യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടൽ ഉണ്ടാകുമെന്ന് സി.ഐ.എ.
text_fieldsവാഷിങ്ടൺ: അമേരിക്കയിൽ ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ചാരസംഘടന സി.ഐ.എ. ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ സി.ഐ.എ തലവൻ മൈക് പോംപിയോ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യൂറോപ്പിലും യു.എസിലും നടത്തുന്ന റഷ്യൻ ഇടപെടലിൽ യാതൊരു കുറവും വന്നിട്ടില്ലെന്നും പോംപിയോ വ്യക്തമാക്കി.
യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടൽ ഉണ്ടായെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. എന്നാൽ, ആരോപണം പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് തള്ളിയിരുന്നു. അതേസമയം, സി.ഐ.എ തലവന്‍റെ പുതിയ വെളിപ്പെടുത്തൽ ട്രംപിന് വലിയ തിരിച്ചടിയാണ്.
ഇതിനിടെ, ട്രംപുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് എഫ്.ബി.ഐ ഡെപ്യൂട്ടി ഡയറക്ടർ ആൻഡ്രു മക്കേവ് രാജിവെച്ചു. ജോലിയിൽ നിന്ന് വിരമിക്കാൻ രണ്ടു മാസം ശേഷിക്കെയാണ് മകേവ് ഡെപ്യൂട്ടി ഡയറക്ടർ പദവി രാജിവെച്ചത്. 2016 മെയിൽ ജയിംസ് കോമിയെ എഫ്.ബി.ഐ മേധാവി സ്ഥാനത്ത് നിന്ന് നീക്കിയപ്പോൾ പകരം ചുമതല വഹിച്ചത് മക്കേവ് ആയിരുന്നു.
ഭാര്യ ജിൽ മകേവ് ഡെമോക്രാറ്റിക് സ്ഥാനാർഥിയായി മൽസരിച്ചപ്പോൾ പ്രവർത്തകരിൽ നിന്ന് പ്രചാരണ ഫണ്ടായി ഏഴു ലക്ഷം ഡോളർ വാങ്ങിയെന്ന് ആരോപണം ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ മുൻ പ്രസിഡന്‍റ് സ്ഥാനാർഥി ഹിലരി ക്ലിന്‍റണിനെതിരായ ഇമെയിൽ വിവാദം അന്വേഷിക്കുന്നത് എങ്ങനെ നീതിപൂർവമാകുമെന്ന് ട്രംപ് ആരോപിച്ചിരുന്നു. കൂടാതെ, തെരഞ്ഞെടുപ്പിൽ ആർക്കാണ് വോട്ട് ചെയ്തതെന്ന് ട്രംപ് മകേവിനോട് ചോദിച്ചതും വിവാദത്തിന് ഇടയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.