യു.എസ്-ചൈന ഭിന്നത: അപെകിൽ സമവായമില്ല
text_fieldsപോർട് മോറസ്ബി: യു.എസും ചൈനയും തമ്മിലെ ഭിന്നതക്ക് പരിഹാരമില്ലാതെ വന്നതോടെ ലോകത്തെ സുപ്രധാന സാമ്പത്തിക ശക്തികൾ ഒന്നിച്ച അപെക് ഉച്ചകോടി സമവായമില്ലാതെ പിരിഞ്ഞു. പാപ്വന്യൂഗിനിയുടെ തലസ്ഥാനമായ പോർട് മോറസ്ബിയിൽ നടന്ന ഏഷ്യ-പസഫിക് ഇക്കണോമിക് കോർപറേഷെൻറ യോഗമാണ് സാമ്പത്തിക പ്രശ്നങ്ങളിൽ ധാരണയാകാതെ ഞായറാഴ്ച പിരിഞ്ഞത്.
രണ്ടു ഭീമൻ രാഷ്ട്രങ്ങളുടെ താൽപര്യങ്ങൾ ഏറ്റുമുട്ടലിലായതിനാൽ ഉച്ചകോടിയിൽ സമവായമുണ്ടാക്കാൻ കഴിഞ്ഞില്ലെന്ന് പാപ്വന്യൂഗിനി പ്രധാനമന്ത്രി പീറ്റർ ഒനീൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 21 രാജ്യങ്ങളുടെ വേദിയായ അപെക് 1993ൽ ആരംഭിച്ചതു മുതൽ എല്ലാ വർഷവും ഉച്ചകോടിയിൽ സംയുക്ത പ്രസ്താവന പുറത്തിറക്കാറുണ്ട്. ഇതാണ് യു.എസ്-ചൈന ഭിന്നതയെ തുടർന്ന് മുടങ്ങിയത്. ശനിയാഴ്ച ഉച്ചകോടിയിൽ സംസാരിച്ച ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങും യു.എസ് വൈസ് പ്രസിഡൻറ് മൈക് പെൻസും പരസ്പരം വിമർശിച്ച് രംഗത്തെത്തിയിരുന്നു.
യു.എസ് സ്വന്തം രാജ്യത്തെ സംരക്ഷിക്കുക എന്ന നയത്തിെൻറ ഭാഗമായി നടപ്പാക്കുന്ന വ്യാപാര നിയന്ത്രണങ്ങൾ ദൂരക്കാഴ്ചയില്ലാത്തതാണെന്ന് ഷി ജിൻപിങ് ആരോപിച്ചു. ചൈനയുടെ പണം വാങ്ങി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്ന ദരിദ്ര രാജ്യങ്ങൾ ശ്രദ്ധിക്കണമെന്ന് പെൻസ് മുന്നറിയിപ്പ് നൽകി.
യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് അധികാരമേറ്റ ശേഷം ഇറക്കുമതി ചുങ്കം വർധിപ്പിച്ചത് ഏറ്റവുമധികം ബാധിച്ചത് ചൈനയെയാണ്. ഇക്കാര്യത്തിൽ യു.എസ് സമീപനം മാറ്റണമെന്ന് നേരത്തേ ഷി ജിൻപിങ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇക്കാര്യം പരിഗണിക്കാൻ ട്രംപ് തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.