ലോക്ഡൗണിൽ ഭക്ഷണമില്ല; ചിലിയിൽ ജനങ്ങൾ തെരുവിലിറങ്ങി
text_fieldsസാൻറിയാഗോ: കോവിഡ് മഹാമാരിയെ തുടർന്ന് പ്രഖ്യാപിച്ച ലോക്ഡൗണിൽ ഭക്ഷണം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് ലാറ്റിനമേരിക്കൻ രാജ്യമായ ചിലിയുടെ തലസ്ഥാന നഗരിയിൽ ജനങ്ങൾ തെരുവിലിറങ്ങി. നഗരത്തിലെ ദരിദ്ര വിഭാഗം വസിക്കുന്ന മേഖലയായ എൽ ബോസ്കിലും സമീപ പ്രദേശങ്ങളിലുമാണ് നൂറുകണക്കിന് ആളുകൾ തെരുവിലിറങ്ങിയത്. തുടർന്ന് സംഘർഷാവസ്ഥയിലേക്ക് നീങ്ങുകയും പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടുകയും ചെയ്തു. പ്രതിഷേധകരെ ഒഴിപ്പിക്കാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.
തെരുവിൽ തടിച്ചുകൂടിയ പ്രതിഷേധക്കാർ കല്ലെറിയുകയും വിറകുകൾ കൂട്ടിയിട്ട് കത്തിക്കുകയും മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു. ഏപ്രിൽ പകുതി മുതൽ നഗരം അടച്ചുപൂട്ടിയ നിലയിലായിരുന്നു. തുടർന്ന് എൽ ബോസ്കിൽ വസിക്കുന്ന കുടുംബങ്ങൾ തീർത്തും പട്ടിണിയായതായി മുൻസിപ്പാലിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു. കർശന നിയന്ത്രണങ്ങൾ തുടരുന്നതിനാൽ ഭൂരിഭാഗം ആളുകൾക്കും ജോലിയും നഷ്ടമായി. സംഭവത്തിന് പിന്നാലെ രാജ്യത്ത് എല്ലാവർക്കും ആഹാരം ഉറപ്പാക്കുമെന്ന് പ്രസിഡൻറ് സെബാസ്റ്റ്യൻ പിന്യേറ വ്യക്തമാക്കി. അടുത്ത ആഴ്ചയോടെ 2.5 ദശലക്ഷം ഭക്ഷ്യ, അവശ്യസാധന കിറ്റുകൾ വിതരണം ചെയ്യുമെന്നും പ്രസിഡൻറ് ഉറപ്പുനൽകി.
ലാറ്റിനമേരിക്കൻ രാജ്യമായ ചിലിയിൽ ഇതുവരെ 46,059 പേർക്ക് കൊവിഡ് 19 സ്ഥിരീകരിക്കുകയും 478 പേർ മരിക്കുകയും ചെയ്തു. രാജ്യത്തെ പല നഗരങ്ങളും രോഗ ഭീതിയെ തുടർന്ന് കർശന ലോക്ഡൗണാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ പലയിടങ്ങളിലും ഭക്ഷ്യക്ഷാമം റിപ്പോർട്ട് ചെയ്തതോടെ പ്രതിസന്ധിയിലാണ് രാജ്യം. ചിലി സെനറ്റിലെ ഡസൻ കണക്കിന് അംഗങ്ങളും രണ്ട് മന്ത്രിമാരും കൊവിഡ് രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ടതിനെ തുടർന്ന് ഐസൊലേഷനിൽ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.