അമേരിക്കക്ക് തലവേദനയായി െഎ.എസും നവനാസികളും
text_fieldsഇൻറർനെറ്റ് ദുരുപയോഗം ചെയ്ത് സാമൂഹികമാധ്യമങ്ങളിലൂടെ ചെറുപ്പക്കാരിലേക്ക് നുഴഞ്ഞുകയറുന്ന ഐ.എസും നവനാസികളടക്കമുള്ള വംശീയ തീവ്രവാദിസംഘങ്ങളും അമേരിക്കക്ക് തലവേദന സൃഷ്ടിക്കുന്നു. ഭീകരാക്രമണങ്ങൾ ആവർത്തിച്ചുകൊണ്ടിരിെക്ക നിയമനടപടികൾക്കപ്പുറം സാമൂഹികപ്രതിരോധത്തിനുള്ള വഴികളാരായുകയാണ് ഭരണകൂടം. െഎ.എസ് സൃഷ്ടിക്കുന്ന ഭീഷണിക്കുപുറമെ വെള്ളക്കാരുടെ പരമാധികാര പൗരത്വത്തിനു വാദിക്കുന്ന തീവ്രവാദികളും വംശവെറി പൂണ്ട നവനാസി സംഘങ്ങളും യുവാക്കളെയും കുട്ടികളെയുമാണ് ഉന്നമിടുന്നത്. അതിനാൽ, സ്കൂളുകൾ, മതപാഠശാലകൾ, ആരാധനാലയങ്ങൾ എന്നിവ കേന്ദ്രീകരിച്ച് ബോധവത്കരണപ്രവർത്തനത്തിനാണ് അധികൃതർ മുൻകൈയെടുക്കുന്നത്.
െഎ.എസും നവനാസികളും രാജ്യത്തിന് ഭീഷണി സൃഷ്ടിക്കുന്നുണ്ടെന്നും പുതുതലമുറയെ വഴിപിഴപ്പിച്ച് സാമൂഹിക ധ്രുവീകരണത്തിനു ശ്രമിക്കുന്ന ഈ സംഘങ്ങൾക്കെതിരെ ജനകീയ പങ്കാളിത്തത്തോടെയുള്ള പ്രതിരോധമാണ് അമേരിക്ക കാണുന്ന പരിഹാരമെന്നും കൊളറാഡോയിലെ യു.എസ് അറ്റോണി റോബർട്ട് സി. ട്രോയർ വ്യക്തമാക്കി. 2014 ഒക്ടോബർ 17 ന് ജർമനിയിലെ ഫ്രാങ്ക്ഫർട്ട് വഴി സിറിയയിലേക്ക് കടക്കാൻ ശ്രമിച്ച മൂന്നു സോമാലി പെൺകുട്ടികളെ പിടികൂടിയതോടെയാണ് കൊളറാഡോ സംസ്ഥാനത്തെ ഐ.എസ് സാന്നിധ്യം ജനശ്രദ്ധയിലേക്കു വരുന്നത്. മൈനർ പ്രായത്തിലുള്ള ഈ കുട്ടികളെ അമേരിക്കയിലേക്ക് തിരിച്ചെത്തിക്കുകയായിരുന്നു. സോഷ്യൽ മീഡിയ വഴിയാണ് ഇവർ ഭീകരസംഘത്തിെൻറ റിക്രൂട്ടിങ്ങിനിരയായത്. ഇത് തിരിച്ചറിഞ്ഞ് രക്ഷിതാക്കളുടെയും മതനേതാക്കളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ പുതുതലമുറയുടെ തീവ്രവാദവത്കരണത്തിനെതിരെ കൂട്ടായ ശ്രമമാണ് നടത്തിവരുന്നതെന്ന് മലയാളി മാധ്യമപ്രവർത്തകരുമായുള്ള ചർച്ചയിൽ അദ്ദേഹം പറഞ്ഞു.
വെള്ളക്കാരല്ലാത്തവരെ പൊറുപ്പിക്കാത്ത വർണവെറി മൂത്ത തീവ്രവാദികളും മറ്റു നിറക്കാരെയും വംശക്കാരെയും ശത്രുവായി കണ്ട് ആക്രമിക്കുന്ന നവനാസി വിഭാഗങ്ങളും യുവാക്കളെയും കുട്ടികളെയും വലവീശി പിടിക്കുന്നുണ്ട്. ഐ.എസ് മതവികാരമാണ് കുത്തിവെക്കുന്നതെങ്കിൽ മറ്റുള്ളവർ വംശീയ വിരോധമാണ് പ്രചരിപ്പിക്കുന്നത്. കുറ്റവാളികളെ പിടികൂടി ശിക്ഷിക്കുക നിയമസംവിധാനത്തിെൻറ ബാധ്യതയാണ്. ഈ പ്രവണതയെ പ്രതിരോധിക്കുകയാണ് ശാശ്വതമായ പരിഹാരമാർഗം. കുടിയേറ്റ തലമുറയിൽ അന്യതബോധം ഇല്ലാതാക്കാനും രാജ്യത്തിനൊപ്പം അവരെ നിർത്താനുമുള്ള പരിപാടികളാണ് ആവിഷ്കരിക്കുന്നത്. എല്ലാ വർഷവും കൊളറാഡോയിലെ വിവിധ ജനവിഭാഗങ്ങളെ പെങ്കടുപ്പിച്ച് നടത്തുന്ന ‘താങ്ക് യു അമേരിക്ക’ ഇതിെൻറ ഭാഗമാണ്. ഇമാമുമാരും മത നേതാക്കളുമടക്കം എല്ലാ വിഭാഗക്കാരിൽ നിന്നും ഇക്കാര്യത്തിൽ ശക്തമായ പിന്തുണ ലഭിച്ചുവരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തീവ്രവാദചിന്താഗതികൾ തടയാൻ ഒറ്റപ്പെടുത്തലിെൻറ വഴിയല്ല പരിഹാരമെന്നും രാജ്യത്ത് ജീവിക്കുന്ന വിവിധ ജനവിഭാഗങ്ങൾക്കു പറയാനുള്ളത് കേൾക്കാനും അതനുസരിച്ച് പരിഹാരം ഉരുത്തിരിച്ചെടുക്കാനും കഴിയണമെന്നും കൊളറാഡോയിലെ അറോറ കമ്യൂണിറ്റി കോളജ് സോഷ്യൽ സയൻസസിെൻറ ചെയർ ബോബി പേസ് അഭിപ്രായപ്പെട്ടു. കുടിയേറ്റജനതയെ ഒപ്പംനിർത്താൻ അവരുടെ പ്രശ്നങ്ങൾ ആഴത്തിൽ പഠിച്ച് സഹവർത്തിത്വം സാധ്യമാക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. അക്രമാസക്ത തീവ്രവാദത്തിനെതിരെ പിയർഗ്രൂപ്പുകൾക്ക് രൂപം നൽകുന്ന പ്രക്രിയയിലാണ് പേസിെൻറ നേതൃത്വത്തിൽ കമ്യൂണിറ്റി കോളജ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.