അമേരിക്കയില്‍ മുസ്ലിംകള്‍ ‘വെറുക്കപ്പെട്ട സമൂഹ’മെന്ന് പഠനം
text_fieldsവാഷിങ്ടണ്‍: അമേരിക്കയില്‍ ഏറ്റവും വെറുക്കപ്പെട്ട സമൂഹം മുസ്ലിംകളെന്ന് പഠനം. രാജ്യത്തെ പകുതിയോളം പേരും തങ്ങളുടെ മക്കള്‍ക്ക് മുസ്ലിമിനെ ഇണയായി ലഭിക്കുന്നതിനെ ഇഷ്ടപ്പെടുന്നില്ളെന്നും സാമൂഹിക ശാസ്ത്രജ്ഞരുടെ സംഘം നടത്തിയ പഠനത്തില്‍ പറയുന്നു. ന്യൂനപക്ഷ വിശ്വാസങ്ങളോടും വംശങ്ങളോടും അമേരിക്കക്കാരുടെ മനോഭാവമെന്തെന്ന് അറിയാനാണ് മിന്‍സോട സര്‍വകലാശാലയിലെ സാമൂഹികശാസ്ത്രഞര്‍ പഠനം നടത്തിയത്.
കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ മുസ്ലിംകള്‍ക്കെതിരായ മനോഭാവം ഇരട്ടിയായി വര്‍ധിച്ചതായും ഇതില്‍ വ്യക്തമാകുന്നുണ്ട്. മുസ്ലിംകളെ ഇഷ്ടപ്പെടാത്തവര്‍ 2006ല്‍ 26 ശതമാനമായിരുന്നെങ്കില്‍ 2016ല്‍ ഇത് 45.5 ആയി ഉയര്‍ന്നു. ദേശീയവും അന്തര്‍ദേശീയവുമായ സംഭവവികാസങ്ങള്‍ മുസ്ലിംകളോടുള്ള മനോഭാവത്തെ സ്വാധീനിച്ചതായാണ് വിലയിരുത്തപ്പെടുന്നത്. ഭീകരാക്രമണങ്ങളടക്കമുള്ള സംഭവങ്ങള്‍ ഇതില്‍ സ്വാധീനിച്ചതായും പറയുന്നു.
രാജ്യത്ത് ഒരാളെ വിലയിരുത്തുന്നതില്‍ മതം ഒരു അടയാളമായി മാറിയതായാണ് പഠനം തെളിയിക്കുന്നതെന്ന് സാമൂഹിക ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. സെപ്റ്റംബര്‍ 11 ആക്രമണത്തിനുശേഷം മുസ്ലിംകള്‍ക്കെതിരായ ആക്രമണങ്ങളും വര്‍ധിച്ചതായും മുസ്ലിംകളാണെന്ന ധാരണയില്‍ സിക്കുകാരും വ്യാപകമായി ആക്രമിക്കപ്പെടുന്നതായും പഠനം വ്യക്തമാക്കുന്നു.
മുസ്ലിംകള്‍ കഴിഞ്ഞാല്‍ നിരീശ്വരവാദികളാണ് ഏറ്റവും വെറുക്കപ്പെട്ടവര്‍. പതിറ്റാണ്ട് മുമ്പ് അമേരിക്കയിലെ ഏറ്റവും ജനപിന്തുണയില്ലാത്ത സമൂഹം നിരീശ്വരവാദികളായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.