Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചരിത്രം കുറിച്ച് ഒബാമ

ചരിത്രം കുറിച്ച് ഒബാമ

text_fields
bookmark_border
ചരിത്രം കുറിച്ച് ഒബാമ
cancel

ഹവാന: ചരിത്രം സൃഷ്ടിച്ച് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ ക്യൂബന്‍ തലസ്ഥാനമായ ഹവാനയില്‍ വിമാനമിറങ്ങി. ഞായറാഴ്ച വൈകീട്ട് കോരിച്ചൊഴിയുന്ന മഴയത്ത് സകുടുംബം ഇവിടെയത്തിയ ഒബാമക്ക് വന്‍ സ്വീകരണമാണ് ലഭിച്ചത്. വിപ്ളവാനന്തര ക്യൂബ സന്ദര്‍ശിക്കുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്‍റ് എന്ന വിശേഷണംകൂടി ഇതോടെ ഒബാമക്ക് സ്വന്തമായി. ക്യൂബന്‍ പ്രസിഡന്‍റ് റാഉള്‍ കാസ്ട്രോയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നുണ്ട്. എന്നാല്‍, ഫിദല്‍ കാസ്ട്രോയെ അദ്ദേഹം സന്ദര്‍ശിക്കില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തില്‍ പുതിയ അധ്യായത്തിന് തുടക്കമിടുന്നതാകും ഒബാമയുടെ സന്ദര്‍ശനം. 88 വര്‍ഷത്തിനുശേഷമാണ് ഒരു അമേരിക്കന്‍ പ്രസിഡന്‍റ് ക്യൂബയിലത്തെുന്നത്. ‘ചരിത്രപരമായ സന്ദര്‍ശനം’ എന്നാണ് തന്‍െറ യാത്രയെ ഒബാമ വിശേഷിപ്പിച്ചത്. ക്യൂബന്‍ ജനതയുമായി നേരിട്ട് സംവദിക്കാനും പുതിയ ബന്ധങ്ങള്‍ക്കും കരാറുകള്‍ക്കും രൂപംനല്‍കാനുമുള്ള അവസരമാണിതെന്ന് ഹവാനയിലത്തെിയ ഒബാമ പറഞ്ഞു. വിമാനത്താവളത്തില്‍നിന്ന് ഹവാനയിലെ യു.എസ് എംബസിയിലേക്കാണ് അദ്ദേഹം പോയത്. കഴിഞ്ഞവര്‍ഷമാണ് ഈ എംബസി പ്രവര്‍ത്തനമാരംഭിച്ചത്. ഇവിടെവെച്ചാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ചത്.

‘1928ല്‍ പ്രസിഡന്‍റ് കാല്‍വിന്‍ കൂളിഡ്ജ് ഇവിടെയത്തെിയത് ഒരു യുദ്ധക്കപ്പലിലാണ്. മൂന്നു ദിവസം ചെലവഴിച്ചാണ് അദ്ദേഹം ഇവിടെയത്തെിയത്. ഇപ്പോഴാകട്ടെ, മൂന്നു മണിക്കൂര്‍കൊണ്ട് എനിക്ക് ഹവാനയിലത്തൊനായി. പുതിയ സാമ്പത്തിക കരാറുകള്‍ക്കും മറ്റുമുള്ള ഏറ്റവും മികച്ച അവസരമാണിത്’ -ഒബാമ പറഞ്ഞു. വാര്‍ത്താസമ്മേളനത്തിനുശേഷം, ഓള്‍ഡ് ഹവാനയുടെ തെരുവുകള്‍ കുടുംബത്തോടൊപ്പം അദ്ദേഹം നടന്നു കണ്ടു. നാഷനല്‍ കത്തീഡ്രലും സന്ദര്‍ശിച്ചു. ഒബാമയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി അമേരിക്കയുടെ ഏതാനും പ്രതിനിധികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ക്യൂബയിലത്തെിയിരുന്നു. ജംബോ സംഘവുമൊത്താണ് കഴിഞ്ഞദിവസം ഒബാമ ഇവിടെയത്തെിയത്. ഏകദേശം 800 അമേരിക്കന്‍ പ്രതിനിധികള്‍ ഹവാനയിലെ വിവിധ ഹോട്ടലുകളിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ച ഹവാനയില്‍നിന്ന് അദ്ദേഹം മടങ്ങും. ലാറ്റിനമേരിക്കന്‍ രാഷ്ട്ര സന്ദര്‍ശനങ്ങളുടെ ഭാഗമായാണ് ഒബാമ ഇവിടെയത്തെിയത്.

