ഗാന്ധി-മാർടിൻ ലൂഥർ കിങ് ജൂനിയർ ആശയങ്ങളുടെ വ്യാപനത്തിന് യു.എസ് കോൺഗ്രസിൽ ബിൽ
text_fieldsവാഷിങ്ടൺ: മഹാത്മ ഗാന്ധിയുടെയും മാർടിൻ ലൂഥർ കിങ് ജൂനിയറിെൻറയും ചിന്തകൾ പ്രചരിപ്പിക്കാൻ അമേരിക്ക ബജറ്റിൽ തുക നീക്കിവെക്കണമെന്ന് ആവശ്യം. യു.എസിലെ പ്രമുഖ പൗരാവകാശ നേതാവും കോൺഗ്രസ് അംഗവുമായ ജോൺ ലെവിസ് ആണ് ഇതു സംബന്ധിച്ച ബിൽ ജനപ്രതിനിധി സഭയിൽ കൊണ്ടുവന്നത്. ഇരുവരുടെയും പാരമ്പര്യം ഉയർത്തിപ്പിടിക്കാനാവശ്യമായ വിവിധ പ്രവർത്തനങ്ങൾക്കായി 150 ദശലക്ഷം ഡോളർ വകയിരുത്തണമെന്നാണ് ആവശ്യം. ഗാന്ധിയുടെ 150ാം ജന്മവാർഷികാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ, ലോകത്തിലെ ഏറ്റവും വലിയ രണ്ടു ജനാധിപത്യ രാജ്യങ്ങൾ തമ്മിലുള്ള (യു.എസ്-ഇന്ത്യ) സൗഹൃദം ഉൗട്ടിയുറപ്പിക്കാനും നടപടി ഉപകരിക്കുമെന്ന് ജോൺ ലെവിസ് വ്യക്തമാക്കി. ഇന്ത്യൻ നിയമങ്ങൾക്ക് വിധേയമായി ഗാന്ധി-കിങ് ഡെവലപ്മെൻറ് ഫൗണ്ടേഷൻ രൂപവത്കരിക്കാനും നിർദേശമുണ്ട്. ‘യു.എസ്എയിഡി’െൻറ നേതൃത്വത്തിലാണ് ഇതിനുള്ള കാര്യങ്ങൾ നീക്കേണ്ടത്. ഫൗണ്ടേഷനുവേണ്ടി എല്ലാ വർഷവും 30 ദശലക്ഷം ഡോളർ നീക്കിെവക്കണം. അടുത്ത അഞ്ചുവർഷം ഇത് തുടരണം. ഫൗണ്ടേഷൻ ഗവേണിങ് കൗൺസിൽ ആരോഗ്യം, മലിനീകരണം, കാലാവസ്ഥ മാറ്റം, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന സർക്കാറിതര സംഘടനകൾക്ക് സഹായം നൽകണം -നിർദേശത്തിൽ തുടർന്നു.
ബില്ലിനെ മറ്റ് ആറ് ഡെമോക്രാറ്റ് കോൺഗ്രസ് അംഗങ്ങൾ പിന്തുണച്ചിട്ടുണ്ട്. ഇതിൽ മൂന്നു പേർ ഇന്ത്യൻ വംശജരാണ്. ഡോ. അമി ബേറ, റോ ഖന്ന, പ്രമീള ജയപാൽ എന്നിവരാണിവർ. ഇരു രാജ്യങ്ങളിലും നിന്നുള്ള പണ്ഡിതന്മാർ പങ്കെടുക്കുന്ന വാർഷിക വിദ്യാഭ്യാസ സമ്മേളനം ഓരോ വർഷവും ഇന്ത്യയിലും അമേരിക്കയിലുമായി നടത്തൽ, സംഘർഷ ലഘൂകരണത്തിനുള്ള പ്രഫഷനൽ പരിശീലനം നൽകുന്ന അക്കാദമി സ്ഥാപിക്കൽ തുടങ്ങിയവയും നിർദേശങ്ങളിലുണ്ട്.ബില്ലിനെ യു.എസിലെ ഇന്ത്യൻ അംബാസഡർ ഹർഷ് വർധൻ ശ്രിംഗ്ല സ്വാഗതം ചെയ്തു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സാംസ്കാരിക-പ്രത്യയശാസ്ത്ര ബന്ധത്തെ ഊട്ടിയുറപ്പിക്കുന്നതാണ് ബിൽ എന്ന് അദ്ദേഹം പറഞ്ഞു.
മഹാത്മ ഗാന്ധി ഒരിക്കലും യു.എസ് സന്ദർശിച്ചിട്ടില്ല. എന്നാൽ, മാർടിൻ ലൂഥർ കിങ് ജൂനിയർ ഇന്ത്യയിലെത്തുകയും ഇവിടെ നടത്തിയ യാത്രയെ ‘തീർഥയാത്ര’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 1959 ഫെബ്രുവരിയിലാണ് ഡോ. കിങ്ങും ഭാര്യ കൊറെറ്റ സ്കോട് കിങ്ങും ഇന്ത്യയിലുടനീളം സഞ്ചരിച്ചത്. ഇന്ത്യയിൽ വന്നശേഷം അക്രമരഹിത സമരമാർഗമാണ് ഏറ്റവും ശക്തിയേറിയ ആയുധം എന്ന കാര്യത്തിൽ കൂടുതൽ തീർച്ചയുണ്ടായെന്ന് അദ്ദേഹം പിന്നീടെഴുതിയിരുന്നു. യു.എസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ പൗരാവകാശ പ്രക്ഷോഭകരുടെ എക്കാലത്തെയും പ്രചോദനമാണ് ഗാന്ധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.