തെരഞ്ഞെടുപ്പിൽ ജയിക്കാൻ ട്രംപ് ചൈനയുടെ സഹായം തേടിയെന്ന് മുൻ സുരക്ഷ ഉപദേഷ്ടാവ്
text_fieldsവാഷിങ്ടൺ: ഈ വർഷം നടക്കുന്ന യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ജയിക്കാൻ ചൈനീസ് പ്രസിഡൻറ് ഷി ജിൻ പിങ്ങിെൻറ സഹായം തേടിയതായി വെളിപ്പെടുത്തൽ. മുൻ യു.എസ് സുരക്ഷ ഉപദേഷ്ടാവ് ജോൺ ബോൾട്ടെൻറ പുറത്തിറങ്ങാനിരിക്കുന്ന പുസ്തകത്തിലേതാണ് വെളിപ്പെടുത്തൽ.
2019 ജൂൺ 29ന് ജപ്പാനിലെ ഒസാകയിൽ നടന്ന ജി20 ഉച്ചകോടിക്കിടെ ഷിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തെരഞ്ഞെടുപ്പിൽ സഹായിക്കണമെന്നാവശ്യപ്പെട്ടത്. ചൈനീസ് സമ്പദ്വ്യവസ്ഥയുടെ ശേഷി ചൂണ്ടിക്കാട്ടിയ ട്രംപ്, വരുന്ന തെരഞ്ഞെടുപ്പിൽ തെൻറ ജയം ഉറപ്പാക്കാൻ സഹായിക്കണമെന്ന് അഭ്യർഥിച്ചു. കർഷക വോട്ട്ബാങ്കിെൻറ പ്രാധാന്യം സൂചിപ്പിച്ച ശേഷം, അവരുടെ പിന്തുണ ഉറപ്പാക്കാൻ യു.എസിൽനിന്നുള്ള സോയാബീൻ, ഗോതമ്പ് ഇറക്കുമതി ചൈന വർധിപ്പിക്കണമെന്നും അഭ്യർഥിച്ചു.
ചൈനയിലെ വംശീയ ന്യൂനപക്ഷമായ ഉയ്ഗൂർ മുസ്ലിംകളെ പാർപ്പിക്കുന്നതിന് തടങ്കൽപാളയങ്ങൾ നിർമിക്കാനുള്ള ഷിയുടെ തീരുമാനത്തെ ട്രംപ് പിന്തുണച്ചു. നിർമാണവുമായി മുന്നോട്ടുപോകണമെന്നാവശ്യപ്പെട്ട അദ്ദേഹം, ശരിയായ നടപടിയാണിതെന്നും പറഞ്ഞു. അതേസമയം, ഉയ്ഗൂറുകളെ പീഡിപ്പിക്കുന്ന ചൈനീസ് അധികൃതർക്ക് ഉപരോധമേർപ്പെടുത്താനുള്ള ഉത്തരവിൽ ട്രംപ് ബുധനാഴ്ച വൈറ്റ്ഹൗസിൽ ഒപ്പുവെച്ചു.
ബോൾട്ടെൻറ ‘ദ റൂം വേർ ഇറ്റ് ഹാപ്പൻഡ്: എ വൈറ്റ് ഹൗസ് മെംവാർ’ എന്നു പേരിട്ട പുസ്തകത്തിലെ തെരഞ്ഞെടുത്ത വിവരങ്ങൾ അമേരിക്കയിലെ പ്രധാന പത്രങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈമാസം 23ന് പുറത്തിറങ്ങാനിരിക്കുന്ന പുസ്തകത്തിൽ രഹസ്യ വിവരങ്ങളാണുള്ളതെന്നും വിതരണം താൽക്കാലികമായി തടയണമെന്നുമാവശ്യപ്പെട്ട് യു.എസ് നീതിന്യായ വകുപ്പ് രംഗത്തെത്തി.
പ്രസിദ്ധീകരണം തടയാനുള്ള ശ്രമം രാഷ്ട്രീയ പ്രേരിതമാണെന്നും പുസ്തകത്തിെൻറ ആയിരക്കണക്കിന് കോപ്പികൾ ലോകമെമ്പാടും വിതരണം ചെയ്തതായും പ്രസാധകരായ സിമോൺ ആൻഡ് ഷുസ്റ്റർ അറിയിച്ചു.
ബോൾട്ടൺ നുണയൻ –ട്രംപ്
ജോൺ ബോൾട്ടൺ നുണയനെന്ന് ട്രംപ്. വൈറ്റ് ഹൗസിലെ എല്ലാവരും ബോൾട്ടനെ വെറുത്തിരുന്നതായും ട്രംപ് ഫോക്സ് ന്യൂസ് അഭിമുഖത്തിൽ പറഞ്ഞു. രഹസ്യ സ്വഭാവമുള്ള വിവരങ്ങളാണ് പുസ്തകത്തിലുള്ളത്. ഇവ വെളിപ്പെടുത്താൻ അനുമതി നൽകിയിട്ടില്ല.
യുദ്ധം മാത്രം ആഗ്രഹിക്കുന്ന ആ വിഡ്ഢി, പുറത്താക്കപ്പെടും വരെ തന്നെ കുറിച്ച് നല്ലത് മാത്രമാണ് പറഞ്ഞിരുന്നതെന്നും ട്രംപ് പറഞ്ഞു.
രാഷ്്ട്രീയ ഭാവിക്ക് വേണ്ടി ട്രംപ് ജനങ്ങളെ വിറ്റു –ബൈഡൻ
രാഷ്ട്രീയ ഭാവി സംരക്ഷിക്കുന്നതിനായി അമേരിക്കൻ ജനതയെ ട്രംപ് വിറ്റതായി പ്രസിഡൻറ് തെരഞ്ഞെടുപ്പിലെ പ്രധാന എതിരാളി ജോ ബൈഡൻ. കർഷകർക്കും ഉപഭോക്താക്കൾക്കും നഷ്ടം വരുത്തുന്ന നിസ്സാരമായ വ്യാപാര കരാറുകൾക്ക് വേണ്ടി ജനാധിപത്യ മൂല്യങ്ങളെ വിൽക്കാൻ തയാറായതായും ബൈഡൻ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.