ക്യൂബയിൽ സ്വകാര്യ സ്വത്തവകാശം അനുവദിക്കുന്ന പുതിയ ഭരണഘടനയുടെ കരടിന് അംഗീകാരം
text_fieldsഹവാന: കാലോചിത പരിഷ്കാരങ്ങളുമായി മാറ്റത്തിെൻറ വഴിയേ യാത്രതിരിക്കാൻ കമ്യൂണിസ്റ്റ് ക്യൂബയും തീരുമാനിച്ചു. പുതിയ മന്ത്രിസഭാംഗങ്ങളെ തെരഞ്ഞെടുത്തതിനു പിന്നാലെ നിർണായക തീരുമാനങ്ങളടങ്ങിയ ഭരണഘടന ഭേദഗതിയുടെ കരടിന് ദേശീയ അസംബ്ലി അംഗീകാരം നൽകി.
സ്വകാര്യ സ്വത്തവകാശത്തിന് നിയമസാധുത കൽപിക്കുന്നതടക്കം നിരവധി പുരോഗമനപരമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചതാണ് പുതിയ ഭരണഘടന. വിദേശ നിക്ഷേപങ്ങൾക്ക് പ്രാമുഖ്യം നൽകി കമ്യൂണിസ്റ്റ് പാർട്ടിയുടെ പൂർണ നിയന്ത്രണത്തിലുള്ള സ്വതന്ത്ര വിപണി സ്ഥാപിക്കുന്നതുൾെപ്പടെ സമൂല മാറ്റങ്ങളടങ്ങിയ പുതിയ ഭരണഘടനക്ക് ഞായറാഴ്ചയാണ് അസംബ്ലിയുടെ അംഗീകാരം ലഭിച്ചത്.
ഇതുസംബന്ധിച്ച ഹിതപതിശോധന ഇൗ വർഷം അവസാനം നടക്കും. കമ്യൂണിസ്റ്റ് തത്ത്വശാസ്ത്രത്തിൽ മുതലാളിത്തത്തിെൻറ ആണിക്കല്ല് എന്നാണ് സ്വകാര്യ സ്വത്തവകാശത്തെ വിശേഷിപ്പിച്ചിരുന്നത്. കമ്യൂണിസ്റ്റ് സമൂഹം കെട്ടിപ്പടുക്കലാണ് ആത്യന്തിക ലക്ഷ്യമെന്ന ആശയം ഒഴിവാക്കി സോഷ്യലിസ്റ്റ് ആശയങ്ങൾക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. കമ്യൂണിസ്റ്റ് പാർട്ടി തന്നെയാകും തുടർന്നും കാര്യങ്ങൾ നിയന്ത്രിക്കുക.
പ്രസിഡൻറിനൊപ്പം അധികാരം പങ്കുവെക്കാൻ പ്രധാനമന്ത്രിയടക്കം പുതിയ പദവിയും െകാണ്ടുവരും. 60 വയസ്സിൽ താഴെയുള്ളവർക്ക് മാത്രമാണ് ഇനി പ്രസിഡൻറ് പദവി.
അഞ്ചുവർഷം വീതം രണ്ടുതവണ മാത്രം പ്രസിഡൻറാകാനേ പുതിയ കരട് പ്രകാരം സാധിക്കൂ. പുതിയ ഭരണഘടന ക്യൂബൻ ജനതയെ ഒന്നിപ്പിക്കുമെന്നും യഥാർഥ ജനാധിപത്യത്തിന് അടിവരയിടുമെന്നും ഏപ്രിലിൽ റാഉൾ കാസ്ട്രോയുടെ പിൻഗാമിയായി അധികാരമേറ്റ ഡയസ് പറഞ്ഞു.
മുന്‍ പ്രസിഡൻറും ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അധ്യക്ഷനുമായ റാഉള്‍ കാസ്ട്രോയുടെ നേതൃത്വത്തിലുള്ള സമിതിയാണ് ഭരണഘടന പരിഷ്കരിച്ചത്. സോവിയറ്റ് യൂനിയെൻറ പതനത്തിനുശേഷം ക്യൂബ ഒരു പുതിയ യുഗത്തിലേക്കു പ്രവേശിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും സോഷ്യലിസ്റ്റ്, സ്വയംഭരണാധികാര, സ്വതന്ത്ര, ക്ഷേമ, സുസ്ഥിര രാജ്യമാണു ലക്ഷ്യമെന്നും നാഷനൽ അസംബ്ലി അധ്യക്ഷൻ എസ്തബാൻ ലാസോ വ്യക്തമാക്കി.
കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളായ ചൈനയെയും വിയറ്റ്നാമിനെയും പിന്തുടർന്നാണ് ക്യൂബ സ്വതന്ത്ര വിപണിയാകാനുള്ള തയാറെടുപ്പുകൾ നടത്തുന്നത്. ക്യൂബയുടെ പങ്കാളിയായിരുന്ന വെനിേസ്വല പ്രതിസന്ധിയിലായതിനാൽ തന്നെ രാജ്യത്ത് നിക്ഷേപത്തിനും മറ്റുമായി പുതിയ പങ്കാളികളെ തേടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.