ബ്രസീലില്‍ സര്‍ക്കാറിനെതിരെ പ്രക്ഷോഭം ശക്തം
text_fieldsബ്രസീലിയ: പ്രസിഡന്‍റ് ദില്‍മ റൂസെഫും മുന്‍ പ്രസിഡന്‍റ് ലുല ഡ സില്‍വയും തമ്മിലെ ടെലിഫോണ്‍ സംഭാഷണം പുറത്തായതിനു പിന്നാലെ സര്‍ക്കാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബ്രസീലില്‍ പ്രക്ഷോഭം ശക്തമായി. അഴിമതിക്കേസില്‍ വിചാരണ നേരിടുന്ന മുന്‍ പ്രസിഡന്‍റിനെ ബുധനാഴ്ച രാവിലെ കാബിനറ്റ് മന്ത്രിയായി നിയമിച്ചിരുന്നു. ഫെഡറല്‍ കോടതിയുടെ വിചാരണയില്‍നിന്ന് സില്‍വയെ രക്ഷപ്പെടുത്താനാണ് നീക്കമെന്ന് ആരോപണമുയര്‍ന്നു. ഇതിന് പിന്നാലെയാണ് അഴിമതിക്കേസ് അന്വേഷിക്കുന്ന സര്‍ക്കാര്‍ പ്രോസിക്യൂട്ടര്‍ സെര്‍ജിയോ മോറോ 50ഓളം ടെലിഫോണ്‍ സംഭാഷണങ്ങളുടെ ശബ്ദരേഖകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയത്.
അന്വേഷണവുമായി ബന്ധപ്പെട്ട് ഈ മാസാദ്യം സില്‍വയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു. അനിവാര്യമാണെങ്കില്‍ താങ്കളെ മന്ത്രിയായി നിയമിച്ച രേഖകള്‍ ഉടന്‍ എത്തിക്കുന്നുണ്ടെന്നാണ് ദില്‍മ, ഡ സില്‍വയോട് പറയുന്നത്. പൊലീസ് നടപടിയുണ്ടായാല്‍ രേഖകള്‍ കാണിച്ച് അറസ്റ്റ് ഒഴിവാക്കാനാണ് ദില്‍മയുടെ ഒൗദാര്യമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, വ്യാഴാഴ്ച നടക്കുന്ന അദ്ദേഹത്തിന്‍െറ സത്യപ്രതിജ്ഞാ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നാല്‍ അതിന്‍െറ രേഖകള്‍ സില്‍വക്ക് നേരിട്ട് എത്തിക്കുന്നതിനെക്കുറിച്ചാണ് താന്‍ പറഞ്ഞതെന്ന് പ്രസിഡന്‍റ് കുറിപ്പിലൂടെ വിശദീകരിച്ചു. സര്‍ക്കാറിനു കീഴിലുള്ള പെട്രോബാസ് എണ്ണക്കമ്പനിയിലെ അഴിമതിക്കേസില്‍ സില്‍വയുടെ പങ്കിനെക്കുറിച്ചുള്ള അന്വേഷണമാണ് രണ്ടു വര്‍ഷമായി നടക്കുന്നത്. ബ്രസീലിയന്‍ നിയമമനുസരിച്ച് കാബിനറ്റ് റാങ്കിലുള്ള മന്ത്രിയെ വിചാരണ ചെയ്യാന്‍ ഫെഡറല്‍ കോടതിക്ക് അധികാരമില്ല. സുപ്രീംകോടതിയാണ് വിചാരണ നടത്തേണ്ടത്. സില്‍വയും ദില്‍മ റൂസെഫും നിയമിച്ചവരാണ് ബ്രസീല്‍ സുപ്രീംകോടതിയിലെ ജഡ്ജിമാരില്‍ മിക്കവരും. കൂടാതെ, പരമോന്നത കോടതിയില്‍ നടക്കുന്ന വിചാരണക്ക് വേഗവും കുറയുമെന്ന സൗകര്യം ആരോപണവിധേയരായവര്‍ക്ക് ലഭിക്കും.
ശബ്ദരേഖകള്‍ പുറത്തുവിട്ടതിന് പിന്നാലെ സര്‍ക്കാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കോണ്‍ഗ്രസില്‍ ശക്തമായ പ്രതിഷേധം നടത്തി. ബുധനാഴ്ച രാത്രി പതിനായിരക്കണക്കിന് ആളുകള്‍ തലസ്ഥാനമായ ബ്രസീലിയയിലും പ്രധാന പട്ടണങ്ങളായ സാവോപോളോ, ബ്രസീലിയ, ബെലോ ഹൊറിസോന്‍െറ എന്നിവിടങ്ങളിലും തടിച്ചുകൂടി. തലസ്ഥാനത്ത് പ്രസിഡന്‍റിന്‍െറ വസതിക്കും കോണ്‍ഗ്രസ് കെട്ടിടത്തിനും മുന്നിലായി തടിച്ചുകൂടിയ 5000ത്തോളം പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസ് കണ്ണീര്‍വാതകവും ഗ്രനേഡുകളും പ്രയോഗിച്ചു. പെട്രോബാസ് അഴിമതിക്കേസില്‍ ഉള്‍പ്പെട്ട പ്രമുഖ വ്യവസായികള്‍ക്കെതിരെ ശക്തമായ നടപടിയെടുത്തയാളാണ് ജഡ്ജി സെര്‍ജിയോ മോറോ. എന്നാല്‍, ടെലിഫോണ്‍ സംഭാഷണം ചോര്‍ത്തിയ ഇദ്ദേഹത്തിന്‍െറ നടപടിയും വിമര്‍ശവിധേയമായി. ജനാധിപത്യ സംവിധാനത്തില്‍ സര്‍ക്കാര്‍ ചെയ്യുന്നത് എന്തെന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നാണ് ഇതുസംബന്ധിച്ച് പ്രോസിക്യൂട്ടറുടെ പ്രതികരണം.
അഴിമതിയാരോപണങ്ങളും സാമ്പത്തികപ്രതിസന്ധിയും സൃഷ്ടിച്ച പ്രക്ഷുബ്ധാന്തരീക്ഷം പുതിയ സംഭവവികാസങ്ങളോടെ ശക്തമായിരിക്കുകയാണ്. പെട്രോബാസ് അഴിമതിക്കേസില്‍ പ്രതിപക്ഷത്തിനും പങ്കുള്ളതായി ആരോപണമുണ്ട്. സര്‍ക്കാറിനെതിരായ പ്രക്ഷോഭങ്ങളില്‍ ഭാഗമാകാനുള്ള ഇവരുടെ ശ്രമം ജനം തള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.