ഇംപീച്ച് പ്രമേയം പാസായി; ദില്‍മ റൗസഫ് പുറത്തേക്ക്
text_fieldsബ്രസീലിയ: ബ്രസീല്‍ പ്രസിഡന്‍റ് ദില്‍മ റൗസഫിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള പ്രമേയം സെനറ്റില്‍ പാസാക്കി. 81 സെനറ്റ് അംഗങ്ങളാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. 55 പേര്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ 22 അംഗങ്ങള്‍ എതിര്‍ത്തു. 22 മണിക്കൂര്‍ നീണ്ട വോട്ടെടുപ്പിലാണ് ഇംപീച്ച്മെന്‍റ് പ്രമേയം പാസാക്കിയത്. സെനറ്റ് പ്രസിഡന്‍റ് റെനാന്‍ കാള്‍ഹീറോസ് നടപടികള്‍ക്ക് നേതൃത്വം നല്‍കി. പാര്‍ലമെന്‍റിലെ അധോസഭയില്‍ പാസാക്കിയ പ്രമേയം സെനറ്റിന് കൈമാറുകയായിരുന്നു. കേവല ഭൂരിപക്ഷത്തോടെ പ്രമേയം പാസാക്കിയാല്‍ ദില്‍മയെ ആറുമാസത്തേക്ക് പുറത്താക്കി കുറ്റവിചാരണ ചെയ്യാന്‍ സെനറ്റിന് അധികാരമുണ്ട്. 2014ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബജറ്റ് തിരിമറി നടത്തിയെന്ന ആരോപണമാണ് ഇംപീച്ച്മെന്‍റ് നടപടിയില്‍ കലാശിച്ചത്. എന്നാല്‍, ആരോപണങ്ങള്‍ അവര്‍ നിഷേധിച്ചിരുന്നു.
അധികാരം വൈസ്പ്രസിഡന്‍റ് മൈക്കല്‍ ടിമറിനു കൈമാറിയാണ് 13 വര്‍ഷത്തെ ഇടതുഭരണത്തിന് താല്‍കാലിക വിരാമമിട്ട് 68 കാരിയായ ദില്‍മ പുറത്തേക്ക് പോകുന്നത്. സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമമാണെന്നും ഇംപീച്ച്മെന്‍റിനെ നിയമപരമായി നേരിടുമെന്നും ദില്‍മ പ്രഖ്യാപിച്ചു. സെനറ്റ് തീരുമാനത്തില്‍ പ്രതിഷേധിച്ച് ആയിരക്കണക്കിന് അനുയായികള്‍ സാവോപോളോയില്‍ പ്രകടനം നടത്തി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കുരുമുളക് സ്പ്രേയും കണ്ണീര്‍വാതകവും പ്രയോഗിച്ചു.
2011 ജനുവരി 11നാണ് രാജ്യത്തെ ആദ്യ വനിതാ പ്രസിഡന്‍റായി ദില്‍മ അധികാരം ഏറ്റെടുത്തത്. ഭരണസ്തംഭനവും രാജ്യത്തെ സാമ്പത്തിക പ്രശ്നവും അഴിമതിയും ദില്‍മയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തിയിരുന്നു. 10 വര്‍ഷത്തിനിടെ രാജ്യം ഏറ്റവും വലിയ സാമ്പത്തികമാന്ദ്യമാണ് അനുഭവിക്കുന്നത്. ഒമ്പതു ശതമാനമാണ് രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക്. പണപ്പെരുപ്പം 12 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. ഒളിംപിക്സിന് മൂന്നുമാസംപോലും ഇല്ളെന്നിരിക്കെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ശ്രമിക്കവെയാണ് ബ്രസീല്‍ വീണ്ടും രാഷ്ട്രീയ അസ്ഥിരതയിലേക്ക് കൂപ്പുകുത്തിയത്. ഇടക്കാല പ്രസിഡന്‍റായി ചുമതലയേറ്റ ടിമര്‍ പുതിയ സര്‍ക്കാര്‍ ഉടന്‍ രൂപവത്കരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.