ചൈനയിൽനിന്ന് അഞ്ച് പകർച്ചവ്യാധികൾ; ഇനി ഒന്നുകൂടി താങ്ങാനാകില്ല -യു.എസ്
text_fieldsവാഷിങ്ടൺ: കഴിഞ്ഞ 20 വർഷത്തിനിടെ അഞ്ച് പകർച്ചവ്യാധികൾ ചൈനയിൽനിന്ന് പുറത്തുവന്നതായി യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഓബ്രിയൻ. ഇനി ഒന്നുകൂടി ലോകത്തിന് താങ്ങാനാകില്ല, അവസാനിപ്പിക്കേണ്ട സമയമായി -അദ്ദേഹം പറഞ്ഞു.
“സാർസ്, ഏവിയൻ ഫ്ലൂ, പന്നിപ്പനി, കോവിഡ് 19 തുടങ്ങി അഞ്ച് ബാധകളാണ് കഴിഞ്ഞ 20 വർഷത്തിനിടെ ചൈനയിൽനിന്ന് ഉത്ഭവിച്ചത്. ചൈനയിലെ ഈ ഭയാനകമായ പൊതുജനാരോഗ്യ സാഹചര്യം ലോകത്തിന് എത്രകണ്ടാണ് സഹിക്കാൻ കഴിയുക?” ഓബ്രിയൻ വാർത്താസമ്മേളനത്തിൽ ചോദിച്ചു. “ലാബിൽ നിന്നായാലും ശരി, വെറ്റ് മാർക്കറ്റിൽനിന്നായാലും ശരി. കോവിഡ് തുടങ്ങിയത് വൂഹാനിൽ നിന്നാണെന്നത് ഉറപ്പാണ്. ഇതിന് സാഹചര്യത്തെളിവുകളുണ്ട്” അദ്ദേഹം പറഞ്ഞു.
ആഗോളതലത്തിൽ രണ്ടര ലക്ഷം പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇനിയും ഇത്തരം ബാധകൾ ചൈനയിൽനിന്ന് പുറത്തുവന്നാൽ തങ്ങൾക്കത് താങ്ങാൻ കഴിയില്ലെന്ന് ലോകമൊന്നടങ്കം ചൈനീസ് സർക്കാരിനോട് പറയാൻ തുടങ്ങിയിട്ടുണ്ട്. കോവിഡിനെ തടഞ്ഞുനിർത്താൻ കഴിയുമായിരുന്നു. ചൈനയെ സഹായിക്കാൻ ആരോഗ്യ വിദഗ്ധരെ അയക്കാമെന്ന് ഞങ്ങൾ വാഗ്ദാനം ചെയ്തതാണ്. എന്നാൽ, അവരത് നിരസിച്ചു.
വൈറസിെൻറ ഉത്ഭവത്തെക്കുറിച്ച് യു.എസ് തെളിവുകൾ തിരയുന്നുണ്ട്. ഞങ്ങൾ അവലോകനം തുടരുകയാണ്. പൊതുജനാരോഗ്യത്തെ ചൈന എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് കണ്ടെത്തണം. കാരണം, ഇനിയൊരു വൈറസ് ബാധ ചൈനയിൽനിന്ന് ഉണ്ടാകരുത്. ഇത് അമേരിക്കയെ മാത്രമല്ല, ലോകത്തെ മൊത്തം ഗ്രസിച്ച ഭയാനകമായ വിപത്താണ്. ലോക സമ്പദ്‌വ്യവസ്ഥ മൊത്തം അടച്ചുപൂട്ടി.
അഞ്ചാമത്തെ തവണയാണ് ഈ അവസ്ഥ നേരിടുന്നത്. ഇത് അവസാനിപ്പിക്കാൻ ചൈനക്ക് ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്ന് സഹായം ആവശ്യമാണ്. പൊതുജനാരോഗ്യ പ്രതിസന്ധി തരണം ചെയ്യുന്നതിന് ചൈനയെ സഹായിക്കാൻ ഞങ്ങൾ തയ്യാറാണ്. കാരണം, ഈ പ്രശ്‌നം ഇനിയും നേരിടാൻ കഴിയില്ല -ഓബ്രിയൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.