യു.എസില്‍ പൊതുസ്ഥലത്ത് മാതൃഭാഷ സംസാരിക്കരുതെന്ന്
text_fieldsകാന്‍സസ്: യു.എസില്‍ പൊതുസ്ഥലത്ത് മാതൃഭാഷയോ ഏതെങ്കിലും ഇന്ത്യന്‍ ഭാഷയോ ഉപയോഗിക്കരുതെന്ന് ഇന്ത്യക്കാര്‍ക്കിടയില്‍ പ്രചാരണം. ഹൈദരാബാദ് സ്വദേശിയായ ടെക്കി ശ്രീനിവാസ് കുച്ചിബോട്ല വംശീയ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ജാഗ്രത പാലിക്കണമെന്ന നിര്‍ദേശം ഇന്ത്യക്കാര്‍ക്കിടയില്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത്.
തെലങ്കാനയില്‍നിന്നുള്ളവര്‍ക്കിടയിലാണ് ഏറ്റവും കൂടുതല്‍ ഭയാശങ്കകള്‍ നിലനില്‍ക്കുന്നത്. പൊതുസ്ഥലത്ത് മറ്റുള്ളവരുമായി തര്‍ക്കത്തിലേര്‍പ്പെടരുത്, ആരെങ്കിലും പ്രകോപിപ്പിക്കാന്‍ ശ്രമിച്ചാല്‍ തര്‍ക്കത്തിന് നില്‍ക്കാതെ അവിടെനിന്ന് മാറിപ്പോവുക, പൊതുസ്ഥലത്ത് ഇംഗ്ളീഷില്‍ മാത്രം സംസാരിക്കുക, ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഒറ്റക്ക് സഞ്ചരിക്കാതിരിക്കുക, അടിയന്തര സാഹചര്യങ്ങളില്‍ 911 എന്ന നമ്പറില്‍ ബന്ധപ്പെടുക, സംശയകരമായി എന്തെങ്കിലും കണ്ടത്തെിയാല്‍ അധികൃതരെ അറിയിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് വിദേശ ഇന്ത്യക്കാര്‍ക്ക് തെലങ്കാന അമേരിക്കന്‍ തെലുഗു അസോസിയേഷന്‍ നല്‍കിയിരിക്കുന്നത്.
അതേസമയം, കാലിഫോര്‍ണിയ, വാഷിങ്ടണ്‍ ഡി.സി, ന്യൂയോര്‍ക് എന്നിവിടങ്ങളിലെ ഇന്ത്യക്കാര്‍ വംശീയ ആക്രമണങ്ങളെ കുറിച്ച് അത്രമാത്രം ആശങ്കാകുലരല്ല. അമേരിക്കക്കാര്‍ സൗഹൃദത്തോടെയാണ് പെരുമാറുന്നതെന്നും ഈ പ്രദേശങ്ങളില്‍ ആക്രമണത്തിന് സാധ്യത കുറവാണെന്നും സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ ശരത് ദേവുലപള്ളി പറഞ്ഞു. എന്നാല്‍, ട്രംപ് ഭൂരിപക്ഷം നേടിയ മധ്യ-തെക്കന്‍ അമേരിക്കയില്‍ വംശീയ ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.