വിക്കിലീക്സിന് രേഖകള്‍ ചോര്‍ത്തി നല്‍കിയ ചെല്‍സി മാനിങ്ങിന്‍െറ ശിക്ഷ ഒബാമ ഇളവുചെയ്തു
text_fieldsവാഷിങ്ടണ്‍: 2010ല്‍ വിക്കിലീക്സിന് തന്ത്രപ്രധാന രേഖകള്‍ ചോര്‍ത്തിനല്‍കിയ മുന്‍ സൈനിക ഇന്‍റലിജന്‍സ് അനലിസ്റ്റ് ചെല്‍സി മാനിങ്ങിന്‍െറ (29) ശിക്ഷ കാലാവധി യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ ഇളവുചെയ്തു. അധികാരമൊഴിയുന്നതോടനുബന്ധിച്ചാണ് ഒബാമയുടെ നടപടി.
മാനിങ്ങിനൊപ്പം 209 തടവുകാരുടെ ശിക്ഷ ഇളവുചെയ്യുകയും 64 പേര്‍ക്ക് മാപ്പുനല്‍കുകയും ചെയ്തിട്ടുണ്ട്. 2010ല്‍ ബഗ്ദാദില്‍ ഇന്‍സലിജന്‍സ് അനലിസ്റ്റായിരിക്കെയാണ് ഭിന്നലിംഗക്കാരിയായ മാനിങ് വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയത്. ഏഴു ലക്ഷത്തോളം രേഖകളും വിഡിയോകളും, ഇറാഖിലും അഫ്ഗാനിസ്താനിലും യു.എസ് യുദ്ധത്തെ കുറിച്ചുള്ള സുപ്രധാന വിവരങ്ങളുമാണ് വിക്കിലീക്സിനു കൈമാറിയത്. യു.എസ് ചരിത്രത്തിലെ ഏറ്റവും വലിയ വിശ്വാസ വഞ്ചനയായാണിത് കണക്കാക്കുന്നത്.
2013ല്‍ ആഗസ്റ്റിലാണ് 35 വര്‍ഷത്തെ തടവിന് മാനിങ്ങിനെ ശിക്ഷിച്ചത്. അതുപ്രകാരം 2045ലാണ് ജയില്‍മോചിതയാവേണത്. എന്നാല്‍, ശിക്ഷ ഇളവുചെയ്തതോടെ ഈ വര്‍ഷം മേയില്‍ അവര്‍ മോചിതയാകും. ഒബാമയുടെ തീരുമാനത്തിനെതിരെ റിപ്പബ്ളിക്കന്‍ പാര്‍ട്ടി പ്രതിഷേധവുമായി രംഗത്തുവന്നു. അപകടകരമായ കീഴ്വഴക്കങ്ങള്‍ സൃഷ്ടിച്ചാണ് ഒബാമ പടിയിറങ്ങുന്നതെന്ന് സ്പീക്കര്‍ പോള്‍ റയാന്‍ കുറ്റപ്പെടുത്തി.
എന്നാല്‍, എഡ്വേഡ് സ്നോഡനെ അപേക്ഷിച്ച് മാനിങ്ങിന്‍െറ കേസ് അടിസ്ഥാനപരമായി വ്യത്യാസമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഒബാമ ഭരണകൂടം നീക്കത്തെ ന്യായീകരിച്ചു. ദേശീയ സുരക്ഷ ഏജന്‍സി കരാര്‍ ഉദ്യോഗസ്ഥനായ സ്നോഡന്‍ രേഖകള്‍ ചോര്‍ത്തിയതിനുശേഷം റഷ്യയില്‍ അഭയം തേടിയിരിക്കുകയാണ്.
കാന്‍സസിലെ ഫോര്‍ട് ലെവന്‍വര്‍തിലെ പുരുഷ തടവുകാര്‍ക്കുള്ള സൈനിക ജയിലിലാണ് മൂന്നാം ലിംഗക്കാരിയായ മാനിങ്ങിനെ പാര്‍പ്പിച്ചിരുന്നത്. ഇതില്‍ പ്രതിഷേധിച്ച് കഴിഞ്ഞവര്‍ഷം മാനിങ് രണ്ടുവര്‍ഷം ആത്മഹത്യ ശ്രമം നടത്തിയിരുന്നു.
ലിംഗമാറ്റ ശസ്ത്രക്രിയക്ക് സൈനികകോടതി അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞവര്‍ഷം ജയിലില്‍ നിരാഹാര സത്യഗ്രഹവും നടത്തി. തുടര്‍ന്ന് ശസ്ത്രക്രിയക്ക് കോടതി അനുമതി നല്‍കിയിരുന്നു. ബ്രാഡ്ലി മാനിങ് സ്ത്രീയായി ജീവിക്കാനാണ് ചെല്‍സി എന്നു പേരു മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.