ലോക്ഡൗണിനെതിരെ ബ്രസീലിൽ ആയിരങ്ങൾ തെരുവിലിറങ്ങി; ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രസിഡൻറ്
text_fieldsറിയോ ഡി ജനീറോ: കോവിഡ് മഹാമാരിയുടെ വ്യാപനം തടയാൻ ഗവർണർമാർ പ്രഖ്യാപിച്ച ലോക്ഡൗണിനെതിരെ ബ്രസീലിൽ വൻ പ്രതിഷേ ധം. വിവിധയിടങ്ങളിലായി സംഘടിപ്പിച്ച പ്രതിഷേധ റാലിയിൽ മാസ്കോ മറ്റ് സുരക്ഷാ ഉപാധികളോ ധരിക്കാതെ ആയിരങ്ങളാണ് അണിചേർന്നത്. പ്രസിഡൻറ് ജെയ്ർ ബൊൽസൊനാരോയും പ്രതിഷേധത്തിൽ പങ്കാളിയായിരുന്നു. രാജ്യത്തെ ക്വാറന്റീൻ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നും ലോക്ഡൗൺ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ജനങ്ങൾ ഒത്തുകൂടിയത്. കോവിഡ് നിയന്ത്രണങ്ങളുടെ കാര്യത്തിൽ ബ്രസീലിൽ കേന്ദ്രത്തിനും പ്രദേശിക ഭരണകൂടങ്ങൾക്കും രണ്ടഭിപ്രായമാണുള്ളത്. പ്രസിഡൻറ് ബൊൽസൊനാരോ ലോക്ഡൗൺ രീതികളെ എതിർക്കുമ്പോൾ പ്രാദേശിക ഭരണകൂടങ്ങൾ വലിയ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
തലസ്ഥാന നഗരമായ ബ്രസീലിയയിലെ സൈനിക ആസ്ഥാനത്തിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധത്തിലാണ് ബൊൽസൊനാരോ പിന്തുണയുമായി എത്തിയത്. 600ഒാളം പേർ പങ്കെടുത്ത റാലിയെ സുരക്ഷാ മുൻകരുതലുകളൊന്നുമില്ലാതെ അഭിസംബോധന ചെയ്ത ബൊൽസൊനാരോ പ്രസംഗത്തിനിടെ പല തവണയായി ചുമക്കുകയും ചെയ്തിരുന്നു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാർ മുന്നോട്ട് വച്ച ഐസൊലേഷൻ രീതികളോടും ലോക്ഡൗൺ നിയന്ത്രണങ്ങളോടും കോൺഗ്രസും സുപ്രീംകോടതിയും അനുകൂല നിലപാടാണ് സ്വീകരിച്ചുവരുന്നത്. ബ്രസീലിയൻ കോൺഗ്രസും സുപ്രീംകോടതിയും സൈന്യം ഇടപ്പെട്ട് അടപ്പിക്കണമെന്നും രാജ്യത്ത് പട്ടാള ഭരണം കൊണ്ടുവരണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. കോവിഡ് 19 വൈറസ് ഭീതിയൊഴിവാക്കാൻ രാജ്യത്ത് നടപ്പാക്കിയ നിയന്ത്രണങ്ങൾ പിൻവലിക്കാൻ ആഹ്വാനം ചെയ്യുന്ന പ്രസിഡൻറ് ജെയ്ർ ബൊൽസൊനാരോയുടെ നടപടിയെ ഗവർണർമാർ നിരന്തരം എതിർത്തിരുന്നു.
മാർച്ച് പകുതി മുതൽ ബ്രസീലിലെ സംസ്ഥാനങ്ങളിൽ ഗവർണർമാർ പ്രഖ്യാപിച്ച ലോക്ഡൗൺ വൈറസിനെ തുരത്തുന്നതിനേക്കാൾ ജനങ്ങളുടെ ജീവിതത്തെയും ആരോഗ്യത്തെയുമാണ് കൂടുതൽ ബാധിച്ചിരിക്കുന്നതെന്ന് ബൊൽസൊനാരോ പറഞ്ഞു. അതേസമയം, ഗൗരവമേറിയ സാഹചര്യത്തിൽ ജനങ്ങളെ സുരക്ഷാ മുൻകരുതലേതുമില്ലാതെ ഒരുമിച്ചുകൂട്ടിയ പ്രസിഡൻറിന്റെ നടപടിക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.
നിലവിൽ ലാറ്റിനമേരിക്കയിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ബ്രസീലിലാണ്. 38,654 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ ഇതുവരെ 2,462 രോഗം ബാധിച്ച് മരിച്ചതായാണ് കണക്കുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.