ചൈന അയൽക്കാരെ ‘ഇടിച്ച്’ പ്രകോപനമുണ്ടാക്കുന്നു
text_fieldsവാഷിങ്ടൺ: സംഘർഷങ്ങൾ ഒഴിവാക്കി സമ്പദ്വ്യവസ്ഥയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് എല്ലാവരും കരുതുന്ന സമയത്താണ് ചൈന അയൽക്കാരെ ‘ഇടിച്ച്’ പ്രകോപനമുണ്ടാക്കുന്നതെന്ന് ഏഷ്യൻ കാര്യങ്ങളിൽ വിദഗ്ധനായ യു.എസ് മുൻ ഉന്നത നയതന്ത്രജ്ഞൻ. ചൈനീസ് ദേശീയത ഇളക്കിവിടാനുള്ള ശ്രമമാണ് ആ രാജ്യത്ത് നടക്കുന്നതെന്നും ‘ഏഷ്യ സൊസൈറ്റി പോളിസി ഇൻസ്റ്റിറ്റ്യൂട്ട്’ വൈസ് പ്രസിഡൻറ് കൂടിയായ ഡാനിയൽ റസൽ പറഞ്ഞു.
1976ലെ ‘സാംസ്കാരിക വിപ്ലവ’ ശേഷം ചൈനയുടെ സമ്പദ്വ്യവസ്ഥ ഏറ്റവും മോശം നിലയിലാണ്. മൊത്ത ആഭ്യന്തര ഉൽപാദനം 6.8 ശതമാനത്തിലേക്ക് താഴ്ന്നു. കോവിഡ് പ്രതിസന്ധി അക്ഷരാർഥത്തിൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ്വ്യവസ്ഥയെ നിശ്ചലമാക്കി. ഇതിനിടയിലാണ് സംഘർഷത്തിന് ആ രാജ്യം മുതിരുന്നതെന്ന് വിവിധ ഭരണകൂടങ്ങളിൽ ഏഷ്യൻ വിഷയത്തിൽ ഉന്നത പദവി വഹിച്ച റസൽ അഭിപ്രായപ്പെട്ടു.
ഇന്ത്യ-ചൈന സംഘർഷത്തിൽ യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടറെസ് ആശങ്ക രേഖപ്പെടുത്തി. ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
ഇന്ത്യ-ചൈന ബന്ധത്തിലെയും ഇന്തോ-പസഫിക് രാഷ്ട്രീയത്തിലും ഇൗ സംഭവം വഴിത്തിരിവാകുമെന്ന് യു.എസിലെ ‘വിൽസൺ സെൻറർ’ ഏഷ്യ പ്രോഗ്രാം ഡയറക്ടർ എബ്രഹാം ഡെൻമാർക് അഭിപ്രായപ്പെട്ടു. 50 വർഷത്തിനിടെ ഇവിടെ നടക്കുന്ന ഏറ്റവും അപകടകരമായ സംഘർമാണിത്. ഇരുരാജ്യങ്ങളിലും ദേശീയവാദികളാണ് ഭരണത്തിൽ. ഇരുരാജ്യങ്ങളും കോവിഡ് ഭീഷണിമൂലം പൊറുതിമുട്ടുകയുമാണ്.
സംഘർഷം അവസാനിപ്പിക്കാൻ ഏതെങ്കിലും രാജ്യം തയാറാകുമോ എന്നതാണ് ചോദ്യം. ഇന്ത്യയുടെ പുതിയ സുഹൃത്തുക്കളായ ആസ്ട്രേലിയ, ജപ്പാൻ, യു.എസ് തുടങ്ങിയ രാജ്യങ്ങളുടെ സഹായം ഇതിനുണ്ടാകുമോ എന്നതും പ്രധാനമാണ്. ഇത് മൂന്നാംലോക യുദ്ധമൊന്നുമാകില്ല. എന്നാൽ, മേഖലയിൽ യു.എസിൽ സ്വാധീനം വളരെ കുറഞ്ഞ ഘട്ടത്തിൽ രണ്ട് ആണവ ശക്തികൾ തമ്മിലുണ്ടാകുന്ന അത്യന്തം അപകടകരമായ സംഘർഷ സാഹചര്യമാണുണ്ടാക്കുന്നത്. -അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യക്കോ ചൈനക്കോ അത്യധികം പ്രാധാന്യമുള്ള മേഖലയിലല്ല സംഘർഷമുണ്ടായതെന്നും രണ്ടു രാജ്യങ്ങളും യുദ്ധം ഒഴിവാക്കേണ്ടതിെൻറ ആവശ്യകതയെക്കുറിച്ച് തികഞ്ഞ ധാരണയുള്ളവരാണെന്നും ‘വിൽസൺ സെൻററി’ലെ ചൈന-യു.എസ് ബന്ധം സംബന്ധിച്ച ‘കിസിഞ്ചർ ഇൻസ്റ്റിറ്റ്യൂട്ട്’ ഡയറക്ടർ ആയ റോബർട്ട്ഡാലി പറഞ്ഞു. ഗൽവാൻ ഏറ്റുമുട്ടലിെൻറ കൃത്യമായ കാരണങ്ങളറിയാതെ ആരെയും ഇപ്പോൾ കുറ്റപ്പെടുത്താനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സൈനികരുടെ ജീവൻ നഷ്ടമായതിലുള്ള ആശങ്ക അമേരിക്ക അറിയിക്കണം. സ്ഥിതിഗതികൾ കൃത്യമായി വിലയിരുത്തണം. സമാധാനപരമായി അതിർത്തി തർക്കം പരിഹരിക്കാൻ ഇരുരാജ്യങ്ങളേയും പ്രേരിപ്പിക്കണം. കൂടുതൽ നടപടികളെടുക്കാൻ അമേരിക്കക്ക് താൽപര്യമുണ്ടെങ്കിൽ അത് ഐക്യരാഷ്ട്ര സഭ വഴിയാകണം. -ഡാലി കൂട്ടിച്ചേർത്തു.
പ്രതിസന്ധി ഉടൻ തീരില്ലെന്ന് ഇവിടുത്തെ ഏഷ്യ പ്രോഗ്രാം ഡെപ്യൂട്ടി ഡയറക്ടർ ആയ മിഷേൽ കുഗൽമാൻ പറഞ്ഞു. വീണ്ടും ഉന്നത തല ചർച്ചകൾ തുടങ്ങുമോ, അതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമോ തുടങ്ങിയവ പ്രധാനമാണ്. അങ്ങനെ സംഭവിച്ചില്ലെങ്കിൽ മേഖലയിൽ കൂടുതൽ സംഘർഷങ്ങളുണ്ടാകാമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.