ബൊളീവിയയിൽ തെരുവിലും വാഹനങ്ങളിലും ജനം മരിച്ചുവീഴുന്നു
text_fieldsലാപാസ്: ലാറ്റിനമേരിക്കൻ രാജ്യമായ ബൊളീവിയയിൽ കോവിഡ് ബാധിതർ തെരുവുകളിലും വീടുകളിലും വാഹനങ്ങളിലും മരിച്ചുകിടക്കുന്നു. രാജ്യത്തെ വൻ നഗരങ്ങളിൽനിന്ന് അഞ്ചു ദിവസത്തിനിടെ കണ്ടെടുത്തത് 400ലധികം മൃതദേഹങ്ങളാണ്.
തെരുവുകൾ, വാഹനങ്ങൾ, വീടുകൾ എന്നിവിടങ്ങളിൽനിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് നാഷനൽ െപാലീസ് ഡയറക്ടർ കേണൽ ഇവാൻ റോജാസ് പറഞ്ഞു. തലസ്ഥാന നഗരിയായ ലാപാസിൽനിന്ന് 141 മൃതദേഹങ്ങളും കൊച്ചബാമ മെട്രോപോളിറ്റനിൽനിന്ന് 191 മൃതദേഹങ്ങളും കണ്ടെടുത്തു. ഏറ്റവും വലിയ നഗരമായ സാൻറാക്രൂസിൽ 68 മൃതദേഹങ്ങളാണ് പൊലീസ് കണ്ടെത്തിയത്.
ജൂലൈ 15നും 20നും ഇടക്കുള്ള ദിവസങ്ങളിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചവരിൽ 85 ശതമാനം പേരും കോവിഡ് ബാധിതരോ ലക്ഷണങ്ങളുള്ളവരോ ആണെന്ന് കേണൽ ഇവാൻ റോജാസ് പറഞ്ഞു. ബാക്കി 15 ശതമാനം പേർ മറ്റ് രോഗങ്ങളിലോ സംഘർഷങ്ങളിലോ ആണ് മരിച്ചത്. ബൊളീവിയയിൽ 60,991 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും 2218 പേർ മരിക്കുകയും ചെയ്തു.
ഏപ്രിൽ ഒന്നു മുതൽ ജൂലൈ 19 വരെ കാലയളവിൽ മൂവായിരത്തിലധികം പേരെ ആശുപത്രിക്ക് പുറത്തുനിന്ന് കണ്ടെത്തിയതായും ഇവർ കോവിഡ് രോഗികളോ ലക്ഷണങ്ങളുള്ളവരോ ആയിരുന്നുവെന്നും ഫോറൻസിക് ഇൻവെസ്റ്റിഗേഷൻസ് ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. രാജ്യത്തെ ആരോഗ്യ മന്ത്രാലയത്തിെൻറ തുടർച്ചയായ മുന്നറിയിപ്പ് അവഗണിച്ചും കൊച്ചബാമയിൽ കോവിഡ് ചികിത്സക്ക് ക്ലോറിൻ ഡയോക്സൈഡ് ഉപയോഗിക്കാൻ സെനറ്റ് അനുമതി നൽകി. ഇതോടെ ജനം ഇത് വാങ്ങുന്നതിന് വൻതോതിൽ പുറത്തിറങ്ങുകയാണ്. ബ്ലീച്ച് പോലുള്ള ക്ലോറിൻ ഡയോക്സൈഡ് അപകടകരമാണെന്നും ചികിത്സക്കായി ഉപയോഗിക്കരുതെന്നും അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.