യു.എസിലെ കറുത്തവർ നേരിടുന്ന അസമത്വം കോവിഡ് വെളിവാക്കി –ഒബാമ
text_fieldsവാഷിങ്ടൺ: കോവിഡ് പകർച്ചവ്യാധി തടയുന്നതിൽ പരാജയമായ ട്രംപ് ഭരണകൂടത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ പ്രസിഡൻറ് ബറാക് ഒബാമ. അമേരിക്കയിലെ കറുത്ത വംശജർ ചരിത്രപരമായി നേരിടുന്ന അനീതിയും അമിത ഭാരവും കോവിഡ് വെളിവാക്കിയതായും അദ്ദേഹം ആരോപിച്ചു. യു.എസിൽ കോവിഡ് ബാധിച്ച് മരിച്ചവരിലും ചികിത്സയിൽ കഴിയുന്നവരിലും വലിയൊരു അളവ് ആഫ്രിക്കൻ വംശജരാണെന്നതാണ് ഒബാമയുടെ വിമർശനത്തിെൻറ പശ്ചാത്തലം.
വിവിധ കോളജുകളിൽനിന്നുള്ള വിദ്യാർഥികളുമായി നടത്തിയ സംസാരത്തിലാണ് ഒബാമ ഇക്കാര്യം പറഞ്ഞത്. പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കേണ്ടവർ തങ്ങൾക്കാണ് ചുമതലയെന്നു നടിക്കുക പോലും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഭരണപരാജയത്തിെൻറ ഏറ്റവും വലിയ തെളിവാണ് കോവിഡ് വ്യാപനം. വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥരെയും ഒബാമ വിമർശിച്ചു.
ജോർജിയയിൽ ജോഗിങ്ങിനിടെ അഹ്മദ് ആർബർ എന്ന കറുത്ത വംശജനായ യുവാവ് രണ്ടു വെളുത്ത വംശജരുടെ വെടിയേറ്റു മരിച്ച സംഭവത്തെയും അദ്ദേഹം അപലപിച്ചു. 2017ൽ അധികാരെമാഴിഞ്ഞ ശേഷം അപൂർവമായി മാത്രം ട്രംപ് ഭരണകൂടത്തിനെതിരെ വിമർശനമുന്നയിക്കാറുള്ള ഒബാമ, ഒരാഴ്ചക്കിടെ ഇത് രണ്ടാംതവണയാണ് കോവിഡിൽ വിമർശനവുമായി രംഗത്തുവരുന്നത്.
ജോൺഹോപ്കിൻസ് യൂനിവേഴ്സിറ്റിയുടെ ഏറ്റവും പുതിയ കണക്ക് പ്രകാരം 24 മണിക്കൂറിനിടെ 1200ലേറെ പേരാണ് അമേരിക്കയിൽ കോവിഡ് മൂലം മരിച്ചത്. ലോകത്ത് ഏറ്റവുമധികം കോവിഡ് മരണം റിപ്പോർട്ട് ചെയ്ത അമേരിക്കയിൽ മരണസംഖ്യ 90,000 കവിഞ്ഞിരിക്കെയാണ് ഒബാമയുടെ വിമർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.