അമേരിക്കൻ കണ്ണിലെ കരട്; 637 വധശ്രമങ്ങൾ
text_fieldsഹവാന:‘ഞാന്‍ മുന്നറിയിപ്പു തരുന്നു. ഞാന്‍ ഒരു തുടക്കം മാത്രമാണ്. എന്നെ വിസ്മൃതിയിലേക്ക് മറവുചെയ്യാന്‍ ഒരുപക്ഷേ, ഗൂഢാലോചന നടക്കുന്നുണ്ടാവുമെന്ന് എനിക്കറിയാം. എന്നാല്‍, എന്‍െറ ശബ്ദത്തെ ഞെരുക്കിയമര്‍ത്താന്‍ അവര്‍ക്കു കഴിയില്ല’ -സ്വേച്ഛാധിപതിയായിരുന്ന ജനറല്‍ ഫൂല്‍ജന്‍ഷ്യോ ബാറ്റിസ്റ്റയുടെ സൈന്യത്തിന്‍െറ പിടിയിലായ ശേഷം വിചാരണകോടതിയില്‍ നടത്തിയ ‘ചരിത്രം എന്നെ കുറ്റമുക്തമാക്കു’മെന്ന പ്രസംഗത്തിലായിരുന്നു ക്യൂബന്‍ വിപ്ലവ നായകന്‍ ഫിദല്‍ കാസ്ട്രോയുടെ പ്രഖ്യാപനം. ആ വാക്ക് കാലം ശരിവെച്ചു. ക്യൂബയുടെ വിപ്ലവ സൂര്യന്‍ മരണപ്പെടുന്നതിനും മുമ്പ് അദ്ദേഹത്തെ ഇല്ലാതാക്കുമെന്ന് ശപഥംചെയ്ത അമേരിക്കന്‍ പ്രസിഡന്‍റുമാരും, സി.ഐ.എ തലവന്മാരും മരണപ്പെട്ടിരുന്നു.
1926 ആഗസ്റ്റ് 13ന് ക്യൂബയിലെ ഹോളോഗിന്‍ പ്രവിശ്യയിലെ മയാറിക്കു സമീപത്ത് ബിറാസിലാണ് ഫിദല്‍ അലക്സാന്‍ഡ്രോ കാസ്ട്രോ റൂസ് ജനിച്ചത്. സ്പെയിനില്‍നിന്നു കുടിയേറിപ്പാര്‍ത്ത കരിമ്പിന്‍തോട്ടമുടമ എയ്ഞ്ചല്‍ കാസ്ട്രോയുടെയും ലിന ഗോണ്‍സാലസിന്‍െറയും ഒമ്പതു മക്കളില്‍ അഞ്ചാമനായിരുന്നു ഫിദല്‍ കാസ്ട്രോ. 1945ല്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം ഹവാന സര്‍വകലാശാലയിലെ ലോ സ്കൂളില്‍ ചേര്‍ന്നു.
സര്‍വകലാശാല കാമ്പസില്‍നിന്നാണ് കമ്യൂണിസത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. ക്യൂബന്‍ ചരിത്രത്തിലെ പ്രക്ഷുബ്ധകാലമായിരുന്നു അത്. 1952ല്‍ അഭിഭാഷകനായി പാവങ്ങളെ സേവിക്കുക എന്നത് ദൗത്യമായി സ്വീകരിച്ചു. 1952ല്‍ പ്രസിഡന്‍റ് കാര്‍ലോസ് പ്രിയോ സൊക്കറീസിന്‍െറ സര്‍ക്കാറിനെ ജനറല്‍ ഫൂല്‍ജന്‍ഷ്യോ ബാറ്റിസ്റ്റ സൈനിക അട്ടിമറിയിലൂടെ പുറത്താക്കി. ഭരണഘടന ലംഘിച്ചതിന് സ്വേച്ഛാധിപതിയായ ബാറ്റിസ്റ്റക്കെതിരെ കാസ്ട്രോ കോടതിയെ സമീപിച്ചെങ്കിലും കോടതി ഹരജി തള്ളി. അഭിഭാഷകനായ കാസ്ട്രോക്ക് നിയമപുസ്തകത്തിന്‍െറ പരിമിതി ബോധ്യപ്പെട്ടു.
നിയമത്തിന്‍െറ വഴികള്‍ അടഞ്ഞതോടെ 1953 ജൂലൈ 26ന് കാസ്ട്രോയും 165 പേരും ചേര്‍ന്ന് ഓറിയന്‍റ് പ്രവിശ്യയിലെ മൊണ്‍കാദ ബാരക്കില്‍ ആക്രമണം നടത്തി. ക്യൂബന്‍ ജനകീയ വിപ്ലവത്തിന്‍െറ ആദ്യശംഖനാദം മുഴങ്ങിയത് അന്നാണ്. സാന്‍റിയാഗോയിലെ സൈനികര്‍ക്കുനേരെ വെടിയുണ്ടകള്‍ ചീറിപ്പാഞ്ഞു. പക്ഷേ, പരാജയമായിരുന്നു ഫലം. നിരവധി അനുയായികള്‍ അന്നു കൊല്ലപ്പെട്ടു. ശേഷിച്ചവരെയുംകൊണ്ട് സാന്‍റിയാഗോയിലെ സിയറ മലനിരകളിലേക്ക് രക്ഷപ്പെട്ടുവെങ്കിലും വൈകാതെ പിടിക്കപ്പെട്ടു. കാസ്ട്രോയും അനുജന്‍ റാഉളും ജയിലിലായി. 1953ല്‍ വിചാരണ തുടങ്ങി. 1955ല്‍ കടുത്ത രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്ന് ഭരണകൂടം അദ്ദേഹത്തെ ജയിലില്‍നിന്ന് വിട്ടയച്ചു. തുടര്‍ന്ന് കാസ്ട്രോ മെക്സികോയിലത്തെി.
