ട്രംപ് വൈറ്റ് ഹൗസിൽ സുരക്ഷിതനല്ലെന്ന് മുൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിൽ സുരക്ഷിതനല്ലെന്ന് മുൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ ഡാൻ ബോൻജിനോയുടെ മുന്നറിയിപ്പ്. ഭീകരാക്രമണമുണ്ടായാൽ രഹസ്യാന്വേഷണ വിഭാഗത്തിനുപോലും ട്രംപിനെ രക്ഷിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞയാഴ്ച വൈറ്റ് ഹൗസിെൻറ മതിൽ ചാടിക്കടന്ന് അതിസുരക്ഷ മേഖലയിൽ 17 മിനിറ്റോളം ചുറ്റിനടന്നയാൾ അറസ്റ്റിലായതിനു ശേഷമാണ് മുൻ യു.എസ് പ്രസിഡൻറുമാരായ ബറാക് ഒബാമക്കും ജോർജ് ഡബ്ല്യു. ബുഷിനും സുരക്ഷയൊരുക്കിയിട്ടുള്ള ബോൻജിനോ അഭിപ്രായം പ്രകടിപ്പിച്ചത്. ഇൗ സമയം ട്രംപ് വൈറ്റ് ഹൗസിലുണ്ടായിരുന്നു. അതിക്രമിച്ചു കയറിയ കാലിഫോർണിയ സ്വദേശി ജൊനാഥൻ ടി. ട്രാനെയാണ് പിടികൂടിയത്.
എന്നാൽ, ഇൗ സംഭവം അധികൃതർ വേണ്ടത്ര ഗൗരവമായെടുത്തില്ലെന്നാണ് ബോൻജിനോയുടെ വാദം. വൈറ്റ് ഹൗസിലെ സുരക്ഷ വിഭാഗത്തിന് വേണ്ടത്ര സംവിധാനങ്ങളോ ഉദ്യോഗസ്ഥരോ ഇല്ല. 40 തീവ്രവാദികൾ ഒരുമിച്ച് വൈറ്റ് ഹൗസ് ആക്രമിക്കുകയാണെങ്കിൽ അവർക്ക് ട്രംപിനെ രക്ഷിക്കാനാവില്ല. ഭീകരർ വൈറ്റ് ഹൗസ് ആക്രമിക്കാൻ തക്കംപാർത്തിരിക്കുകയാണെന്നും അേദ്ദഹം കൂട്ടിച്ചേർത്തു.
നേരത്തേ പലതവണ വൈറ്റ് ഹൗസിൽ സുരക്ഷവീഴ്ചകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ, ട്രംപ് പ്രസിഡൻറ് ആയതിനുശേഷം ആദ്യമായാണ് ഇത്തരത്തിലൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം ന്യൂയോർക്കിലെ ഉദ്യോഗസ്ഥെൻറ രഹസ്യവിവരങ്ങൾ സൂക്ഷിച്ച ലാപ്ടോപ് കളവുപോയതായി രഹസ്യാന്വേഷണ വിഭാഗം പറഞ്ഞിരുന്നു. രണ്ടു സംഭവങ്ങളിലും റിപ്പബ്ലിക്കൻ അംഗവും ഹൗസ് ഒാവർസൈറ്റ് കമ്മിറ്റി ചെയർമാനുമായ ജാസൺ ഷഫറ്റ്സ് രഹസ്വാന്വേഷണ വിഭാഗത്തെ വിമർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.