കോവിഡ്-19 എങ്ങും പോകില്ല-ലോകാരോഗ്യ സംഘടന
text_fieldsന്യൂയോർക്: കോവിഡ്-19 എച്ച്.ഐ.വിയെ പോലെ പകർച്ചവ്യാധിയായി മാറുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ചില രാജ്യങ്ങൾ ലോക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.
കോവിഡിനെ ഭൂമുഖത്തുനിന്ന് പൂർണമായി തുടച്ചുമാറ്റാനാവില്ല. ജനം അതിനൊപ്പം ജീവിക്കാൻ ശീലിച്ചു തുടങ്ങും. എച്ച്.ഐ.വി നമുക്ക് ഇല്ലാതാക്കാനായിട്ടില്ല. നാം അതിനൊപ്പം ജീവിക്കാൻ ശീലിച്ചു. വൈറസ് ഭൂമുഖത്തുനിന്ന് എപ്പോൾ ഇല്ലാതാകുമെന്ന് ആർക്കും പ്രവചിക്കാനാകില്ല. ഒരു ദീർഘകാല പ്രശ്നമായി അത് നമ്മുടെ കൂടെ കാണും. -ഡബ്ല്യു.എച്ച്.ഒ വിദഗ്ധൻ മൈക് റയാൻ പറഞ്ഞു.
അതേസമയം, കൂട്ടായ പരിശ്രമങ്ങളിലൂടെ വൈറസിനെ നിയന്ത്രിക്കാൻ നമുക്ക് സാധിക്കും. കോവിഡിനെതിരെ ലോകവ്യാപകമായി നൂറിലേറെ വാക്സിനുകളാണ് വികസിപ്പിക്കുന്നത്. ചിലതെല്ലാം ക്ലിനിക്കൽ ട്രയലിലുമാണ്. എന്നാൽ ഏറ്റവും ഫലപ്രദമായ വാക്സിൻ കണ്ടുപിടിക്കാനാവുമോ എന്ന കാര്യത്തിൽ വിദഗ്ധർ പോലും സംശയിച്ചുനിൽക്കുകയാണ്.
മീസിൽസ് പോലുള്ള രോഗത്തിന് നാം വാക്സിൻ കണ്ടുപിടിച്ചു. എന്നാൽ ആ രോഗം പൂർണമായി തുടച്ചുമാറ്റാൻ സാധിച്ചിട്ടില്ല. വൈറസിനു മേൽ പരമാവധി ആധിപത്യം നേടാൻ സാധിച്ചാലേ ഭീതി കുറച്ചെങ്കിലും ഒഴിവാകൂ എന്നും റയാൻ ചൂണ്ടിക്കാട്ടി. വൈറസ് വ്യാപനം തടയാൻ എല്ലാവരുടെയും പിന്തുണ വേണമെന്ന് ഡബ്ല്യു.എച്ച്.ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസൂസ് അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.