മെക്സികോയില്‍നിന്ന് ബാറ്റിസ്റ്റയുടെ സര്‍ക്കാറിനെതിരെ ഗറിലാ യുദ്ധമുറയുടെ പ്രയോക്താവായ ഏണസ്റ്റോ ചെഗുവേരയെയും ക്യൂബയില്‍നിന്ന് നാടുകടത്തപ്പെട്ടവരെയും ഒപ്പംകൂട്ടി നടത്തിയ പോരാട്ടം ഇതിഹാസതുല്യമായിരുന്നു. സിയറാ മീസ്ട്രാ പര്‍വതങ്ങള്‍ കേന്ദ്രീകരിച്ച് ബാറ്റിസ്റ്റ സര്‍ക്കാറിനെതിരെ നിരന്തര ആക്രമണം നടത്തി. ഒടുവില്‍ ബാറ്റിസ്റ്റ പരാജിതനായി.
വര്‍ഷങ്ങള്‍ നീണ്ട പോരാട്ടം ജയിച്ച് 1959ല്‍ ക്യൂബയുടെ അധികാരത്തിലേറിയ ഫിദല്‍ ആദ്യം ചെയ്തത് തന്‍െറ കുടുംബത്തിന്‍െറ ഉടമസ്ഥതയിലുള്ള ഭൂമി ദേശസാത്കരിക്കുകയായിരുന്നു. അന്ന് തുടങ്ങിയ വിപ്ളവത്തിന് അല്‍പായുസ്സ് വിധിച്ച സ്വകാര്യ മൂലധനത്തിന്‍െറ വക്താക്കള്‍ക്കെല്ലാം പിഴച്ചു.
തങ്ങളുടെ മൂക്കിന്‍തുമ്പത്തിരുന്ന് അദ്ദേഹം നടത്തിയ വെല്ലുവിളികള്‍ യു.എസിന്‍െറ സാമ്രാജ്യത്വ മോഹങ്ങള്‍ക്ക് ചില്ലറ അസ്വസ്ഥതകളല്ല നല്‍കിയത്. സോവിയറ്റ് യൂനിയന്‍ തകര്‍ച്ചക്കു ശേഷം രാഷ്ട്രീയവും സൈനികവുമായി ഒറ്റപ്പെട്ട ക്യൂബയെ ഞെരിച്ചുകളയുന്നത് നിസ്സാരമായിരിക്കുമെന്ന് കരുതിയവര്‍ക്ക് തെറ്റി. കാസ്ട്രോയെ താഴെയിറക്കാന്‍ നടത്തിയ കുത്സിതശ്രമങ്ങളെല്ലാം പാളി. സി.ഐ.എ കാസ്ട്രോയെ വധിക്കാന്‍ 637 ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ക്യൂബന്‍ ആഭ്യന്തരമന്ത്രാലയം 1999ല്‍ വെളിപ്പെടുത്തുകയുണ്ടായി. നടുവളക്കാത്ത അദ്ദേഹത്തിന്‍െറ നിലപാടുകള്‍ ലോകമെങ്ങുമുള്ള സാമ്രാജ്യത്വ വിരുദ്ധചേരിക്ക് ആവേശമായി. വിമര്‍ശകള്‍ പോലും അദ്ദേഹത്തിന്‍െറ ചങ്കുറപ്പിനെ അംഗീകരിച്ചു. ഫിദല്‍ കാസ്ട്രോയുടെ വിമര്‍ശകരില്‍നിന്നും അനുയായികളില്‍നിന്നും ഒരുപോലെ പഠിക്കാനാവുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ഹെന്‍റി കിസിഞ്ചര്‍ അദ്ദേഹത്തിന്‍െറ ഓര്‍മക്കുറിപ്പില്‍ എഴുതി.
സമത്വസുന്ദര സ്വര്‍ഗമൊന്നുമായില്ളെങ്കിലും അഞ്ചു പതിറ്റാണ്ടോളം രാജ്യം ഭരിച്ച കാസ്ട്രോ ക്യൂബയെ പല മേഖലകളിലും മാതൃകാ സമൂഹമാക്കിയാണ് 2008ല്‍ അധികാരമൊഴിഞ്ഞത്. ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കാലം രാജ്യത്തിന്‍െറ പരമോന്നത സ്ഥാനത്തിരുന്ന ഭരണാധികാരിയെന്ന അപൂര്‍വ ബഹുമതി കാസ്ട്രോ സ്വന്തമാക്കിക്കഴിഞ്ഞിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്നാണ് ക്യൂബയുടെ പ്രസിഡന്‍റ്, കമാന്‍ഡര്‍ ഇന്‍ ചീഫ് സ്ഥാനങ്ങളില്‍നിന്ന് പടിയിറങ്ങിയത്. എന്നാല്‍, കമ്യൂണിസ്റ്റ് സര്‍ക്കാറിന്‍െറ മുഖപത്രമായ ഗ്രാന്‍മയില്‍ ലേഖനമെഴുതിയും പ്രസംഗിച്ചും ക്യൂബന്‍ ജനതയുടെ അഭിലാഷങ്ങള്‍ക്ക് തണലായി തുടര്‍ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.