‍ അവതാരകരുടെ സാന്നിധ്യമില്ലാതെ മുഴുവന്‍ സമയവും ഇതുതന്നെ കാണിക്കുകയായിരുന്നു. നമസ്കാരത്തിനു ശേഷം, ചെറിയൊരു ഖുര്‍ആന്‍ പാരായണം. അതുകഴിഞ്ഞ് മൂന്ന് പ്രസംഗങ്ങള്‍. സായിദ് ശാകിര്‍, ഇവിടത്തെന്നെയുള്ള മറ്റൊരു മുസ്ലിം പണ്ഡിതനായ ഷെര്‍മാന്‍ ജാക്സണ്‍ എന്നിവരായിരുന്നു പ്രഭാഷകര്‍. അമേരിക്കന്‍ മുസ്ലിംകളെ അലി ശാന്തരും അന്തസ്സുറ്റവരുമാക്കിയെന്ന ജാക്സന്‍െറ വാക്കുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍, പ്രശസ്ത ഗായകന്‍ യൂസുഫ് ഇസ്ലാം തുടങ്ങിയവര്‍ ജനാസ നമസ്കാരത്തില്‍ പങ്കെടുത്തു.
നമസ്കാരശേഷം, ഫ്രീഡം ഹാളില്‍നിന്ന് ജനാസ കുടുംബത്തിന് വിട്ടുനല്‍കി. വെള്ളിയാഴ്ച രാവിലെ വിലാപയാത്ര പ്രശസ്തമായ കേപ് ഹില്‍ സെമിത്തേരിയിലേക്ക്. 10 വര്‍ഷം മുമ്പുതന്നെ, തന്‍െറ ഖബറടക്കം എങ്ങനെയായിരിക്കണമെന്ന് അലി കുടുംബത്തെ അറിയിച്ചിരുന്നു. അപ്രകാരംതന്നെയായിരുന്നു ഓരോ ചടങ്ങും. അലി ഇക്കാര്യം കുടുംബത്തോട് പറയുമ്പോള്‍ അവിടെ മുസ്ലിംകള്‍ക്കു മാത്രമായി ഒരു ശ്മശാനം ഉണ്ടായിരുന്നില്ല. അതിനാലാകാം, അന്ത്യവിശ്രമത്തിന് അദ്ദേഹം കേപ് ഹില്‍ തന്നെ തെരഞ്ഞെടുത്തത്. രണ്ടു വര്‍ഷം മുമ്പാണ് ലൂയിവില്ലയില്‍ മുസ്ലിംകള്‍ക്ക് ശ്മശാനമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.