ഇന്ത്യക്കാരുടെ നെഞ്ചിടിപ്പേറ്റി ട്രംപ്; എച്ച്1ബി വിസ മരവിപ്പിക്കാൻ നീക്കം
text_fieldsവാഷിങ്ടൺ: കൊറോണ വൈറസ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ എച്ച്1ബി വിസ അടക്കമുള്ള തൊഴില്‍ വിസകള്‍ നിര്‍ത്തലാക്കാന്‍ അമേരിക്കന്‍ പ്രസിഡൻറ് ഡൊണാള്‍ഡ് ട്രംപ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരെ അടക്കം ബാധിക്കുന്നതാണ് പുതിയ റിപ്പോർട്ട്. വിസ സസ്പെന്‍ഡ് ചെയ്യുകയാണെങ്കിൽ നിരവധി പേർക്ക് ജോലി നഷ്ടമാകും.
കോവിഡ് 19 പടര്‍ന്നു പിടിച്ചതോടെ അമേരിക്കയില്‍ തൊഴില്‍രഹിതരുടെ എണ്ണത്തിൽ ഗണ്യമായ വര്‍ധനയുണ്ടായതാണ് നീക്കത്തിന് പിന്നിലെന്നാണ് സൂചന. തൊഴിൽരഹിതർ കൂട്ടമായി ഭരണകൂടത്തിനെതിരെ തിരിഞ്ഞതും പ്രസിഡൻറ് തെരഞ്ഞെടുപ്പ് കാത്ത് കഴിയുന്ന ട്രംപിന് തലവേദനയായി. ഒക്ടോബര്‍ ഒന്നിന് അമേരിക്കയില്‍ പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങുന്നതോടെ പുതിയ വിസകള്‍ അനുവദിക്കാൻ തുടങ്ങും. അതിനുമുമ്പായി വിസ പുതുക്കല്‍ നിര്‍ത്താനാണ് ട്രംപിെൻറ നീക്കമെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇത് നടപ്പാക്കുകയാണെങ്കിൽ എച്ച്1ബി വിസയുള്ള വിദേശികള്‍ക്ക് വിസ സസ്പെന്‍ഷന്‍ പിന്‍വലിക്കാതെ അമേരിക്കയിലേക്ക് തിരികെ പ്രവേശിക്കാനാകില്ല. ഐടി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് സാധാരണയായി എച്ച്1ബി വിസ അനുവദിക്കാറുള്ളത്. ഇന്ത്യക്കാരാണ് ഈ വിസയുടെ പ്രധാന ഉപയോക്താക്കള്‍. അതിനാല്‍ ആയിരക്കണക്കിന് ഇന്ത്യന്‍ ഐടി ജീവനക്കാരെ വിസ സസ്പെന്‍ഷൻ കാര്യമായി ബാധിച്ചേക്കും. കോവിഡ് കാരണം എച്ച്1 ബി വിസയിലുള്ള നിരവധി ഇന്ത്യക്കാര്‍ തൊഴിൽ നഷ്ടമായതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങേണ്ടിവന്നിരുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്. തൊഴിൽ നഷ്ടമായതും തൊഴിലില്ലാത്തവരുമായ അമേരിക്കന്‍ പൗരന്മാര്‍ക്ക് തൊഴിൽ ലഭിക്കാൻ കരിയര്‍ വിദഗ്ധര്‍ മുന്നോട്ടുവച്ച നിരവധി ആശയങ്ങള്‍ ഭരണകൂടം നിലവിൽ പഠിച്ചുവരികയാണ്. ഇതില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും വൈറ്റ്ഹൗസ് വക്താവ് ഹോഗൻ ഗൈഡ്ലീ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.