ബ്രെക്സിറ്റ് തള്ളി ട്രംപ്; ബ്രിട്ടനുമായുള്ള യു.എസ് വ്യാപാരം തകർന്നേക്കും
text_fieldsലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ബ്രെക്സിറ്റ് പദ്ധതികൾ അസംബന്ധമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ബ്രെക്സിറ്റ് യു.എസുമായുള്ള ബ്രിട്ടെൻറ വ്യാപാരബന്ധം ഇല്ലാതാക്കാൻ സാധ്യതയുണ്ടെന്നും ട്രംപ് വ്യക്തമാക്കി.
ട്രംപിെൻറ പരാമർശത്തിനെതിരെ ബ്രിട്ടീഷ് എം.പിമാർ രംഗത്തുവന്നു. രാജ്യത്തെ അപമാനിക്കുന്നതരം പ്രസ്താവനയാണ് ട്രംപിെൻറതെന്ന് അവർ കുറ്റപ്പെടുത്തി. ബ്രെക്സിറ്റ് ചർച്ചകളിൽ മേയുമായി അഭിപ്രായവ്യത്യാസങ്ങളുണ്ടായതിനെ തുടർന്ന് ദിവസങ്ങൾക്കു മുമ്പ് വിദേശകാര്യ-ബ്രെക്സിറ്റ് മന്ത്രിമാർ രാജിവെച്ചിരുന്നു. മന്ത്രിമാരുടെ രാജി തെരേസ മേയ് സർക്കാറിനെ ഉലച്ചിരിക്കുകയാണ്. ആ പശ്ചാത്തലത്തിലാണ് ട്രംപിെൻറ വിവാദ പ്രസ്താവന. ബ്രെക്സിറ്റ് നടപ്പാകുന്നതോടെ ബ്രിട്ടനെ ഉപേക്ഷിച്ച് യൂറോപ്യൻ യൂനിയനുമായി വ്യാപാരബന്ധം ശക്തമാക്കുമെന്നും ട്രംപ്, റൂപർട് മർഡോക്കിെൻറ ഉടമസ്ഥതയിലുള്ള സൺ പത്രത്തിനു നൽകിയ അഭിമുഖത്തിൽ സൂചിപ്പിച്ചു.
ബ്രെക്സിറ്റ് നടപടികളെ കുറിച്ച് താൻ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് നിർദേശങ്ങൾ നൽകിയിരുന്നു. എന്നാൽ, അവർ അത് അംഗീകരിക്കാൻ തയാറായില്ല. എന്നെ കേൾക്കാൻപോലും അവർ തയാറായില്ല.
രാജിവെച്ച വിദേശ കാര്യ സെക്രട്ടറി ബോറിസ് ജോൺസൺ പ്രതിഭയുള്ള മനുഷ്യനാണെന്നും രാജിവെച്ചതിൽ നിരാശയുണ്ടെന്നും അദ്ദേഹത്തിന് മികച്ച പ്രധാനമന്ത്രിയാകാൻ സാധിക്കുമെന്നും ട്രംപ് പ്രശംസിച്ചു. ലണ്ടൻ മേയർ സാദിഖ് ഖാനെ വിമർശിക്കാനും മടിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.