വെനിസ്വേലയിൽ അടിയന്തരാവസ്ഥ; മദൂറോക്കെതിരെ വൻ പ്രതിഷേധം
text_fieldsകറാക്കസ്: വെനിസ്വേലയിൽ രണ്ടു മാസത്തെ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്രസിഡന്‍റ് നികളസ് മദൂറോക്കെതിരെ വൻ പ്രതിഷേധം. തലസ്ഥാനമായ കാറക്കസിൽ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധ റാലി സംഘടിപ്പിച്ചു. മദൂറോ സർക്കാറിനുള്ള വിശ്വാസം നഷ്ടമായെന്നും പ്രസിഡന്‍റ് പദവിയൊഴിഞ്ഞ് ഹിതപരിശോധനക്ക് തയാറാകണമെന്നും പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. രാജ്യത്തെ 70 ശതമാനം പൗരന്മാരും മദൂറോക്ക് എതിരാണെന്ന് പ്രതിപക്ഷം അവകാശപ്പെടുന്നു.
അതേസമയം, രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് മദൂറോ വ്യക്തമാക്കി. പൂട്ടിയ സ്വകാര്യ വ്യവസായ സ്ഥാപനങ്ങൾ ഏറ്റെടുത്ത് അവശ്യ സാധനങ്ങളുടെ വിതരണം ഉറപ്പുവരുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ബ്രസീൽ പ്രസിഡന്‍റ് ദിൽമ റൗസഫിനെ പുറത്താക്കിയതിന് ശേഷം യു.എസ് ലക്ഷ്യമിടുന്നത് തന്‍റെ കസേരയാണെന്ന് മദൂറോ ആരോപിച്ചു.
വിദേശ ശക്തികളുടെ ഇടപെടൽ തടയാനായി സജ്ജമായിരിക്കാൻ മദൂറോ സൈന്യത്തിന് നിർദേശം നൽകിയിട്ടുണ്ട്. അമേരിക്കയും പ്രതിപക്ഷവും ചേർന്ന് സർക്കാറിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നാണ് മദൂറോയുടെ വാദം. ഭരണ അട്ടിമറി ഭയന്ന് വെള്ളിയാഴ്ചയാണ് മദൂറോ രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.