2014 ഡിസംബറിലാണ് ക്യൂബയുമായുള്ള നയതന്ത്രബന്ധം പുന$സ്ഥാപിക്കുമെന്ന് ഒബാമ പ്രഖ്യാപിച്ചത്. തുടര്‍ന്ന്, ഇതുസംബന്ധിച്ച പല നീക്കങ്ങളും ഇരുരാജ്യങ്ങളുടെയും ഭാഗത്തുനിന്നുമുണ്ടായി. ചില ഉപരോധങ്ങളില്‍ ക്യൂബക്ക് ഇളവ് ലഭിച്ചു. കഴിഞ്ഞ ജൂലൈയില്‍ ക്യൂബ അമേരിക്കയില്‍ നയതന്ത്ര കാര്യാലയം തുറന്നതും തൊട്ടടുത്ത മാസം അമേരിക്ക ഹവാനയില്‍ എംബസി പ്രവര്‍ത്തനം ആരംഭിച്ചതും ഇതിന്‍െറ ഭാഗമായായിരുന്നു.  അതേസമയം, ഒബാമയുടെ സന്ദര്‍ശനത്തിനെതിരെ വന്‍ പ്രതിഷേധങ്ങളും അരങ്ങേറി. പ്രതിഷേധം മുന്‍കൂട്ടി കണ്ട് സര്‍ക്കാര്‍ കഴിഞ്ഞയാഴ്ചകളില്‍ കര്‍ശന നടപടികള്‍ കൈക്കൊണ്ടിരുന്നു. 500ഓളം പ്രതിഷേധക്കാരെ തലസ്ഥാനത്തുമാത്രം അറസ്റ്റ്ചെയ്തു നീക്കി. ‘ചര്‍ച്ചക്കു മുന്നോടിയായി ഉപരോധം പിന്‍വലിക്കൂ’ എന്നെഴുതിയ പ്ളക്കാര്‍ഡുകള്‍ ഓള്‍ഡ് ഹവാനയിലെങ്ങും കാണാമായിരുന്നു.

ഒബാമയുടെ ക്യൂബന്‍ പ്രതിസന്ധി
യു.എസ്-ക്യൂബ നയതന്ത്ര ബന്ധത്തില്‍ പുതിയ അധ്യായത്തിന് തുടക്കമിടുന്നതായിരിക്കും ബറാക് ഒബാമയുടെ ഹവാന സന്ദര്‍ശനം. ഏകദേശം ഏഴു വര്‍ഷങ്ങളുടെ തയാറെടുപ്പിനുശേഷമാണ് ഒബാമ ക്യൂബയിലത്തെിയിരിക്കുന്നത്. 2009ല്‍, അമേരിക്കന്‍ പൗരന്മാര്‍ക്ക് ക്യൂബ സന്ദര്‍ശിക്കുന്നതിനുള്ള വിലക്ക് പിന്‍വലിച്ചതാണ് ഈ നീക്കങ്ങളുടെ തുടക്കമായി വിലയിരുത്തപ്പെടുന്നത്. തുടര്‍ന്ന്, 2013 ജൂണിനുശേഷം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ രഹസ്യ മധ്യസ്ഥതയില്‍ നടന്ന ‘നയതന്ത്ര ചര്‍ച്ച’കളും ഫലം കണ്ടു. അതിനുശേഷമാണ് 2014 ഡിസംബറില്‍ ക്യൂബയുമായി നയതന്ത്രബന്ധം പുന$സ്ഥാപിക്കാന്‍ തീരുമാനിച്ചതായി അമേരിക്ക പ്രഖ്യാപിക്കുന്നത്. ഇതിനിടെ, റാഉള്‍ കാസ്ട്രോയുമായി ദക്ഷിണാഫ്രിക്കയില്‍വെച്ച് അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളിലും എംബസി സ്ഥാപിച്ചതുമെല്ലാം പുതിയ ‘യുഗ’ത്തിലേക്കുള്ള ചുവടുകളായിരുന്നു. ഈ നീക്കങ്ങള്‍ക്കിടയിലും വലിയ നയതന്ത്ര പ്രതിസന്ധി വൈറ്റ് ഹൗസ് അഭിമുഖീകരിക്കുന്നുണ്ട്.
കാലങ്ങളായി നിലനില്‍ക്കുന്ന ഉപരോധങ്ങള്‍ പിന്‍വലിക്കുന്നതു സംബന്ധിച്ച് ഒട്ടേറെ കടമ്പകള്‍ ഒബാമക്കു മുന്നിലുണ്ട്. മുന്‍ പ്രസിഡന്‍റ് കെന്നഡിയുടെ കാലത്ത് ക്യൂബക്കെതിരെ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ പിന്‍വലിക്കുന്നതിലൂടെ മാത്രമേ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാനാകൂ. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ അതത്ര എളുപ്പമല്ളെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. യു.എസ് സെനറ്റിന്‍െറ അംഗീകാരത്തോടെ മാത്രമേ ഉപരോധം പിന്‍വലിക്കാന്‍ സാധിക്കൂ. റിപ്പബ്ളിക്കന്‍ പാര്‍ട്ടിയിലെ വലിയൊരു വിഭാഗം അംഗങ്ങളും ഈ നീക്കത്തെ എതിര്‍ക്കുമെന്ന് വ്യക്തമാക്കിയതാണ്.
ഈ സാഹചര്യത്തില്‍ ഒബാമ പദവിയൊഴിയുന്നതിനു മുമ്പായി ഉപരോധം പിന്‍വലിക്കാനാകില്ളെന്നാണ് മനസ്സിലാകുന്നത്. ഉപരോധത്തെ തുടര്‍ന്ന് ക്യൂബക്കുണ്ടായ നഷ്ടം 121 ബില്യണ്‍ ഡോളര്‍ എന്നാണ് കണക്കാക്കിയിരിക്കുന്നത്. ഗ്വണ്ടാനമോ സംബന്ധിച്ചും ഇരു രാജ്യങ്ങളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. കാലങ്ങളായി അമേരിക്കന്‍ നാവികസേന കൈവശംവെച്ചിരിക്കുന്ന ഗ്വണ്ടാനമോ തിരിച്ചുവേണമെന്ന് ക്യൂബ ആവശ്യപ്പെട്ടതും ഒബാമയെ പ്രതിസന്ധിയിലാഴ്ത്തും.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:barack obamaobama in cuba
Next Story